വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി നിര്‍വഹിക്കും

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്

Update: 2026-03-13 13:07 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ നിര്‍മ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിര്‍വഹിക്കും. പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.

രാത്രികാല മത്സരങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എല്‍.ഇ.ഡി ഫ്‌ലഡ്ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളില്‍ ഫ്‌ലഡ്ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്‌നിഫൈ (ഫിലിപ്‌സ്) ആണ് ഇതിന്റെ നിര്‍മ്മാണ കമ്പനി. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെര്‍ക്കുറി ഇലക്ട്രിക്കല്‍ കോര്‍പറേഷന്‍ ആണ് ഫ്‌ലഡ് ലൈറ്റ് കോണ്‍ട്രാക്ടര്‍.ബി.സി.സി.ഐയുടെ ലൈറ്റിങ് കണ്‍സള്‍ട്ടന്റായ ലൈറ്റിങ് എന്‍വിറോണ്‍മെന്റ് ഡിസൈന്‍സിന്റെ മേല്‍നോട്ടത്തിലാണ് ഫ്‌ലഡ്ലൈറ്റ് സംവിധാനം പൂര്‍ത്തിയാക്കിയത്.പ്രമുഖ ആര്‍ക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.എല്‍.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രന്‍, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയില്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിനും പുതിയ ഗ്രൗണ്ടും അക്കാദമിയും ഇന്‍ഡോര്‍ സൗകര്യങ്ങളും വലിയ പങ്കുവഹിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ വ്യക്തമാക്കി.

Tags:    

Similar News