'ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്'; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര; സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്‍
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയത്തോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. 196 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് കരുത്തായത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സും തിലക് വര്‍മയുടെ പിന്തുണയും അവസാന നിമിഷം ശിവം ദുബെ നടത്തിയ മിന്നല്‍ പ്രകടനവുമാണ്.
മത്സരത്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് സ്റ്റാര്‍ പേസറും സഹതാരവുമായ ജസ്പ്രീത് ബുംറ. അടുത്തിടെ സഞ്ജു നേരിട്ട വെല്ലുവിളികളെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു ബുമ്രയുടെ പ്രശംസ. ടീമില്‍ നിന്ന് പുറത്താകുകയും ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത പ്രയാസകരമായ സാഹചര്യത്തിലും മികച്ച മാനസികാവസ്ഥ നിലനിര്‍ത്താന്‍ സഞ്ജുവിന് കഴിഞ്ഞു. ആത്മവിശ്വാസത്തോടെയും കൃത്യമായ പ്ലാനിംഗോടെയുമാണ് സഞ്ജു ഈ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും ബുമ്ര പറഞ്ഞു. വിജയറണ്‍ കുറിച്ച ശേഷം ആകാശത്തേക്ക് വിരല്‍ ചൂണ്ടിയും കുരിശുവരച്ചും സഞ്ജു നടത്തിയ വൈകാരികമായ ആഘോഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇന്ത്യന്‍ ജയം അനായാസമാക്കിയ ശിവം ദുബെയുടെ 'കാമിയോ' ബുമ്ര എടുത്തുപറഞ്ഞു. സഞ്ജുവിന്റെ സെഞ്ച്വറിക്ക് ഒപ്പം അടുത്ത നിര്‍ണായക ഇന്നിംഗ്സ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ശിവം ദുബെ 19-ാം ഓവറില്‍ നേടിയ രണ്ട് ഫോറുകളാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് ബുമ്ര ചൂണ്ടിക്കാട്ടി. ഷമാമര്‍ ജോസഫ് എറിഞ്ഞ 19-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായ ശേഷം വന്ന ദുബെ നേടിയ രണ്ട് ബൗണ്ടറികളാണ് ഇന്ത്യയുടെ ലക്ഷ്യം ലഘൂകരിച്ചത്. സാധാരണ സ്ഥിതിവിവരക്കണക്കുകളില്‍ (Stats) ഈ ചെറിയ ഇന്നിംഗ്സ് ശ്രദ്ധിക്കപ്പെട്ടെന്നു വരില്ല. എന്നാല്‍ അവസാന ഓവറിലെ 8-9 റണ്‍സ് എന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യമാണെന്നും ആ സമ്മര്‍ദ്ദം ഒഴിവാക്കിയത് ദുബെയുടെ പ്രകടനമാണെന്നും ബുമ്ര പറഞ്ഞു.
സഞ്ജു സാംസണ്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍, അവസാന നിമിഷം സമ്മര്‍ദ്ദമില്ലാതെ കളി ഫിനിഷ് ചെയ്തത് ദുബെയായിരുന്നു. മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താകലിന് ശേഷം ക്രീസിലെത്തിയ ദുബെ നേരിട്ട വെല്ലുവിളി കടുത്തതായിരുന്നു. ഇന്ത്യയ്ക്ക് ജയിക്കാന്‍ 10 പന്തില്‍ 17 റണ്‍സ് വേണമെന്നിരിക്കെയാണ് ദുബെ ബാറ്റിംഗിനെത്തുന്നത്. അനുഭവസമ്പന്നനായ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
സമ്മര്‍ദ്ദത്തിന് വശപ്പെടാതെ ശാന്തനായി ബാറ്റ് വീശിയ ദുബെ, താന്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ നേടി കളി ഇന്ത്യയുടെ വരുതിയിലാക്കി. ദുബെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടന്നു. ഷമര്‍ ജോസഫിന്റെ ഒരു ലോ ഫുള്‍ടോസിനെ മനോഹരമായി മിഡ്-വിക്കറ്റിലൂടെ ഫ്‌ലിക്ക് ചെയ്ത് ബൗണ്ടറി കടത്തി. കൃത്യമായ യോര്‍ക്കര്‍ ലെങ്തില്‍ വന്ന രണ്ടാം പന്തിനെ ബാറ്റിന്റെ ഫേസ് തുറന്ന് (Open bat face) ടൈം ചെയ്തെങ്കിലും ബാക്ക് വേര്‍ഡ് പോയിന്റിലെ ഫീല്‍ഡറുടെ കൈകളില്‍ പന്ത് ഒതുങ്ങി. മൂന്നാം പന്തില്‍ തൊട്ടു മുന്‍പത്തെ പന്തില്‍ കളിച്ച അതേ ഷോട്ട് ആവര്‍ത്തിച്ച ദുബെ, ഇത്തവണ കൃത്യമായി ഗ്യാപ്പ് കണ്ടെത്തി പന്ത് അതിര്‍ത്തി കടത്തി. ഈ രണ്ട് ബൗണ്ടറികളോടെ ഇന്ത്യയുടെ വിജലക്ഷ്യം 7 പന്തില്‍ 9 റണ്‍സ് എന്ന നിലയിലേക്ക് കുറഞ്ഞു. ഇതോടെ പതറിപ്പോകാന്‍ സാധ്യതയുണ്ടായിരുന്ന റണ്‍ ചേസ് ഇന്ത്യയ്ക്ക് എളുപ്പമായി മാറി. ഇതുകൊണ്ടാണ് ജസ്പ്രീത് ബുമ്ര ദുബെയെ പ്രത്യേകം അഭിനന്ദിച്ചത്. സ്ഥിതിവിവരക്കണക്കുകളില്‍ ദുബെയുടേത് ഒരു ചെറിയ ഇന്നിംഗ്സ് ആണെങ്കിലും, അത് ഇന്ത്യയുടെ സെമി പ്രവേശനത്തില്‍ എത്രത്തോളം നിര്‍ണ്ണായകമായിരുന്നു എന്ന് ബുമ്ര അടിവരയിടുന്നു.
