ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ ശരിവെച്ച് ഒരു കണ്ടെത്തല്‍ കൂടി; പുരാതന സൂക്ഷ്മജീവികളുടെ തെളിവുകള്‍ കണ്ടെത്തിയതായി നാസ; ചെറിയ ജീവജാലങ്ങളുടെ നിലനില്‍പ്പിലേക്ക് വിരല്‍ചൂണ്ടി 'പോപ്പി വിത്തുകള്‍'

ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ ശരിവെച്ച് ഒരു കണ്ടെത്തല്‍ കൂടി

Update: 2025-09-11 06:56 GMT

ചൊവ്വയില്‍ പുരാതന സൂക്ഷ്മജീവികളുടെ തെളിവുകള്‍ കണ്ടെത്തിയതായി നാസ പ്രഖ്യാപിച്ചു. പെര്‍സെവറന്‍സ് റോവര്‍ ശേഖരിച്ച ഒരു സാമ്പിള്‍ ചൊവ്വാ ഗ്രഹത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വ്യക്തമായ ജീവന്റെ അടയാളമായി പ്രഖ്യാപിച്ചതായി നാസയുടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫി പറഞ്ഞു. ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനം ഇക്കാര്യം വ്യക്തമാക്കിയത്.

പുരാതന ചൊവ്വയിലെ പാറകളിലെ അസാധാരണമായ പാടുകളും വിത്ത് പോലുള്ള ആകൃതികളും ഗവേഷകര്‍ പരിശോധിച്ചുവരികയാണ്. ഇവയെല്ലാം തന്നെ ഒരു കാലത്ത് ഇവിടെ ചെറിയ ജീവജാലങ്ങളുടെ നിലനില്‍പ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'പോപ്പി വിത്തുകള്‍' എന്നും 'പുലി പാടുകള്‍' എന്നും വിളിപ്പേരുള്ള ഈ സവിശേഷതകള്‍, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നദി നിലനിന്നിരുന്ന ജെസെറോ ഗര്‍ത്തത്തിന്റെ ഭാഗമായ നെരെത്വ വാലിസിലെ ചെളി പോലുള്ള പാറകളിലാണ് കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയില്‍ മിക്ക ജീവജാലങ്ങളും ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ കണ്ടെത്തിയ ഈ ചെറിയ അടയാളങ്ങള്‍

ചൊവ്വയിലെ ജീവന്റെ നിലനില്‍പ്പിലേക്ക് വിരല്‍ ചൂണ്ടിയതെങ്ങനെയെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍ ജോയല്‍ ഹുറോവിറ്റ്സ് വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എങ്കിലും ഇക്കാര്യം പുറത്തു വിടുന്നതിന് മുമ്പായി ശാസ്ത്രജ്ഞര്‍ നെരെത്വ വാലിസില്‍ നിന്ന് കൂടുതല്‍ ഡാറ്റ ശേഖരിക്കുകയും മറ്റ് ഗവേഷകരുമായി ഇതിന്റെ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഹുറോവിറ്റ്സ് അഭിപ്രായപ്പെട്ടു.

ഇക്കാര്യം യാഥാര്‍ത്ഥ്യമായിരിക്കാം എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. റോവറിന്റെ ഉപകരണങ്ങള്‍ ഈ പാടുകളില്‍ ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. 2021 മുതല്‍ നാസയുടെ റോബോട്ട് ഭൂമിയിലേക്ക് ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുവരുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ ഒഴുകുന്ന വെള്ളത്തില്‍ നിന്ന് അവശേഷിക്കുന്ന സ്ഫടിക ഖരവസ്തുക്കളും, ജൈവ സംയുക്തങ്ങളും സൂക്ഷ്മജീവികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഊര്‍ജ്ജ സ്രോതസ്സും അടങ്ങിയ ഒരു ചുവപ്പ് നിറത്തിലുള്ള പ്രദേശവും വെളിപ്പെടുത്തുന്നു.

2024 ജൂലൈ 21 ന്, ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട പുരാതന നദീതടമായ നെരെത്വ വാലിസിന്റെ വടക്കേ അറ്റത്ത് പര്യവേക്ഷണം നടത്തുന്നതിനിടെ, പെര്‍സെവെറന്‍സ് പുതിയ ജീവന്‍ തെളിയിക്കുന്ന പാറകള്‍ ശേഖരിച്ചിരുന്നു. ചൊവ്വാ ഗ്രഹത്തെക്കുറിച്ചുള്ള 30 വര്‍ഷത്തെ ഗവേഷണത്തിന്റെ പരിസമാപ്തിയാണ് ഇന്നലത്തെ പ്രഖ്യാപനമെന്നാണ് നാസ പറയുന്നത്. നേരത്തേ ട്രംപ് ഭരണകൂടം നാസയ്ക്കുള്ള ബജറ്റ് നിര്‍ദ്ദേശത്തില്‍ നിന്ന് ചൊവ്വ സാമ്പിള്‍ വീണ്ടെടുക്കല്‍ ദൗത്യം ഒഴിവാക്കിയിരുന്നു.

Tags:    

Similar News