ദിനേശ് ബീഡിയാണ് പുള്ളിയുടെ അന്നത്തെ പ്രധാന ഭക്ഷണം; അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്; 'ഞാനാദ്യം മുഖം കാണിച്ച സിനിമയിലെ നായകന്‍ താങ്കളായിരുന്നു എന്ന് 'ഷട്ടര്‍' ഷൂട്ടിംഗ് വേളയില്‍ ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു: കുറിപ്പുമായി ജോയ് മാത്യു
കുറിപ്പുമായി ജോയ് മാത്യു
കൊച്ചി: സ്വയം പരിഹസിക്കാന്‍ കഴിവുണ്ടാവുകയാണ് ഒരു കലാകാരന് അത്യാവശ്യം വേണ്ടതെന്ന തിരിച്ചറിവാണ് ശ്രീനിയേട്ടന്റെ തൂലികയുടെ യൗവ്വനമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. 'പരിഹാസത്തിന്റെ വജ്രസൂചികള്‍ കുഞ്ചന്‍ നമ്പ്യാരില്‍ തുടങ്ങി വി കെ എന്നിലൂടെ പടര്‍ന്ന് ശ്രീനിവാസനില്‍ എത്തി നില്‍ക്കുന്നു. കാലം മായ്ക്കാത്ത പരിഹാസത്തിന്റെ ജീവനുള്ള മുറിവുകളായി അവ മലയാളിയുടെ ജീവിതത്തില്‍ എക്കാലവും ചിരിച്ചും ചിരിപ്പിച്ചും നീറിക്കൊണ്ടിരിക്കും' അദ്ദേഹം ഫേ്‌സ്ബുക്കില്‍ കുറിച്ചു. 'സംഘഗാനം' എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകളിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ് തുടങ്ങുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ആദ്യ സംവിധാന സംരംഭമായ 'ഷട്ടര്‍' സിനിമയില്‍ അഭിനയിക്കാന്‍ വന്ന ശ്രീനിയേട്ടനോട് ചിത്രീകരണത്തിന്റെ ഒരിടവേളയില്‍ ഞാന്‍ പറഞ്ഞു 'ഞാനാദ്യം മുഖം കാണിച്ച സിനിമയിലെ നായകന്‍ താങ്കളായിരുന്നു. അതേത് സിനിമ എന്നായി ശ്രീനിയേട്ടന്‍ 'സംഘഗാനം' ഞാന്‍ മറുപടി പറഞ്ഞു.
സത്യത്തില്‍ ബക്കര്‍ സംവിധാനം ചെയ്ത ആ സിനിമയില്‍ ഞാനൊരു അഭിനേതാവായിട്ടല്ല എത്തിയത്. എന്റെ നാടകഗുരു മധു മാഷ്, ഗൗതമന്‍ എന്ന പ്രധാനപ്പെട്ട ഒരു വേഷം ആ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 'സംഘഗാനം' എന്ന സിനിമ അക്കാലത്തെ മലയാളത്തിലെ ന്യൂ വേവ് അഥവാ ആര്‍ട്ട് സിനിമ എന്ന ഗണത്തിലാണ് പെടുക. ദാരിദ്ര്യം അത്തരം സിനിമകളുടെ കൂടെപ്പിറപ്പുമാണല്ലോ !
മുത്തപ്പന്‍ കാവിനു സമീപത്തുള്ള നാടകകലാകാരനായ രാഘവന്‍ മേസ്ത്രിയുടെ തയ്യല്‍ക്കടയായിരുന്നു സിനിമയുടെ ഓഫീസ് -അതിന്റെ വരാന്തയിലെ കസേരയിലോ ചവിട്ടു പടിയിലോ ആയിരിക്കും ചിത്രത്തിലെ നായകനായ ശ്രീനിവാസന്‍ വിശ്രമിക്കുക. ദിനേശ് ബീഡിയാണ് പുള്ളിയുടെ പ്രധാന ഭക്ഷണം. അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്.(പി എ ബക്കറിന്റെ തന്നെ 'മണിമുഴക്കം'എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു ചെറിയ വേഷത്തിലൂടെ എന്നെപ്പോലുള്ളവരെ അന്നുതന്നെ ശ്രീനിവാസന്‍ അത്ഭുതപ്പെടുത്തിയിരുന്നു -അതിനാല്‍ അല്പം ആദരവൊക്കെ ഞങ്ങള്‍ അങ്ങേര്‍ക്ക് കൊടുത്തിരുന്നു).
കരിമ്പനപ്പാലത്തെ വാസുദേവന്‍ എന്ന കെ വി ദേവും പച്ചക്കറി ബാബുവും നാമ്പോലന്‍ രവിയും ഉണ്ണി ജൂനിയറും ഉണ്ണി സീനിയറും നാടന്‍ വാറ്റ് കച്ചവടക്കാരന്‍ അപ്പുവും തുടങ്ങി നിരവധി മനുഷ്യരുടെ സംഘമായിരുന്നു 'സംഘഗാനം 'സിനിമയുടെ സംഘാടനത്തിനു പിന്നില്‍.എം എന്‍ കാരശ്ശേരി മാഷിന്റെ സഹോദരന്‍ സലാം കാരശ്ശേരിയായിരുന്നു നിര്‍മ്മാതാവ്.
സിനിമയുടെ അവസാന രംഗത്ത് ഗൗതമന്‍ എന്ന വിപ്ലവകാരിയായ കഥാപാത്രം പോലീസ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നു. അയാളുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നയിക്കുന്നത് ശ്രീനിവാസന്റെ കഥാപാത്രമാണ് അപ്പോള്‍ ഘോഷയാത്രയില്‍ ജനക്കൂട്ടം വേണം. ഇന്നത്തെപ്പോലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പ്രൊഫഷണല്‍സ് ഇല്ലാത്ത കാലം. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് ആള്‍ക്കൂട്ടത്തില്‍ പങ്കെടുക്കാമെന്ന് ഏറ്റതെങ്കിലും വിചാരിച്ചത്ര ആള്‍ബലം ഇല്ലാതായപ്പോള്‍ സംവിധായകന്‍ സംഘാടകരായ ഞങ്ങളോട് ആള്‍കൂട്ടത്തില്‍ നില്‍ക്കാന്‍ പറഞ്ഞു. ഭാഗ്യത്തിന് ശ്രീനിവാസന്റെ തൊട്ടുപിന്നില്‍ എനിക്ക് സ്ഥാനം കിട്ടി.ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍ ഒരു പൊട്ടുപോലെ എന്നെയും അതില്‍ കാണാം എന്ന് മാത്രം -അങ്ങനെ ഞാന്‍ താങ്കളോടൊപ്പമാണ് ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്.
'ഷട്ടര്‍ 'ചിത്രീകരണ സമയത്ത് ആ പഴയകാലവും കഥാപാത്രങ്ങളും ഞങ്ങളിരുവരും ഓര്‍മ്മിച്ചെടുത്തു;ചിരിച്ചും ചിരിപ്പിച്ചും പണ്ടാരമടങ്ങി. പിന്നെ എത്രയെത്ര സിനിമകളിലും അല്ലാതെയും കണ്ടു, കേട്ടു, ചിരിച്ചുമറിഞ്ഞു ! സ്വയം പരിഹസിക്കാന്‍ കഴിവുണ്ടാവുകയാണ് ഒരു കലാകാരന് അത്യാവശ്യം വേണ്ടതെന്ന തിരിച്ചറിവാണ് ശ്രീനിയേട്ടന്റെ തൂലികയുടെ യൗവ്വനം എന്നെനിക്ക് തോന്നുന്നു. പരിഹാസത്തിന്റെ വജ്രസൂചികള്‍ കുഞ്ചന്‍ നമ്പ്യാരില്‍ തുടങ്ങി വി കെ എന്നിലൂടെ പടര്‍ന്ന് ശ്രീനിവാസനില്‍ എത്തി നില്‍ക്കുന്നു. കാലം മായ്ക്കാത്ത പരിഹാസത്തിന്റെ ജീവനുള്ള മുറിവുകളായി അവ മലയാളിയുടെ ജീവിതത്തില്‍ എക്കാലവും ചിരിച്ചും ചിരിപ്പിച്ചും നീറിക്കൊണ്ടിരിക്കും, വിട ശ്രീനിയേട്ടാ വിട.
