ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പ്; വ്യക്തിഗത ഡാറ്റകൾ മോഷ്ടിക്കാൻ സാധ്യത; ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം
ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസറിൽ കണ്ടെത്തിയ സുരക്ഷാ പിഴവുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള CERT-In പുറത്തിറക്കിയ അറിയിപ്പിൽ, ഹാക്കർമാർക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി.
ഒക്ടോബർ 30-ന് പുറത്തിറക്കിയ നിർദ്ദേശത്തിൽ, ഗൂഗിൾ ക്രോം കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഊന്നൽ നൽകുന്നു. CERT-In അനുസരിച്ച്, ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ പ്രയോജനപ്പെടുത്തി ഹാക്കർമാർക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് നുഴഞ്ഞുകയറാനും, വിവരങ്ങൾ ചോർത്താനും, സൈബർ ആക്രമണം നടത്താനും സാധിക്കും. വിദൂരത്തിരുന്ന് മാൽവെയർ കോഡുകൾ പ്രവർത്തിപ്പിക്കാനും ഉപയോക്താവിൻ്റെ കമ്പ്യൂട്ടറിനെ നിയന്ത്രിക്കാനും കഴിയുന്ന സുരക്ഷാ വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്.
ലിനക്സ്, വിൻഡോസ്, മാക് ഓഎസ് എന്നിവയിൽ പ്രവർത്തിക്കുന്ന ക്രോം ഉപയോക്താക്കൾക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്. ഉപയോക്താക്കൾ ഏറ്റവും പുതിയ പതിപ്പിലേക്ക് ബ്രൗസർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ഇതിനകം പാച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നതിലൂടെ ഇത്തരം സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.