സെമി ലക്ഷ്യമിട്ട് സൂര്യയും സംഘവും; ജീവൻ മരണ പോരാട്ടത്തിൽ ഇന്ത്യക്ക് ടോസ്; ഈഡൻ ഗാർഡൻസിൽ വിൻഡീസിന് ബാറ്റിംഗ്; സഞ്ജു ടീമിൽ; വിൻഡീസ് നിരയിൽ മാറ്റം
കൊൽക്കത്ത: ടി 20 ലോകകപ്പിൽ ഈഡൻ ഗാർഡൻസിൽ നടക്കുന്ന നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. സിംബാബ്‌വെയ്‌ക്കെതിരെ വിജയം നേടിയ ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം നേടിയിട്ടുണ്ട്. 2016-ലെ ലോകകപ്പ് സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനോടേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള സുവർണ്ണാവസരമാണിത്. ഒരു 'വെർച്വൽ ക്വാർട്ടർ ഫൈനൽ' എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് സെമിയിലേക്ക് മുന്നേറാം.
സൂപ്പർ-8 പട്ടികയിൽ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും രണ്ട് പോയിന്റ് വീതമാണുള്ളത്. എങ്കിലും മെച്ചപ്പെട്ട നെറ്റ് റൺറേറ്റിന്റെ ബലത്തിൽ വെസ്റ്റ് ഇൻഡീസ് നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് നേരിട്ട് സെമിയിലേക്ക് കടക്കാം. എന്നാൽ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്താൽ, നെറ്റ് റൺറേറ്റിലെ മുൻതൂക്കം വെസ്റ്റ് ഇൻഡീസിന് തുണയാകും. അങ്ങനെയെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും.
ഓപ്പണർ ബ്രാൻഡൻ കിംഗിനെ ഒഴിവാക്കിയാണ് വിൻഡീസ് ഇറങ്ങുന്നത്. പകരം സ്പിന്നർ അക്കീൽ ഹൊസൈനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാരൻ സമി പരിശീലകനായ വിൻഡീസ് പടയുടെ മികച്ച ആത്മവിശ്വാസത്തിലാണ്. ബ്രാൻഡൻ കിംഗിന് പകരം റോസ്റ്റൺ ചേസ് ഇന്നിങ്സ് ഓപ്പൺ ചെയ്യുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അധിക സ്പിന്നറുടെ സാന്നിധ്യം ടീമിന് ഗുണകരമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അതേസമയം, ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല.
പ്ലേയിംഗ് ഇലവൻ
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക്, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അക്കീൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമർ ജോസഫ്.
