ഏഷ്യകപ്പിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്; ഉയര്‍ന്ന ബാക്ക് ലിഫ്റ്റും ചടുലമായ പാദചലനങ്ങളും; ഭാവിയിലേക്കൊരു മൂന്നാംനമ്പര്‍ പ്രതീക്ഷയായി ആരോണ്‍ ജോര്‍ജ്; സഖ്‌ലെയന്‍ മുഷ്താഖിനെ വിസ്മയിപ്പിച്ച പ്രതിഭ! ഓള്‍റൗണ്ട് മികവുമായി മുഹമ്മദ് ഇനാന്‍; അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത മലയാളി താരങ്ങളെ അറിയാം
അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത മലയാളി താരങ്ങളെ അറിയാം
തിരുവനന്തപുരം: മലയാളികള്‍ ടീമിലുണ്ടെങ്കില്‍ ക്രിക്കറ്റില്‍ ഇന്ത്യ ലോക കിരീടം ചൂടും എന്നാണ് വിശ്വാസം. ടി 20 ലോകകപ്പും ധോണിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ ഏകദിന ലോകകപ്പുമൊക്കെ ഈ വിശ്വാസത്തെ സാധുകരിക്കുന്നതാണ്. ഇക്കുറി വനിത ലോകകപ്പ് നേടിയത് മാത്രമാണ് ഇതിനൊരപവാദം. അങ്ങനെയെങ്കില്‍ ഇക്കുറി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പും ഇന്ത്യ കൈപ്പിടിയിലൊതുക്കുമെന്ന് വേണം വിശ്വസിക്കാന്‍. കാരണം അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഒന്നല്ല...രണ്ട് മലയാളികളാണ്.
ഒരുകാലത്ത് മാറ്റിനിര്‍ത്തപ്പെട്ട കേരള ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വളര്‍ന്നുവരും എന്ന ശുഭ സൂചന നല്‍കിയാണ് ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനും ആരോണ്‍ ജോര്‍ജും അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എല്ലാ വെല്ലുവിളികളേയും മറികടന്ന് ഇവര്‍ എത്തിയതിന് പിന്നില്‍ വലിയ കഠിനാധ്വാനവും സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കണക്കുകളുമുണ്ട്.
ഏഷ്യകപ്പിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്.. സഞ്ജുവിന് പിന്നാലെ ആരോണ്‍
നേരത്തെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കണ്ടിരുന്നെങ്കിലും ആരോണ്‍ ജോര്‍ജിന്റെ മികവ് ശരിക്കും ലോകം കണ്ടത് ഇക്കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യ കപ്പിലായിരുന്നു. ഭാവിയിലേക്കൊരു മൂന്നാം നമ്പര്‍ ബാറ്ററെയാണ് അണ്ടര്‍ 19 ഏഷ്യ കപ്പില്‍ നിന്ന് കണ്ടെത്തിയത്. പ്രകടനം കൊണ്ട് മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന വിശേഷണം നേടിയിരിക്കുകയാണ് മലയാളി താരം ആരോണ്‍ ജോര്‍ജ്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ടീമിനെ കൈപിടിച്ച് ഉയര്‍ത്തിയത് ആരോണായിരുന്നു. പിന്നീടും മികവ് തുടര്‍ന്ന കോട്ടയംകാരനായ താരം ഇപ്പോള്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ്. വിനു മങ്കാദ് ട്രോഫിയില്‍ രണ്ട് സീസണുകളില്‍ നിന്ന് 700ലധികം റണ്‍സ് നേടിയ താരമാണ് ആരോണ്‍.
2022-23 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ 303 റണ്‍സ് നേടിയാണ് ആരോണ്‍ കൈയടി നേടുന്നത്.മധ്യ ഓവറുകളില്‍ നങ്കൂരമിട്ട് ഇന്ത്യന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന ബാറ്റര്‍. അണ്ടര്‍ 19 ഏഷ്യ കപ്പില്‍ നാലുമല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പടെ ആരോണ്‍ ജോര്‍ജ് നേടിയത് 228 റണ്‍സ്. ഇതോടെയാണ് മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന വിശേഷണം ലഭിച്ചത്.സൂര്യവംശിയെയും ആയുഷ് മഹ്‌ത്രെയെയും പോലെ സ്‌ഫോടനാത്മക ബാറ്റിങ്ങല്ല ആരോണിന്റേത്. ഉയര്‍ന്ന ബാക്ക് ലിഫ്റ്റും ചടുലമായ പാദചലനങ്ങളും ടൈമിങ്ങും പ്ലേസ്‌മെന്റുമാണ് ആരോണിനെ വിശ്വസ്തനാക്കുന്നത്.
മാവേലിക്കര സ്വദേശിയായ ഈശോ വര്‍ഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വര്‍ഗീസിന്റെയും മകനായ ആരോണ്‍ ജനിച്ചത് കേരളത്തിലാണെങ്കിലും ക്രിക്കറ്റിന്റെ ബാലപാഠം പഠിച്ചത് ഹൈദരാബാദില്‍ നിന്നാണ്. ഈ വര്‍ഷം വിനൂ മങ്കാദ് അണ്ടര്‍ 19 കിരീടത്തിലേക്ക് ഹൈദരാബാദിനെ നയിച്ചത് ആരോണ്‍ ജോര്‍ജാണ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍, ഏറ്റവും അധികം സെഞ്ചറിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച ആരോണിന് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണമെത്താനും വൈകിയില്ല.
എന്തായാലും ഇത്തവണത്തെ ലോകകപ്പില്‍ തകര്‍ത്തടിച്ച് സഞ്ജു സാംസണിന്റെ പിന്‍ഗാമിയായി ആരോണ്‍ കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഓള്‍റൗണ്ട് മികവുമായി മുഹമ്മദ് ഇനാന്‍
ഏട്ടാമനായി ഇറങ്ങി സെഞ്ച്വറി അടിച്ചും ആദ്യ മത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയയെ കറക്കി വീഴ്ത്തിയും ശ്രദ്ധനേടിയാണ് ഓള്‍ റൗണ്ട് മികവുമായി മുഹമ്മദ് ഇനാന്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് വരുന്നത്.
കേരള ക്രിക്കറ്റില്‍ ലെഗ് സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കുന്ന ബൗളറാണ് ഇനാന്‍. വലം കൈയന്‍ സ്പിന്നറുടെ ബൗളിങ് മികവിനെ മുന്‍ പാകിസ്താന്‍ ഇതിഹാസ സ്പിന്നറായ സഖ്‌ലെയ്ന്‍ മുഷ്താഖ് പോലും പ്രശംസിച്ചതാണെന്നതാണ് എടുത്തു പറയേണ്ടത്.ഇനാന്റെ പിതാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവിനൊപ്പമായിരുന്ന ഇനാനെ 12ാം വയസിലാണ് യുഎഇയിലുള്ള സഖ്‌ലെയ്ന്‍ മുഷ്താഖ് ക്രിക്കറ്റ് ക്യാംപില്‍ അദ്ദേഹം മകനെ കൊണ്ടുചെന്നാക്കുന്നത്.തുടക്ക കാലത്ത് പേസ് ബൗളറായിരുന്നു ഇനാന്‍. പിന്നീട് സ്പിന്നിലേക്ക് താരത്തെ തിരിച്ചുവിട്ടത് മുഷ്താഖാണ്.
ക്ലാസിക്കല്‍ ലെഗ് സ്പിന്നറല്ല ഇനാന്‍. അവന്റെ ബൗളിങ് ആക്ഷന്‍ അല്‍പ്പം വേഗത്തിലുള്ളതാണ്. ബാറ്റ്‌സ്മാന് ഇത് മനസിലാക്കാന്‍ വളരെ പ്രയാസമാണ്. പല പരിശീലകരും അവന്റെ ബൗളിങ് ആക്ഷന്‍ മാറ്റാന്‍ ശ്രമിച്ചപ്പോഴും സഖ്‌ലെയ്ന്‍ മുഷ്താഖ് ഇതാണ് നിന്റെ കരുത്ത് എന്ന് പറഞ്ഞ് അവനെ പിന്തുണക്കുകയായിരുന്നു.ആക്ഷന്‍ മാറ്റാന്‍ ശ്രമിക്കാതെ, ഇപ്പോള്‍ ചെയ്യുന്നത് തുടരാനായിരുന്നു ഇനാന്റെ പിതാവിനോട് സഖ്‌ലൈന്റെ ഉപദേശം. കളിയില്‍ മികവ് തെളിയിച്ച് തുടങ്ങിയതോടെ കൂടുതല്‍ അവസരം തേടി, ഇനാന്‍ നാട്ടിലേക്ക് മടങ്ങി.
പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വാതില്‍ തുറന്നു. ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് അരങ്ങേറ്റത്തിലാണ് ഇനാന്‍ എല്ലാവരേയും ഞെട്ടിച്ചത്. 9 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം വരവറിയിച്ചത്. ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഏകദിനത്തില്‍ നിന്ന് ആറ് വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 32 റണ്‍സിന് നാല് വിക്കറ്റാണ് ആദ്യ മത്സരത്തില്‍ത്തന്നെ താരം വീഴ്ത്തിയത്.
ഇനാന്റെ കുടുംബം അവന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയും മികച്ച പരിശീലനം നല്‍കുകയും ചെയ്തു. ദിനേഷ് ഗോപാലകൃഷ്ണന്‍ എന്ന പരിശീലകന് കീഴില്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി വരികെയാണ് കേരളത്തിന്റെ അണ്ടര്‍ 14 ടീമിലേക്ക് ആദ്യമായി ഇനാന് വിളി ലഭിക്കുന്നത്.
പിന്നീടിങ്ങോട്ട് താരത്തിന്റെ വളര്‍ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 2022-23ലെ വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ 32 വിക്കറ്റുകളാണ് ഇനാന്‍ വീഴ്ത്തിയത്. കുച്ച് ബിഹാര്‍ ട്രോഫിയില്‍ 24 വിക്കറ്റും 200 റണ്‍സും താരം നേടി. ഇതാണ് അണ്ടര്‍ 19 കേരള ടീമിലേക്ക് താരത്തെ എത്തിച്ചത്. ഇവിടെ നിന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമിലേക്കുമെത്തുന്നത്.
ഏതായാലും കേരള ക്രിക്കറ്റിലെ യുവതാരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയാണ് ആരോണും ഇനാനും ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്.ഇതിലൂടെ വരും നാളുകളില്‍ കേരളക്രിക്കറ്റിന്റെ ഭാവിയും ശോഭനമാകുമെന്ന് പ്രതീക്ഷിക്കാം.
