ആദ്യ സെറ്റില്‍ യുഎസ് താരത്തിന്റെ ആധിപത്യം; രണ്ടാം സെറ്റ് കൈവിട്ടതോടെ മൂന്നാം സെറ്റിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സബലേങ്കയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്; മാഡിസന്‍ കീസിന് കന്നി ഗ്രാന്‍ഡ്‌സ്‌ലാം കിരീടം

മാഡിസന്‍ കീസിന് കന്നി ഗ്രാന്‍ഡ്‌സ്‌ലാം കിരീടം

Update: 2025-01-25 11:28 GMT

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം യുഎസിന്റെ മാഡിസന്‍ കീസിന്. വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ അരീന സബലേങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കീഴടക്കിയാണ് യുഎസ് താരത്തിന്റെ കന്നിക്കിരീടനേട്ടം. സ്‌കോര്‍ 3-6, 6-2, 5-7. തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യവുമായെത്തിയ സബലേങ്കയ്ക്കു കീസിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ കാലിടറി.

മത്സരത്തിന്റെ ആദ്യ സെറ്റില്‍ തുടക്കം മുതല്‍ യുഎസ് താരത്തിന്റെ ആധിപത്യം പ്രകടമായിരുന്നു. 1 -5ന് മുന്നിലെത്തിയ മാഡിസന്‍ കീസ് നിലവിലെ ചാംപ്യനെ വിറപ്പിച്ച് ആദ്യ സെറ്റ് 3 - 6ന് സ്വന്തമാക്കി. പക്ഷേ രണ്ടാം സെറ്റില്‍ ബെലാറൂസ് താരം മത്സരത്തില്‍ തിരിച്ചെത്തി. കൃത്യമായ ആധിപത്യം നിലനിര്‍ത്തിയ സബലേങ്ക 6 - 2ന് രണ്ടാം സെറ്റ് വിജയിച്ചു.

ഇതോടെ മൂന്നാം സെറ്റിനായി പോരാട്ടം കടുത്തു. സബലേങ്കയും കീസ് ഒപ്പത്തിനൊപ്പം പൊരുതിയതോടെ ഒരു ഘട്ടത്തില്‍ 4 - 4 എന്ന നിലയിലായിരുന്നു സ്‌കോര്‍. അവസാന നിമിഷങ്ങളില്‍ അനുഭവ പരിചയം മുതലാക്കി അരീന സബലേങ്ക പൊരുതിയെങ്കിലും കീസിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ 5 - 7ന് മൂന്നാം സെറ്റ് വിജയിച്ച യുഎസ് താരം കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കി.

നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവും നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ യാനിക് സിന്നറും ഏറ്റുമുട്ടും. ഇരുപത്തിമൂന്നുകാരനായ സിന്നര്‍ കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണിനൊപ്പം യുഎസ് ഓപ്പണും നേടിയിരുന്നു. സ്വരേവ് ഇതുവരെ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടില്ല.

സെമിഫൈനല്‍ മത്സരത്തിനിടെ മുന്‍ ചാമ്പ്യന്‍ നൊവാക് ജൊകോവിച്ച് പരിക്കേറ്റ് പിന്മാറിയിരുന്നു. സ്വരേവിനെതിരെ ആദ്യസെറ്റ് ടൈബ്രേക്കില്‍ 6-7ന് നഷ്ടമായശേഷമാണ് സെര്‍ബിയക്കാരന്റെ മടക്കം. ഇടത്തേ തുടയില്‍ കെട്ടുമായാണ് കളിക്കാനിറങ്ങിയിരുന്നത്. ക്വാര്‍ട്ടറില്‍ കാര്‍ലോസ് അല്‍കാരസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍, മത്സരത്തില്‍ പൊരുതിനിന്ന മുപ്പത്തേഴുകാരന്‍ ആദ്യസെറ്റ് കഴിഞ്ഞ ഉടന്‍ പിന്മാറുകയാണെന്ന് അമ്പയറെ അറിയിച്ചു.

കാണികള്‍ കൂവലോടെയാണ് ജൊകോയെ മടക്കിയത്. കാണികളുടെ മര്യാദകേടിനെതിരെ സ്വരേവ് രൂക്ഷമായി പ്രതികരിച്ചിരുന്നു. പത്തുതവണ ഓസ്ടേലിയന്‍ ഓപ്പണ്‍ നേടിയ ജൊകോയുടെ 25 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന മോഹം ഇക്കുറിയും സാധ്യമായില്ല. കഴിഞ്ഞവര്‍ഷം ഒറ്റ കിരീടവും ജോക്കോയ്ക്ക് നേടാനായിരുന്നില്ല.

Tags:    

Similar News