ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരാട് കോലിയുടെ റെക്കോര്‍ഡും പഴങ്കഥയാക്കി സഞ്ജു സാംസണ്‍; ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന് സ്‌കോര്‍ നേടി സഞ്ജു
ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരാട് കോലിയുടെ റെക്കോര്‍ഡും പഴങ്കഥയാക്കി സഞ്ജു സാംസണ്‍
കൊല്‍ക്കത്ത: ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ റൗണ്ടിലേക്ക് ഇന്ത്യ എത്തിനില്‍ക്കുകയാണ്. സൂപ്പര്‍ 8ലെ വിന്‍ഡീസിന് എതിരായ മത്സരത്തില്‍ സഞ്ജു സാംസന്റെ മികച്ച ഇന്നിങ്‌സ് ആണ് ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് 19.2 ഓവറില്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു
മത്സരത്തില്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും താരം മറികടന്നു. ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ആണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പുറത്താകാതെ 50 പന്തില്‍ 97 റണ്‍സാണ് സഞ്ജു നേടിയത്.
വിരാട് കോഹ്ലി 2016 മാര്‍ച്ച് 27ന് മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെ 51 പന്തില്‍ 82* റണ്‍സും, 2022 ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെ 53 പന്തില്‍ 82* റണ്‍സുമാണ് നേടിയത്. ഈ റെക്കോര്‍ഡുകളാണ് സഞ്ജു മറികടന്നത്.
ടി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന പട്ടികയിലും സഞ്ജു രണ്ടാം സ്ഥാനത്ത് എത്തി. ഈ പട്ടികയില്‍ ഒന്നാമന്‍ സുരേഷ് റെയ്നയാണ്. 2010 മെയ് 2ന് ദക്ഷിണാഫ്രിക്കക്കെതിരെ 60 പന്തില്‍ 101 റണ്‍സ് നേടിയതാണ് റെയ്നയുടെ റെക്കോര്‍ഡ് പ്രകടനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്നിങ്‌സില്‍ 12 ഫോറുകളും 4 സിക്സുകളും ഉള്‍പ്പെടെ 97 റണ്‍സാണ് സഞ്ജു നേടിയത്.