വിദേശ താരങ്ങളുടെ പ്രതിഫലത്തിന് ജിഎസ്ടി അടച്ചില്ല; സൂപ്പർലീഗ് കേരള ഫുട്ബോൾ ക്ലബ്ബുകളുടെ ഓഫീസുകളിൽ റെയ്ഡ്; അനാവശ്യ പരിശോധനയെന്ന് ക്ലബ്ബ് ഉടമകൾ; സർക്കാരിന് പരാതി നൽകും

Update: 2025-12-28 17:23 GMT

കോഴിക്കോട്: സൂപ്പർലീഗ് കേരളയിലെ ഫുട്ബോൾ ക്ലബ്ബുകളുടെ ഓഫീസുകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് റെയ്ഡ്. വിദേശ താരങ്ങളുടെ പ്രതിഫലത്തിന് ജിഎസ്ടി അടച്ചില്ലെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ, ഐപിഎൽ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിലെ വിദേശതാരങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന നിയമോപദേശം നിലനിൽക്കെ, ഉദ്യോഗസ്ഥർ അനാവശ്യ പരിശോധന നടത്തിയെന്നാണ് ക്ലബ്ബ് ഉടമകളുടെ ആരോപണം.

ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ഈയാഴ്ച ചർച്ച നടത്താനും സർക്കാരിന് ഔദ്യോഗികമായി പരാതി നൽകാനും ക്ലബ്ബുകൾ ഒരുങ്ങുകയാണ്. ക്രിസ്മസിന് തൊട്ടുമുമ്പായി സൂപ്പർലീഗ് കേരളയിലെ ആറ് ക്ലബ്ബുകളുടെ ഓഫീസുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഐപിഎൽ, ഐഎസ്എൽ തുടങ്ങിയ കായിക ലീഗുകളിൽ വിദേശതാരങ്ങളെ ജീവനക്കാരായാണ് കണക്കാക്കുന്നതെന്നും, ഇവരുടെ പ്രതിഫലത്തിന് ജിഎസ്ടി നൽകേണ്ടതില്ലെന്നും ക്ലബ്ബുകൾക്ക് മുൻപേ നിയമോപദേശം ലഭിച്ചിരുന്നു.

പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ക്ലബ്ബുകളുടെ ഓഫീസ് ജീവനക്കാരെ പകൽമുഴുവൻ തടഞ്ഞുവയ്ക്കുകയും ഫയലുകൾ ബലമായി പിടിച്ചെടുക്കുകയും ചെയ്തതായും ക്ലബ്ബ് ഭാരവാഹികൾ ആരോപിക്കുന്നു. കേരളത്തിലെ ഫുട്ബോളിന് പുത്തനുണർവ് ലഭിക്കുന്ന ഈ ഘട്ടത്തിൽ, കായികമേഖലയിലെ ക്ലബ്ബുകൾക്ക് നേരെയുള്ള ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ വൻകിട വ്യവസായികളും വ്യാപാരികളും ചലച്ചിത്രതാരങ്ങളും ഉൾപ്പെടെയുള്ളവരാണ് ഈ ക്ലബ്ബുകളുടെ ഉടമസ്ഥർ.

നിലവിൽ ഒരു സീസണിൽ എട്ടു മുതൽ പത്തു കോടി രൂപവരെ ഓരോ ക്ലബ്ബും മുടക്കുമ്പോൾ, പരമാവധി ഒന്നരക്കോടി രൂപ മാത്രമാണ് സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്നത്. ടിക്കറ്റ് വിൽപനയുൾപ്പെടെയുള്ള വരുമാനമാർഗ്ഗങ്ങളിലൂടെ ക്ലബ്ബുകൾക്ക് ലാഭം നേടാവുന്ന സ്ഥിതി വികസിച്ചുവരുന്നേയുള്ളൂ. കാലിക്കറ്റ് എഫ്സിയടക്കമുള്ള ക്ലബ്ബുകൾ ലഹരിവിരുദ്ധ പരിപാടികളടക്കം സർക്കാരിന്റെ വിവിധ ക്യാമ്പയിനുകൾക്ക് സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് വഴി വലിയ പിന്തുണ നൽകുന്നുണ്ട്. കായികമേഖലയുടെ വളർച്ചയ്ക്ക് സംസ്ഥാന സർക്കാർ കൂടുതൽ നടപടികളെടുക്കുമെന്ന പ്രഖ്യാപിത നയത്തിനു വിരുദ്ധമായാണ് ഉദ്യോഗസ്ഥരുടെ ഈ നടപടിയെന്നും ക്ലബ്ബ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News