ഓപ്പണിംഗ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത് 162 റൺസ്; അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷ്; കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്കായി പൊരുതി ചമരി അട്ടപ്പട്ടു; നാലാം ടി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം; പരമ്പരയിൽ 4-0ത്തിന് മുന്നിൽ
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ 30 റൺസിന് ആധികാരിക വിജയം നേടി ഇന്ത്യൻ വനിതകൾ. സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് സ്ഥാപിച്ച റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ടും റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ടീമിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്‌ഡി, വൈഷ്ണവി ശർമ്മ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നല്ലപുരെഡ്ഡി ചരണി ഒരു വിക്കറ്റ് നേടി.
ചാമരി അത്തപ്പത്തു (37 പന്തിൽ 52 റൺസ്), ഹസിനി പെരേര (33 റൺസ്) എന്നിവർ ചേർന്ന് ആദ്യ വിക്കറ്റിൽ 59 റൺസിന്റെ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 221 റൺസ് നേടി. ഇത് അന്താരാഷ്ട്ര വനിതാ ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടോട്ടലാണ്.
ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു ബൗൾ ചെയ്യാനുള്ള തീരുമാനം ഇന്ത്യൻ ഓപ്പണർമാരായ സ്മൃതി മന്ധാനയും ഷെഫാലി വർമ്മയും തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റിൽ 162 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മികച്ച ഫോമിലായിരുന്ന ഷെഫാലി വർമ്മ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറി കുറിച്ചു. 46 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 79 റൺസാണ് ഷെഫാലി നേടിയത്. മറുവശത്ത്, സ്മൃതി മന്ധാന 48 പന്തിൽ 11 ഫോറും 3 സിക്‌സും ഉൾപ്പെടെ 80 റൺസ് നേടി ഇന്ത്യൻ സ്കോറിന് ശക്തമായ അടിത്തറയിട്ടു.
ഓപ്പണർമാർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ 200 കടത്തി. 16 പന്തിൽ 4 ഫോറും 3 സിക്‌സും സഹിതം 40 റൺസുമായി റിച്ച പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 10 പന്തിൽ ഒരു ഫോറും ഒരു സിക്‌സും സഹിതം 16 റൺസ് നേടി സ്കോർ 221-ൽ എത്തിച്ചു. ഇതോടെ, 2024-ൽ വെസ്റ്റ് ഇൻഡീസ് വനിതാ ടീമിനെതിരെ നേടിയ 4 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന മുൻ റെക്കോർഡ് ഇന്ത്യ തിരുത്തിക്കുറിച്ചു. അന്താരാഷ്ട്ര ടി20യിൽ ഇത് നാലാം തവണയാണ് ഇന്ത്യൻ വനിതാ ടീം 200-ന് മുകളിൽ സ്കോർ ചെയ്യുന്നത്.
