ബുണ്ടസ് ലീഗയിൽ ബയേണ്‍ മ്യൂണിക്കിന് തുടർച്ചയായ അഞ്ചാം ജയം; വെർഡർ ബ്രെമനെ വീഴ്ത്തിയത് എതിരിലാത്ത നാല് ഗോളിന്; റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകർത്ത് ഹാരി കെയ്ൻ
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനു സീസണില്‍ തുടരെ അഞ്ചാം ജയം. ഹോം പോരാട്ടത്തില്‍ അവര്‍ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രമനെ വീഴ്ത്തി. ബയേണിനായി രണ്ട് ഗോളുകൾ നേടിയ ഹാരി കെയ്ൻ പുതിയ റെക്കോർഡ് സ്വന്തമാക്കി. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടുന്ന താരമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. ഇതിലൂടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡാണ് കെയ്ൻ മറികടന്നത്.
വെർഡർ ബ്രെമനെതിരായ മത്സരത്തിൽ ബയേൺ മ്യൂണിക്ക് 4-0 ന് വിജയിച്ചു. മത്സരത്തിൽ ഹാരി കെയ്ൻ രണ്ട് ഗോളുകൾ നേടി. വെറും 104 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ 100 ഗോളുകൾ പൂർത്തിയാക്കിയത്. റൊണാൾഡോ 105 മത്സരങ്ങളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. 2011-ൽ റയൽ മാഡ്രിഡിനായി കളിക്കുമ്പോഴായിരുന്നു റൊണാൾഡോ ഈ റെക്കോർഡ് സ്ഥാപിച്ചത്.
വെർഡർ ബ്രെമനെതിരായ മത്സരത്തിൽ 45-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് കെയ്ൻ തന്റെ ആദ്യ ഗോൾ നേടിയത്. 65-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയതോടെ അദ്ദേഹം 100 ഗോളുകൾ എന്ന നേട്ടത്തിലെത്തി. ബയേണിനായി കെയ്ൻ നേടിയ 18 പെനാൽറ്റികളും ഗോളാക്കി മാറ്റിയെന്ന പ്രത്യേകതയുമുണ്ട്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്റോടെ ബയേൺ മ്യൂണിക്ക് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഈ സീസണിൽ ഇതുവരെ അഞ്ച് ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയ കെയ്ൻ ടോപ് സ്കോറർ പട്ടികയിലും മുന്നിലാണ്. കളിയുടെ 22-ാം മിനിറ്റിൽ ജോനാഥൻ ടായും 87-ാം മിനിറ്റിൽ കൊൺറാഡ് ലെയ്മറും ബയേണിനായി മറ്റു ഗോളുകൾ നേടി.