'അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ?' അന്ന് സഞ്ജുവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം സൂര്യ ചിരിച്ചുതള്ളി; ഇന്ന് തൊപ്പി തലയില്‍നിന്ന് ഊരി അഭിനന്ദനം; മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്‍

Update: 2026-03-02 05:06 GMT

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ സഞ്ജു സാംസണ്‍ ആണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയിലെ ചര്‍ച്ചവിഷയം. തുടക്കത്തില്‍ അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയ്ക്ക് 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് സെമി ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. നാല് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യ അഞ്ച് വിക്കറ്റ് ജയത്തോടെ സെമിയിലേക്ക് കുതിച്ചു.

ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ സഞ്ജു സാംസണെ ആവേശത്തോടെയാണ് സഹതാരങ്ങള്‍ വരവേറ്റത്. അതില്‍ ആരാധകരെ ഏറ്റവും ത്രസിപ്പിച്ചത് നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പെരുമാറ്റമായിരുന്നു. ഇന്ത്യന്‍ ക്യാപ് ഊരി തലകുനിച്ച് അഭിവാദ്യം ചെയ്യുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. രണ്ടു കയ്യും ഉയര്‍ത്തി തല കുമ്പിട്ട ശേഷം സൂര്യകുമാര്‍ തൊപ്പി തലയില്‍നിന്ന് ഊരുകയായിരുന്നു. ചിരിയോടെ അടുത്തെത്തിയ സഞ്ജു, ക്യാപ്റ്റനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ബിസിസിഐയടക്കം ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

മത്സരശേഷം നടന്ന പുരസ്‌കാര വിതരണ ചടങ്ങിലും സഞ്ജുവിനെ സൂര്യകുമാര്‍ യാദവ് വാനോളം പുകഴ്ത്തി. ''ക്ഷമയോടെ കാത്തിരിക്കുന്ന നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ അവനെ കണ്ടപ്പോഴും ഞാന്‍ അത് പറഞ്ഞു. ഇത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്; കളിക്കാതിരുന്ന സമയത്ത് അവന്‍ ചെയ്ത കാര്യങ്ങളുടെ ഫലം ശരിയായ ഘട്ടത്തില്‍ അവന് ലഭിച്ചു. അവന്‍ ബാറ്റ് ചെയ്ത രീതി ടീമിനെ പൂര്‍ണമായും വിജയത്തിലെത്തിച്ചു.'' സൂര്യ പറഞ്ഞു.

''തീര്‍ച്ചയായും ഇതൊരു മികച്ച അനുഭവമാണ്. ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പോലെയായിരുന്നു. നമ്മുടെ ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. നല്ല മനുഷ്യന്മാര്‍ക്ക് നല്ലത് സംഭവിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. സഞ്ജുവിന്റെ കാര്യത്തില്‍ ഇത്രയുമാണ് സംഭവിച്ചത്. ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ അവന്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.'' സൂര്യ പറഞ്ഞു.

അതേസമയം, സൂപ്പര്‍ 8 റൗണ്ടിന് മുന്‍പ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ സൂര്യ അത് ചിരിച്ചുതള്ളിയത് സൈബര്‍ലോകത്ത് വീണ്ടും ചര്‍ച്ചയായി. സൂര്യകുമാര്‍ അന്നു പറഞ്ഞതിന്റെ വിഡിയോയും ഇന്ന് ക്യാപ് ഈരി 'തലകുനി'ക്കുന്നതിന്റെയും വിഡിയോയും ചേര്‍ത്ത് പലരും പോസ്റ്റ് ചെയ്തു. അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ സംഭവം.

ട്വന്റി20 ലോകകപ്പില്‍ അതുവരെയുള്ള ഇന്ത്യയുടെ മോശം തുടക്കങ്ങളെക്കുറിച്ചും സഞ്ജുവിനെ ഇലവനിലേക്ക് തിരികെ കൊണ്ടുവരാന്‍ പദ്ധതിയുണ്ടോ എന്നും ഒരു മാധ്യമ പ്രവര്‍ത്തകന്‍ സൂര്യയോട് ചോദിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജു കളിച്ചത് (അഭിഷേക് ശര്‍മയ്ക്ക് വയറുവേദനയെത്തുടര്‍ന്ന് മത്സരം നഷ്ടമായപ്പോള്‍). അതില്‍ സഞ്ജു 8 പന്തില്‍ 22 റണ്‍സ് നേടിയിരുന്നു. എന്നാല്‍ അതിന് സൂര്യയുടെ മറുപടി ഇങ്ങനെയായിരുന്നു:

'അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്?'' ചിരിയോടെ സൂര്യ മറുപടി നല്‍കി. മൂന്നാം നമ്പറില്‍ കളിപ്പിക്കാമെന്ന് റിപ്പോര്‍ട്ടര്‍ നിര്‍ദേശിച്ചപ്പോഴും സമാനമായ മറുപടിയാണ് ക്യാപ്റ്റന്‍ നല്‍കിയത്. ''ഓ, അപ്പോള്‍ ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ?'' എന്ന് ചോദിച്ച് സൂര്യ പൊട്ടിച്ചിരിച്ചു. ടോപ്പ് ഓര്‍ഡറില്‍ അഭിഷേക്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരെ നിലനിര്‍ത്തുന്നതിനെ സൂര്യ ന്യായീകരിച്ചു. സൂപ്പര്‍ 8 ഘട്ടത്തില്‍ പവര്‍പ്ലേയിലെ ബാറ്റിങ് പ്രശ്‌നങ്ങള്‍ക്ക് ടീം പരിഹാരം കാണുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സൂര്യയുടെ ഈ പ്രതികരണം അന്നു തന്നെ വ്യാപക വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെകൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. സിംബാബ്വെയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു നല്‍കി തുടക്കം ടീമിന്റെ വിജയത്തില്‍ നിര്‍ണാകമായി. ഇപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിര്‍ണായക ഇന്നിങ്‌സ് കളിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

അതേ സമയം ഇന്നലത്തെ മത്സരത്തിന് ശേഷം സഞ്ജു തന്റെ സന്തോഷം പങ്കുവച്ചു. സഞ്ജുവിന്റെ വാക്കുകള്‍... ''ലോകം മുഴുവന്‍ ഞാനായതായി തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിച്ചിരുന്നു. 'എന്ത് സംഭവിക്കും', 'എനിക്ക് സാധിക്കുമോ' എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്.'' സഞ്ജു പറഞ്ഞു.

Tags:    

Similar News