ലോകകപ്പ് നേടാനായി കാത്തിരുന്നില്ല; അഫ്ഗാന്‍ സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാന്‍ വിവാഹിതനായി
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാന്‍ വിവാഹിതനായി. കാബൂളിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഗംഭീര ചടങ്ങോടെയാണ് വിവാഹം നടന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നസീബ് ഖാന്‍, മുതിര്‍ന്ന താരങ്ങളായ മുഹമ്മദ് നബി, മുജീബ് അര്‍ റഹ്‌മാന്‍, അസ്മത്തുള്ള ഒമര്‍സായി തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ മണ്ഡപത്തിന്റെയും ആഘോഷങ്ങളുടേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സല്‍ക്കാരം കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് സംവിധാനമടക്കം നിറപ്പകിട്ടാര്‍ന്ന ആംഡബര ചടങ്ങോടെയാണ് നടത്തിയത്. അതേസമയം വധുവിന്റെ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.
റാഷിദിന്റെ മൂന്ന് സഹോദരങ്ങളായ സക്കിയുള്ള, റാസാ ഖാന്‍, ആമിര്‍ ഖലീല്‍ എന്നിവരും ഒരേ സമയം വിവാഹിതരായി. കറുപ്പ് നിറമുള്ള കുര്‍ത്തയും മുകളില്‍ മെറൂണ്‍ കളര്‍ ജാക്കറ്റും ധരിച്ചാണ് നാലുപേരും വിവാഹത്തിനെത്തിയത്. പരമ്പരാഗത പഷ്തൂണ്‍ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ റാഷിദ് പെട്ടെന്ന് വിവാഹവാര്‍ത്ത അറിയിച്ചതോടെ ക്രിക്കറ്റ് ആരാധകര്‍ അല്‍പ്പം അമ്പരന്നു.
ആരാധകരടക്കം നിരവധി ക്രിക്കറ്റ് താരങ്ങളാണ് റാഷിദിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒരേ ഒരു കിംഗ് ഖാന്‍, റാഷിദ് ഖാന്‍ എല്ലാ ആശംസകളും, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' വിവാഹ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് മുതിര്‍ന്ന സ്പിന്നര്‍ മുഹമ്മദ് നബി പറഞ്ഞു.
നിലവില്‍ ലോക ഒന്നാം നമ്പര്‍ ടി20 ബൗളറാണ് റാഷിദ് ഖാന്‍. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റാഷിദ് ഖാന്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ടീമിലെ പ്രധാന താരമായി. ഇതുവരെ 93 ടി20 മത്സരങ്ങളില്‍ നിന്ന് 152 വിക്കറ്റും 105 ഏകദിനങ്ങളില്‍ നിന്ന് 190 വിക്കറ്റും നേടിയിട്ടുണ്ട്. റാഷിദ് ടെസ്റ്റില്‍ അധികം കളിച്ചിരുന്നില്ല. 9 ഇന്നിങ്സുകള്‍ കളിച്ചെങ്കിലും 34 വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മാസം ദുബായില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും സ്പിന്നര്‍ റാഷിദ് ഖാന്‍ തിളങ്ങിയിരുന്നു.