എട്ടു വര്‍ഷത്തിന് ശേഷം ഭൂമിക്ക് നേരെ പാഞ്ഞടുക്കുക ഒരു നഗരം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ കെല്‍പ്പുള്ള ഛിന്നഗ്രഹം; അപകട സാധ്യത ഉയര്‍ന്നെന്ന് സ്ഥിരീകരിച്ച് നാസയും
എട്ട് വര്‍ഷത്തിന് ശേഷം ഭൂമിക്ക് നേരേ പാഞ്ഞടുക്കുന്ന കൂറ്റന്‍ ഛിന്നഗ്രഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടസാധ്യ ഉയര്‍ന്നതായി അമേരിക്കന്‍ ബഹിരകാശ ഏജന്‍സിയായ നാസയും സ്ഥിരീകരിച്ചിട്ടുണ്ട്. 2032 ഡിസംബര്‍ 22 നാണ് 2024 വൈ.ആര്‍ 24 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുന്നത്. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനമായി ഉയര്‍ന്നിരിക്കുന്നു എന്നാണ് നാസയുടെ അറിയിപ്പ്. നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്ന് അഞ്ച് ശതമാനം വര്‍ദ്ധനയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടില്‍ ഉള്ളത്.
130 അടി ഉയരവും 300 അടി വിസ്തീര്‍വുമാണ് ഇതിനുള്ളത്. അമേരിക്കയിലെ വിഖ്യാതമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ വലിപ്പമാണ് ഇതിനുള്ളതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയുടെ ഉപരിതലത്തിലേക്ക് ഈ ഛിന്നഗ്രഹം പ്രവേശിച്ചാല്‍ ആകാശത്ത് വെച്ച് തന്നെ അത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്ഫോടകശേഷി എട്ട് മെഗാടണ്‍ ടി.എന്‍.ടിആയിരിക്കും. അതായത് ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ 500 ഇരട്ടി ശക്തിയായിരിക്കും ഇതിന് ഉണ്ടായിരിക്കുക എന്നാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ കണക്കുകൂട്ടുന്നത്. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ് മൈല്‍ വിസ്തൃതിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. ഭൂമിയിലെ ഡിനോസറുകളെ ഒന്നടങ്കം ഇല്ലാതാക്കി എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ 2024 വൈ.ആര്‍ 24 ന്റെ വരവ് ആഗോളപ്രശ്നമായി മാറാന്‍ സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. എങ്കിലും പതിക്കുന്ന മേഖലയില്‍ ഇത് വന്‍ നാശനഷ്ടം വിതയ്ക്കുമെന്ന് ഉറപ്പാണ്. ഒരു നഗരത്തെ തന്നെ ഇല്ലാതാക്കാന്‍ ശക്തിയുള്ള ഈ ഛിന്നഗ്രഹത്തെ സിറ്റി കില്ലര്‍ എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇത് വളരെ അപൂര്‍വ്വമായ അവസ്ഥയാണ് എന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രധാന ചുമതലക്കാരനായ റിച്ചാര്‍ഡ് മൊയ്സല്‍ പറയുന്നത്. ഒരു ഗ്രഹത്തെ മുഴുവനായി നശിപ്പിക്കാനുള്ള ശേഷി ഈ ഛിന്നഗ്രഹത്തിനില്ലെന്നും ഒരു നഗരം നശിപ്പിക്കാന്‍ മാത്രമേ ഇതിന് കഴിയൂ എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഛിന്നഗ്രഹം തന്നെയാണ് ഇതെന്ന കാര്യവും അവര്‍ സമ്മതിക്കുന്നു.
2004 ല്‍ അപോഫിസ് എന്ന ഛിന്നഗ്രഹം 2029 ല്‍ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും പിന്നീട് ഇതിനുള്ള സാധ്യതകള്‍ ഗവേഷകര്‍ തന്നെ തള്ളിക്കളയുകയായിരുന്നു. 2024 ഡിസംബര്‍ 27 നാണ് ചിലിയിലെ ഒരു വാനനിരീക്ഷണ കേന്ദ്രമാണ് 2024 വൈ.ആര്‍ 24 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1908 ല്‍ ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം സൈബിരിയയില്‍ പതിച്ചപ്പോള്‍ 80 ദശലക്ഷം മരങ്ങളാണ് നശിച്ചത്. 830 മൈല്‍ ദൂരത്തില്‍ സ്ഥലങ്ങളും നശിച്ചിരുന്നു. നാസയുടെ കൈവശമുള്ള ഏറ്റവും ആധുനിക സംവിധാനങ്ങള്‍ ഉള്ള ജെയിംസ് വെബ്സ്പേസ് ടെലസ്‌ക്കോപ്് ഈ ഛിന്നഗ്രഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുകയാണ്.