'മോഹന്‍ലാലിനെപ്പോലെ പല റോളുകളും ചെയ്യേണ്ടി വരും; ചിലപ്പോള്‍ വില്ലനായും ജോക്കറായും ഒടുവില്‍ നായകനായും മാറണം; സഞ്ജു മോഹന്‍ലാല്‍ സാംസണ്‍'; കൊല്‍ക്കത്തയിലെ ഇന്നിംഗ്‌സിനും ഒരു 'ലാലേട്ടന്‍ ടച്ച്'; 'സ്ലീപ്പര്‍ സെല്‍സ്' ആരാധകരുള്ള താരമെന്ന് സോഷ്യല്‍ മീഡിയ

Update: 2026-03-02 09:36 GMT

കൊല്‍ക്കത്ത: ഒരു ത്രില്ലര്‍ സിനിമ കാണും പോലെയായിരുന്നു ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 പോരാട്ടത്തെ ഭൂരിഭാഗം ആരാധകരും നോക്കിക്കണ്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ ബാറ്റിങ് വെടിക്കെട്ടും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്ന വിക്കറ്റുവേട്ടയും മാസ്മരിക ക്യാച്ചുകളും കൈവിട്ട കളി തിരിച്ചുപിടിച്ച സഞ്ജുവിന്റെ നായകന്‍ ഇന്നിംഗ്‌സും ഒടുവില്‍ ക്ലൈമാക്‌സില്‍ കാമിയോ ഇന്നിംഗ്‌സുമായി ശിവം ദുബെയും ഒക്കെ ചേര്‍ന്ന് ആരാധകരെ ത്രസിപ്പിച്ച് ഇന്ത്യയുടെ സെമി പ്രവേശനവും. ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ പ്രകടനത്തിന് പോലും ഒരു 'ലാലേട്ടന്‍ ടച്ച്' എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

കുറച്ചുകാലമായി തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം ബോക്‌സ് ഓഫീസില്‍ ഹിറ്റുകളുമായി ലാലേട്ടന്‍ തിരിച്ചുവന്നതുപോലെ, സഞ്ജുവും കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ടി20 ലോകകപ്പില്‍ നടത്തിയത്. നിര്‍ണ്ണായക മത്സരത്തില്‍ 97 റണ്‍സ് എടുത്ത് ഇന്ത്യയെ വിജയിപ്പിച്ച ശേഷം സഞ്ജു മുട്ടുകുത്തിനിന്ന് ദൈവത്തോട് നന്ദി പറയുന്ന ദൃശ്യങ്ങളെ സിനിമയിലെ ഹീറോയിക് സീനുകളോടാണ് ആരാധകര്‍ ഉപമിക്കുന്നത്. മലയാള സിനിമയില്‍ മോഹന്‍ലാലിന് ഉള്ളതുപോലെ ക്രിക്കറ്റില്‍ വന്‍തോതിലുള്ള 'സ്ലീപ്പര്‍ സെല്‍സ്' ആരാധകരുള്ള താരമാണ് സഞ്ജു എന്ന് ഈ പ്രകടനത്തിലൂടെ തെളിയിക്കപ്പെട്ടതായി ആരാധകര്‍ പറയുന്നു.

മുന്‍പ് ഒരു പത്രസമ്മേളനത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് സഞ്ജു പറഞ്ഞ വാക്കുകളും ഇപ്പോള്‍ വൈറലാവുകയാണ്. സിനിമയില്‍ ലാലേട്ടന്‍ ചെയ്യുന്നതുപോലെ ക്രിക്കറ്റില്‍ തനിക്കും വില്ലനായും നായകനായും ജോക്കറായും പല റോളുകള്‍ ചെയ്യേണ്ടി വരുമെന്ന് സഞ്ജു പറഞ്ഞിരുന്നു. അന്ന് തമാശയായി തന്നെ 'സഞ്ജു മോഹന്‍ലാല്‍ സാംസണ്‍' എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിലൂടെ മോഹന്‍ലാലിന്റെ മാസ് തിരിച്ചുവരവുകളെപ്പോലെ സഞ്ജു സാംസണും കായികലോകത്ത് ഒരു 'ലാലേട്ടന്‍ ടച്ച്' കൊണ്ടുവന്നിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖര്‍ സഞ്ജുവിന്റെ ഈ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വരെ സഞ്ജുവിന്റെ പോരാട്ടവീര്യത്തെ വാനോളം പുകഴ്ത്തി.

നമ്മുടെ കുട്ടികള്‍ ഈ പോരാട്ടം അതിമനോഹരമായി കൈകാര്യം ചെയ്തുവെന്ന് സച്ചിന്‍ പറഞ്ഞു. രണ്ട് ഇന്നിംഗ്സുകളിലെയും അവസാന ഓവറുകള്‍ കൃത്യമായി നിയന്ത്രിക്കാനായത് നമുക്ക് മുന്‍തൂക്കം നല്‍കി. ക്രീസില്‍ സഞ്ജു സാംസണ്‍ പുലര്‍ത്തിയ ആ ശാന്തത കാണാന്‍ തന്നെ എന്തൊരു ഭംഗിയായിരുന്നു. അത്തരമൊരു സാന്നിധ്യം ഒരു ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇനി നേരെ സെമി ഫൈനലിലേക്ക്, എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചത്.

Tags:    

Similar News