'നിങ്ങൾ സംസാരിക്കുന്നതൊന്നും ഞങ്ങൾ കേൾക്കുന്നില്ല'; ഉപയോക്താക്കൾക്ക് അനുയോജ്യമായ പരസ്യങ്ങൾ നിർദ്ദേശിക്കാൻ ആശ്രയിക്കുന്നത് മറ്റൊരു മാർഗ്ഗം; വിശദീകരിച്ച് ഇന്‍സ്റ്റ മേധാവി
കൊച്ചി: ഉപയോക്താക്കളുടെ ഫോൺ സംഭാഷണങ്ങൾ മെറ്റ (Meta) ചോർത്തുന്നില്ലെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി. വ്യക്തിഗത പരസ്യങ്ങൾ എങ്ങനെയാണ് നിർദ്ദേശിക്കപ്പെടുന്നതെന്നതിനെക്കുറിച്ചുള്ള വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കൾക്ക് അനുയോജ്യമായ പരസ്യങ്ങൾ നൽകുന്നതിനായി മെറ്റ ആശ്രയിക്കുന്നത് അവരുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവരെക്കുറിച്ചുള്ള ഡാറ്റയാണെന്ന് മൊസേരി വിശദീകരിച്ചു.
കൂടാതെ, സമാന താൽപ്പര്യങ്ങളുള്ള ഉപയോക്താക്കളുടെ സ്വഭാവരീതികളും മുൻഗണനകളും വിശകലനം ചെയ്യുന്ന നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത സാങ്കേതികവിദ്യയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. 'നിങ്ങൾ സംസാരിക്കുന്നതൊന്നും ഞങ്ങൾ കേൾക്കുന്നില്ല. നിങ്ങളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് സംഭാഷണങ്ങൾ ഒളിഞ്ഞിരുന്നു കേൾക്കുന്നില്ല. അത്തരമൊരു പ്രവൃത്തി നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെയും സാരമായി ബാധിക്കും,' മൊസേരി പറഞ്ഞു.
സാങ്കേതികവിദ്യക്ക് പുറമെ, ചിലപ്പോഴൊക്കെ മനുഷ്യന്റെ മനശാസ്ത്രപരമായ സ്വാധീനമോ യാദൃശ്ചികതയോ പോലും പരസ്യ നിർദ്ദേശങ്ങളുടെ കൃത്യതയെ സ്വാധീനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില പ്രത്യേക ഉൽപ്പന്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കൾ ആ പരസ്യം കണ്ടിരിക്കാം, എന്നാൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പലരും വേഗത്തിൽ സ്ക്രോൾ ചെയ്യുന്നതിനാൽ അത്തരം പരസ്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാൽ, പിന്നീട് സംസാരിക്കുന്ന വിഷയങ്ങളെ ഇത് സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും മൊസേരി സൂചിപ്പിച്ചു. ഈ വിശദീകരണങ്ങൾ പലർക്കും വിശ്വാസത്തിലെടുക്കാൻ പ്രയാസമായിരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.