ഇനി എല്ലാവർക്കും ഇൻസ്റ്റഗ്രാം ലൈവ് ഫീച്ചർ ലഭ്യമാകില്ല; പുതിയ നയവുമായി മെറ്റ

Update: 2025-08-04 16:28 GMT

ഇൻസ്റ്റഗ്രാം ലൈവ് ഫീച്ചർ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ നയം അവതരിപ്പിച്ച് മെറ്റ. കുറഞ്ഞത് 1,000 ഫോളോവേഴ്‌സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനിമുതൽ 'ലൈവ്' ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പുതിയ നയം ഇൻസ്റ്റയിലെ ചെറിയ കണ്ടന്‍റ് ക്രിയേറ്റർമാരെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിംഗ് ആസ്വദിച്ച ദൈനംദിന ഉപയോക്താക്കളെയും ബാധിക്കാൻ സാധ്യതയുണ്ട്. മുൻപ് ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിൻറെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ സാധിച്ചിരുന്നു. പുതിയ നീക്കത്തിന് കാരണമെന്തെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടില്ല.

മുമ്പ് സോഷ്യൽ മീ‍‍ഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കും ലൈവ് സ്ട്രീമിങ്ങിന് 1,000 ഫോളോവേഴ്‌സ് എന്ന നിബന്ധന വച്ചിരുന്നു. നിശ്ചിത എണ്ണം ഫോളോവേഴ്സ് ഇല്ലാത്തവർക്ക് ലൈവ് ചെയ്യാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ ഫീച്ചർ ഇനി ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന ഒരു പ്രോംപ്റ്റ് കാണാനാകും. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ 50 സബ്‌സ്‌ക്രൈബർമാരിൽ താഴെ മാത്രം ഉള്ള ഉപയോക്താക്കളെ ലൈവ് ചെയ്യാൻ അനുവദിക്കുമ്പോഴാണ് ഇൻസ്റ്റ ലൈവിൽ ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധയമാണ്. ലൈവ് വിഡിയോകളുടെ കുറഞ്ഞ വ്യൂവർഷിപ്പ് സ്ട്രീമുകൾ ഹോസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവ് കുറക്കുന്നതിനാണ് ഈ നീക്കമെന്ന് വിലയിരുത്തലുണ്ട്.

പുതിയ നയം മാറ്റം ഇൻസ്റ്റ ലൈവ് ഉള്ളടക്കത്തിന്‍റെ ഗുണനിലവാരം ഉയർത്തിയേക്കാമെങ്കിലും, ഫോളോവേഴ്‌സ് ബേസ് കെട്ടിപ്പടുക്കുന്ന വളർന്നുവരുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്സിന്‍റെ സർഗ്ഗാത്മകതക്കും വളർച്ചക്കും ഇത് തിരിച്ചടിയാണ്. പുതിയതോ ചെറുതോ ആയ അക്കൗണ്ടുകൾക്ക് ഈ നയം ദോഷം വരുത്തുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. അപ്ഡേറ്റിനെപ്പറ്റി മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉയർന്നുവരുന്നത്. ആളുകളെ ബോട്ട് ഫാമുകളിൽ നിന്ന് നൂറുകണക്കിന് ഡോളറിന് ഫോളോവേഴ്‌സിനെ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണ് മെറ്റയുടേതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Tags:    

Similar News