ലണ്ടന്‍: മുള്ളുകൊണ്ട് മുള്ളെടുക്കുന്ന വിദ്യ മൊബൈല്‍ ഫോണ്‍ രംഗത്തും പരീക്ഷിക്കാനൊരുങ്ങുകയാണ് ഫിന്നിഷ് ഫോണ്‍ ബ്രാന്‍ഡ് ആയ എച്ച് എം ഡി. അടുത്ത കാലം വരെ നോക്കിയ ബ്രാന്‍ഡില്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ് സെറ്റുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ് എച്ച് എം ഡി. ഇപ്പോഴിതാ ആളുകളുടെ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ പരിഹരിക്കുന്നതിനായി പുതിയ ബാര്‍ബി തീംഡ് ഫോണ്‍ വിപണിയില്‍ ഇറക്കുന്നു.

നേരത്തെ നോക്കിയ ബ്രാന്‍ഡില്‍ ആയിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും, അടുത്തിടെയായി സ്വന്തം ബ്രാന്‍ഡിലാണ് കൂടുതലായി ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നത്. അടുത്തിടെ ഇറങ്ങിയ എച്ച് എം ഡി പള്‍സ് ലൈന്‍ അപ് അതിനൊരു ഉദാഹരണമാണ്. 59 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള ഇത് ഉപയോക്താക്കള്‍ക്ക് സ്വയം റിപ്പയര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ട്. 99 പൗണ്ട് മുതലാണ് വില ആരംഭിക്കുന്നത്.

എച്ച് എം ഡിയുടെ ഏറ്റവും പുതിയ ഫോണ്‍ വരുന്നത് ബാര്‍ബി സങ്കല്പത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ്. ഡിജിറ്റല്‍ വിഷാംശങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം എന്ന് കമ്പനി അവകാശപ്പെടുന്നു. പഴയ ഫ്‌ലിപ് ഫോണിന്റെ രൂപത്തിലും വലിപ്പത്തിലും രൂപ കല്പന ചെയ്തിരിക്കുന്ന ഈ ഫോണ്‍ അതിന്റെ പെട്ടിയില്‍ നിരവധി ബാര്‍ബി ഡോളുകളുമായാണ് വരുന്നത്. ഹാന്‍ഡ് സെറ്റിന്റെ മുന്‍ ഭാഗത്ത് കണ്ണാടിയാണ് ഉള്ളത്. യാത്രയിലാകുമ്പോഴും നിങ്ങളുടെ മുഖം പരിശോധിക്കാന്‍ ഇത് സഹായിക്കും.

ഫോണ്‍ വിളിക്കുന്നതിനും സ്വീകരിക്കുന്നതിനും അതുപോലെ ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഈ ഫോണിന് കഴിയും. എന്നാല്‍, സമൂഹ മാധ്യമ ആപ്പുകള്‍ ഒന്നും തന്നെ ഇതില്‍ ഉണ്ടായിരിക്കില്ല. ഡിജിറ്റല്‍ വെല്‍ ബിയിംഗ് ടിപ്സുമായാണ് ഇത് വരുന്നത്. അതുപോലെ മാറ്റി വയ്ക്കാവുന്ന കവറുകളും ബേസിക് ക്യാമറയും ഇതിനുണ്ടായിരിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഉണ്ടാകുന്ന ഡിജിറ്റല്‍ മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ ആഗ്രഹിക്കുന്നതായി ഒരു പഠനത്തില്‍ നിന്നും വ്യക്തമായതായി കമ്പനി പറയുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ 1990 കളിലേയും 2000 ങ്ങളിലെയും അടിസ്ഥാന മോഡലുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു.

ആഗസ്റ്റ് 28 മുതല്‍ ഈ ഫോണ്‍ ബ്രിട്ടീഷ് വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ആര്‍ഗോസില്‍ നിന്നും വോഡാഫോണില്‍ നിന്നും ഇത് ലഭ്യമാകും. ഇത് വാങ്ങുമ്പോള്‍ 30 ദിവസത്തെ ഒരു കൂളിംഗ് ഓഫ് പിരീഡും എച്ച് എം ഡി നല്‍കുന്നുണ്ട്. ഇക്കാലയളവില്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും.