പാക്ക് ക്രിക്കറ്റില്‍ മൈക്ക് ഹെസ്സന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി! ലോകകപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാക്ക് പരിശീലകന് പുറത്തേക്കുള്ള വഴി തെളിയുന്നു; മിസ്ബയും സര്‍ഫറാസും എത്തിയത് പണി കൊടുക്കാന്‍? ബാസിത് അലിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

Update: 2026-03-15 10:42 GMT

ഇസ്ലാമാബാദ്: 2026 ട്വന്റി 20 ലോകകപ്പിലെ ദയനീയമായ പുറത്താകലിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സന്റെ സ്ഥാനം ഉടന്‍ തെറിച്ചേക്കുമെന്ന് സൂചന. ഓരോ ടൂര്‍ണമെന്റ് തോല്‍ക്കുമ്പോഴും പരിശീലകരെയും മാനേജ്മെന്റിനെയും മാറ്റുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) രീതി ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് സൂചനകള്‍. നിലവില്‍ ഹെഡ് കോച്ച് സ്ഥാനത്ത് മൈക്ക് ഹെസ്സന്‍ തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാവി തുലാസിലാണ്. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ ഉപദേശകര്‍ക്ക് ഹെസ്സന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് മുന്‍ പാക് താരം ബാസിത് അലി വെളിപ്പെടുത്തി.

ഹെസ്സന്റെ ഭാവി ഇപ്പോള്‍ തുലാസിലാണെന്നും അദ്ദേഹത്തിന് അനുകൂലമായിരുന്ന സാഹചര്യങ്ങള്‍ മാറിമറിഞ്ഞെന്നും അദ്ദേഹം ഒരു യൂട്യൂബ് ഷോയില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ടീം തിരഞ്ഞെടുപ്പിലോ മറ്റ് സുപ്രധാന തീരുമാനങ്ങളിലോ ഹെസ്സന്റെ വാക്കിന് പഴയ വിലയുണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മിസ്ബാ ഉള്‍ ഹഖ്, സര്‍ഫറാസ് അഹമ്മദ് എന്നിവരെ എത്തിച്ചത് ഹെസ്സന്റെ സ്വാധീനം കുറയ്ക്കാനാണെന്ന് ബാസിത് അലി നിരീക്ഷിക്കുന്നു. ശക്തമായ നിലപാടുകളുള്ള മിസ്ബയും സര്‍ഫറാസും ഹെസ്സന്റെ തീരുമാനങ്ങളെ അന്ധമായി പിന്തുണയ്ക്കാന്‍ തയ്യാറാകില്ല. 15 അംഗ സ്‌ക്വാഡിനെ ഇനി ഹെസ്സന്റെ താല്പര്യപ്രകാരം മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് ബാസിത് അലി ഉറപ്പിച്ചു പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള മികവിനേക്കാള്‍ പിഎസ്എല്ലിലെ (PSL) പ്രകടനം മാത്രം നോക്കി ഹെസ്സനെ നിയമിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്.

ഹെസ്സന്റെ പരിശീലക കുപ്പായം നിലനില്‍ക്കുമോ എന്നത് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലെ ഫലത്തെ ആശ്രയിച്ചിരിക്കും. ആ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഹെസ്സന്റെ പുറത്താകല്‍ ഉടന്‍ ഉണ്ടായേക്കാം. കൃത്യമായ പദ്ധതിയോ ദീര്‍ഘകാല കാഴ്ചപ്പാടോ ഇല്ലാത്ത പിസിബിയുടെ ഇത്തരം നീക്കങ്ങള്‍ പാക് ക്രിക്കറ്റിലെ അനിശ്ചിതത്വം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ എപ്പോഴും സംഭവിക്കാറുള്ള 'ബലിയാട്' തേടല്‍ ഇത്തവണ ഹെസ്സനിലൂടെയാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Similar News