'ഐപിഎലില്‍ ഇതു ധോണിയുടെ ലാസ്റ്റ് സീസണ്‍; യുവതലമുറയ്ക്ക് ബാറ്റണ്‍ കൈമാറേണ്ട സമയമായി; എത്ര മത്സരത്തില്‍ കളിക്കുമെന്ന് അറിയില്ല; ഡ്രസിങ് റൂമിലെ സാന്നിധ്യം മറ്റുള്ളവര്‍ക്കു പകരുന്ന ആവേശം ചില്ലറയാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം
ന്യൂഡല്‍ഹി: ഇത് എം.എസ്. ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കുമെന്നു കരുതുന്നതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍. ഇതിഹാസ താരം തന്റെ പിന്‍ഗാമികള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിത്. ധോണിയുടെ കായികക്ഷമതയെയും അര്‍പ്പണബോധത്തെയും പ്രശംസിച്ച പഠാന്‍, വരും സീസണ്‍ സിഎസ്‌കെയുടെ യുവതലമുറയെ വളര്‍ത്തിയെടുക്കാനുള്ളതാകണമെന്ന് ഓര്‍മ്മിപ്പിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ പശ്ചാത്തലത്തിലാണ് പഠാന്റെ പ്രതികരണം.
പഠാന്റെ വാക്കുകള്‍... ''വര്‍ഷങ്ങളായി ധോണി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് നമ്മള്‍ കാണുന്നു. എന്നാല്‍ ഋതുരാജ് ഗെയ്കവാദ്, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മത്രെ തുടങ്ങിയ യുവതാരങ്ങളിലേക്ക് ആ ബാറ്റണ്‍ കൈമാറേണ്ട സമയമാണിത്.'' പഠാന്‍ പറഞ്ഞു.
''ധോണിയില്ലാതെ സിഎസ്‌കെ പൂര്‍ണമാവില്ല. പക്ഷേ, ധോണിയെ സിഎസ്‌കെ ജഴ്‌സിയില്‍ കാണാനുള്ള അവസാന അവസരമാകും ഇതെന്നു ഞാന്‍ കരുതുന്നു. ഐപിഎല്‍ അടുത്തതോടെ ധോണി കൂടുതല്‍ ഊര്‍ജസ്വലനും ഫിറ്റും ആയി കാണപ്പെടുന്നതില്‍ സന്തോഷം. എത്ര മത്സരത്തില്‍ ധോണി കളിക്കുമെന്ന് അറിയില്ല. എങ്കിലും, ഡ്രസിങ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പോലും മറ്റുള്ളവര്‍ക്കു പകരുന്ന ആവേശം ചില്ലറയാവില്ല''- ഇര്‍ഫാന്‍ പഠാന്‍ ഒരു ടിവി പരിപാടിയില്‍ പറഞ്ഞു.
മാര്‍ച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിലെ ബര്‍സപ്പാറ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദ്യ മത്സരം. സഞ്ജു സാംസണ്‍ തന്റെ പഴയ ടീമിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. ധോണിയുടെ കീഴില്‍ ഈ യുവനിര എത്രത്തോളം മികവ് പുലര്‍ത്തുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.