ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ക്ലാസിക് പോരാട്ടം; കാര്‍ലോസ് അല്‍ക്കരാസും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും; സിന്നറും സ്വരേവും പുറത്ത്; വനിതാ ഫൈനലില്‍ സബലേങ്കയും റിബാക്കിനും ഏറ്റുമുട്ടും
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഗ്ലാമര്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും കിരീടത്തിനായി ഏറ്റുമുട്ടും. അഞ്ചര മണിക്കൂറിലധികം നീണ്ട ആദ്യ സെമി ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തകര്‍ത്താണ് അല്‍കാരസ് ഫൈനലില്‍ ഇടം പിടിച്ചത്. അഞ്ചു സെറ്റിലേക്ക് നീണ്ട രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പതിനൊന്നാം ഓസ്‌ട്രേലിയന്‍ ഓപണും 25ാം ഗ്രാന്‍ഡ് സ്ലാമും തേടിയിറങ്ങുന്നത്.സ്‌കോര്‍: 3-6,6-3,4-6,6-4,6-4
ആദ്യം മുന്നിലെത്തിയത് സിന്നറായിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജോക്കോ സെമി കടമ്പ കടന്നത്. ആദ്യ സെറ്റ് 6-3 ന് അനായാസം സിന്നര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ അതേനാണയത്തില്‍ ജോക്കോയുടെ മറുപടി. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി സിന്നര്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ ജോക്കോയുടെ പരിചയസമ്പത്തിന് മുന്നില്‍ സിന്നറിന് പിടിച്ചുനില്‍ക്കാനാവാത്തതാണ് മെല്‍ബണില്‍ പിന്നീട് കണ്ടത്. അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്‌കോറിന് നേടി ജോക്കോവിച്ച് മത്സരവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.
കടുത്ത ചൂടിനെയും, പേശീവലിവിനെയും അതിജീവിച്ചാണ് അല്‍കാരസ് സെമി ഫൈനലില്‍ സ്വരേവിനെ മറികടന്നത്. സ്‌കോര്‍ 6-4, 7-6, 6-7, 6-7, 7-5. ആദ്യ സെമിയില്‍ അല്‍കാരസ് അനായാസം കടന്നുകൂടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 6-4ന് ആദ്യ സെറ്റ് അല്‍കാരസ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ പോരാട്ടം കനത്തു. ടൈ ബ്രേക്കറിലാണ് സെറ്റ് വിധിയായത്. മൂന്നാം സെറ്റിലും അനായാസം കുതിപ്പു തുടര്‍ന്ന് അല്‍കാരസിനെ പേശീവലിവ് പിടികൂടിയതോടെ മത്സരത്തിന്റെ ഗതി മാറി. ഒരു വേള താരം കളി അവസാനിപ്പിക്കുമോ എന്ന സംശയവുമുയര്‍ന്നു. താരത്തിന് കളത്തില്‍ തന്നെ ഫിസിയോ ചികിത്സ നല്‍കിയതില്‍ സ്വരേവ് എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ഗുളിക കഴിച്ചും, ഫിസിയോയുടെ സേവനം തേടിയും കളി തുടര്‍ന്ന അല്‍കാരസിന് ഒടുവില്‍ ആദ്യ ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനല്‍ ബര്‍ത്ത് എന്ന സ്വപ്നം സാധ്യമാകുകയായിരുന്നു. ഞായറാഴ്ച കിരീടം ചൂടിയാല്‍ ഏറ്റവും പ്രായം കുറഞ്ഞ കരിയര്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായി അല്‍കാരസ് മാറും.
പ്രീ ക്വാര്‍ട്ടറില്‍ വാക്കോവര്‍ നേടിയും, ക്വാര്‍ട്ടറില്‍ മുസേറ്റിക്ക് പരിക്കേറ്റതും ഉള്‍പ്പെടെയുള്ള ഭാഗ്യത്തിന്റെ അകമ്പടിയിലാണ് ജോക്കോവിച്ച് സെമിയില്‍ എത്തിയതെങ്കിലും സിന്നറിനെതിരെ, കളി മികവ് മാത്രമായിരുന്നു കണ്ടത്. പഴയ ജോക്കോവിച്ചിന്റെ കളി കണ്ട ഹരത്തിലായിരുന്നു കാണികള്‍. ഫെഡററുടെയും നദാലിന്റെ നല്ലകാലത്ത് അവരെ വിറപ്പിച്ച ജോക്കോവിച്ച് സിന്നറുടെയും അല്‍കാരസിന്റെയും കാലത്തും മികവു ചോരാതെ തുടരുന്നത് ടെന്നീസിന്റെ വിസ്മയ ദൃശ്യമാണ്. ഞായറാഴ്ച ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന നേട്ടം ജോക്കോക്ക് ഒറ്റക്കു സ്വന്തമാവും. ജോക്കോവിച്ചിനും, വനിത ടെന്നീസ് താരം മാര്‍ഗരറ്റ് കോര്‍ട്ടിനുമാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീങ്ങളുള്ളത്. 24 വീതം. വനിതാ ഫൈനലില്‍ ശനിയാഴ്ച ആര്യാന സബലേങ്കയും റിബാക്കിനും ഏറ്റുമുട്ടും.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനിന്റെ യുവതാരം കാര്‍ലോസ് അല്‍ക്കരാസാണ് ജോക്കോയുടെ എതിരാളി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൂടി സ്വന്തമാക്കി കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമാകാനാണ് അല്‍ക്കരാസ് ലക്ഷ്യമിടുന്നത്. എന്നാല്‍ കരിയറിലെ 25-ാം ഗ്രാന്‍ഡ് സ്ലാമാണ് ജോക്കോയുടെ ലക്ഷ്യം.
