ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തിയേക്കാം; ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്

Update: 2025-05-22 04:12 GMT

രു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവെന്നാണ് സൂചന. ശരിക്കും ഇത്തരമൊരു അവസ്ഥയെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും നമുക്കിേല്ലെങ്കിലും ചില തയ്യാറെടുപ്പുകള്‍ പല രാജ്യങ്ങളിലും

ആരംഭിച്ചിട്ടുണ്ട്. സൗര കൊടുങ്കാറ്റ് ഭൂമിയില്‍ പതിക്കുന്നതായി സങ്കല്‍പ്പിച്ച്് കൊണ്ട് ഒരു മോക്ക് ഡ്രില്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം  മെയ് മാസത്തില്‍ സംഘടിപ്പിച്ചിരുന്നു. വൈദ്യുതി ഗ്രിഡുകള്‍ തകരാറിലായതായും, വൈദ്യുതി തടസ്സപ്പെട്ടതായും, യുഎസിലുടനീളം ആശയവിനിമയം തകരാറിലായതായും കാട്ടിക്കൊണ്ടാണ് ഇത് നടത്തിയത്. വ്യത്യസ്ത തീവ്രതയുള്ള ഭൂകാന്തിക കൊടുങ്കാറ്റുകളുടെ നാല് സിമുലേഷനുകള്‍ ഈ മോക്ക് ഡ്രില്ലില്‍ ഉണ്ടായിരുന്നു. വൈദ്യുതി ഗ്രിഡുകള്‍ മാത്രമല്ല, റെയില്‍വേകളും പൈപ്പ്‌ലൈനുകളും ഓഫ്‌ലൈനില്‍ തടസ്സപ്പെട്ടു. ഇത് യാത്രയില്‍ വലിയ തടസ്സങ്ങള്‍ക്കും വാതക വില വര്‍ദ്ധനവിനും കാരണമായി. അമേരിക്കന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ ചടങ്ങ് നടത്തിയത്. ബഹിരാകാശത്തെ കാലാവസ്ഥ നിരീക്ഷിക്കാന്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കുക, തത്സമയ ഡാറ്റ ശേഖരണം മെച്ചപ്പെടുത്തുക, വളരെ നേരത്തേ തന്നെ മുന്നറിയിപ്പുകള്‍ നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വരാന്‍ പോകുന്ന സൗര കൊടുങ്കാറ്റ് സൂര്യനില്‍ നിന്നുള്ള ശക്തമായ എക്സ്-ക്ലാസ് ജ്വാലയുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന സ്പേസ് വെതര്‍ ഓപ്പറേഷന്‍സ്, റിസര്‍ച്ച് ആന്‍ഡ് മിറ്റിഗേഷന്‍ ടാസ്‌ക് ഫോഴ്‌സ് 2024 മെയ് മാസത്തില്‍ ഇത്തരം ഒരു പരിശീലന പരിപാടി നടത്തിയിരുന്നു. 2028 ജനുവരി 29 ന് ഈ സാങ്കല്‍പ്പിക രംഗം നടക്കുന്നതായിട്ടാണ് സങ്കല്‍പ്പിച്ചിരുന്നത്. ഉപഗ്രഹങ്ങള്‍, ബഹിരാകാശയാത്രികര്‍, വ്യോമയാന മേഖല തുടങ്ങിയ വിഭാഗങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ നിരീക്ഷിച്ചിരുന്നു. യാദൃശ്ചികമായി പറഞ്ഞാല്‍ 2024 മെയ് 10 ന് ഭൂമിയിലെ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റായ ഗാനോണ്‍ സ്റ്റോം ഉണ്ടായ അതേ സമയത്താണ് ഈ അഭ്യാസം നടത്തിയത്.

ഈ മാസം 14 ന് സൂര്യനില്‍ നിന്നുള്ള ശക്തമായ ഒരു ഊര്‍ജ്ജ സ്‌ഫോടനത്തിന് ശേഷമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് സൗരജ്വാലകളുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എക്‌സ് 2.7 എന്ന ഇനത്തില്‍ പെട്ടതാണ് എന്നാണ് നാസയിലെ ഗവേഷകര്‍ മനസിലാക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്ന് വരുന്ന തീവ്രമായ വികിരണ സ്‌ഫോടനങ്ങളാണ് സൗരജ്വാലകള്‍ എന്നറിയപ്പെടുന്നത്. സൂര്യന്റെ ഉപരിതലത്തിലെ ഇരുണ്ടതും തണുപ്പുള്ളതുമായ മേഖലയിലാണ് ഇവ സംഭവിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ സ്‌ഫോടനങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ജ്വാലകള്‍ ഏതാനും മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും.

ഈ മാസം പതിന്നാലിനാണ് സൗരജ്വാലകള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് ഭൂമിയിലേക്ക് എത്തുകയാണ്. ഇത് കാരണം ഇപ്പോള്‍ തന്നെ യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ റേഡിയോ ബ്ലാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വൈദ്യുതി തടസവും ഉണ്ടായിട്ടുണ്ട്. സ്വരജ്വാലകള്‍ ഇനിയുള്ള ദിവസങ്ങളില്‍ റേഡിയോ ആശയവിനിമയം, വൈദ്യുത പവര്‍ ഗ്രിഡുകള്‍, നാവിഗേഷന്‍ സിഗ്‌നലുകള്‍ എന്നിവയെ ദോഷകരമായി ബാധിക്കുകയും ബഹിരാകാശ പേടകങ്ങള്‍ക്കും ബഹിരാകാശയാത്രികര്‍ക്കും അപകടസാധ്യതകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്നുമാണ് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സൗരജ്വാലകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇവയില്‍ അലാസ്‌ക, വാഷിംഗ്ടണ്‍, ഇഡാഹോ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, മിനസോട്ട, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, മെയ്ന്‍ എന്നിവയും ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ പതിനൊന്ന് സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്. വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ സൗരജ്വാലകളും സാധ്യതയുള്ള ഭൂകാന്തിക കൊടുങ്കാറ്റുകളും ഉണ്ടാകാം. 1989 ല്‍ കാനഡയിലെ ക്യൂബെക്കില്‍ ഇത്തരത്തില്‍ ഉണ്ടായ സൗരക്കൊടുങ്കാറ്റ് ഒമ്പത് മണിക്കൂറോളം രാജ്യത്തെ വിവിധ മേഖലകളില്‍ വന്‍ തടസം സൃഷ്ടിച്ചിരുന്നു. വ്യോമയാന, നാവിക മേഖലകളിലെ റേഡിയോ ആശയ വിനിമയങ്ങള്‍ക്ക് ഇത് വലിയ തോതില്‍ തടസം സൃഷ്ടിക്കാറുണ്ട്. എങ്കിലും നിലവിലെ സൗരക്കൊടുങ്കാറ്റ് നേരത്തേ ഉണ്ടായ കൊടുങ്കാറ്റുകളെ അപേക്ഷിച്ച് വലിയ ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കില്ല എന്നാണ് കരുതപ്പെടുന്നത്.

Similar News