മെസി, ഹിലരി ക്ലിന്റണ്‍, റാല്‍ഫ് ലോറന്‍, ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവര്‍ക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി; പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം 14 പേര്‍ക്ക്
വാഷിങ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. പ്രസിഡന്റ് ജോ ബൈഡനാണ് താരത്തിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്. മെസിയെ കൂടാതെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവര്‍ പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.
വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രസിഡന്റ് പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ മെസ്സി ചടങ്ങിനെത്തിയില്ല. നിലവില്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിയുടെ താരമാണ് മെസി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിനും അവാര്‍ഡ് ലഭിക്കും. പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമര്‍, അറ്റോര്‍ണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി, പാചക വിദഗ്ധന്‍ ജോസ് ആന്‍ഡ്രസ്, എയ്ഡ്‌സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കല്‍ ജെ. ഫോക്സ് ഉള്‍പ്പെടെയുള്ളവരും പുരസ്‌കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്.