'ഞങ്ങള്‍ ഐസും ഫയറുമല്ല, ഫയറും ഫയറുമാണ്; ചിലപ്പോള്‍ അവന്‍ അടിച്ചുതകര്‍ക്കും, അല്ലെങ്കില്‍ ഞാന്‍; മൈതാനത്തിന് അകത്തും പുറത്തും ശക്തമായ ഒരു കേരള-പഞ്ചാബി സൗഹൃദം'; അതു കേള്‍ക്കുമ്പോള്‍ അഭിഷേക് ശര്‍മയോട് സഹതാരങ്ങള്‍ക്ക് 'അസൂയ'യെന്നും സഞ്ജു

Update: 2026-03-15 07:24 GMT

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ തന്റെ ഓപ്പണിംഗ് പങ്കാളി അഭിഷേക് ശര്‍മ്മയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസണ്‍. തങ്ങള്‍ക്കിടയിലെ പാര്‍ട്ണര്‍ഷിപ്പ് തികച്ചും സ്വാഭാവികവും സന്തുലിതവുമാണ്. തങ്ങള്‍ക്കിടയിലുള്ളത് വെറുമൊരു ഓപ്പണിംഗ് കൂട്ടുകെട്ടല്ലെന്നും, മൈതാനത്തിന് അകത്തും പുറത്തും ശക്തമായ ഒരു കേരള-പഞ്ചാബി സൗഹൃദമാണുള്ളതെന്നും സഞ്ജു പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ അഭിഷേക് ശര്‍മ്മയോടൊപ്പം പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു സഞ്ജു.

'ഞങ്ങള്‍ ഐസും ഫയറുമല്ല, മറിച്ച് ഫയറും ഫയറുമാണ്. ചിലപ്പോള്‍ അവന്‍ അടിച്ചുതകര്‍ക്കും, അല്ലെങ്കില്‍ ഞാന്‍. ആ ഒരു കോമ്പിനേഷനാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. 2024 മുതല്‍ തുടങ്ങിയ 'കേരള-പഞ്ചാബി' സൗഹൃദം ക്രീസിലും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ വളരെ സിംമ്പിളാണ്, ഒന്നും കോംപ്ലിക്കേറ്റഡാവാറില്ല. അവന്‍ എന്നോട് വന്ന് ചോദിക്കും, ഭായ്, ബോള്‍ എങ്ങനെയാ വരുന്നതെന്ന്. ബോള്‍ നോര്‍മല്‍ ആയിട്ടാ വരുന്നതെന്ന് പറഞ്ഞിട്ട് ഒരു സിക്‌സര്‍ അങ്ങ് അടിക്കും. അത്രയേ ഉള്ളൂ കാര്യം. അഭിഷേക് ധൈര്യമുള്ള, കാര്യങ്ങളെ കൂളായി കാണുന്ന ഒരാളാണ്. അവന്റെ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്. മൈതാനത്തിന് അകത്തായാലും പുറത്തായാലും അവനുമൊത്തുള്ള സൗഹൃദം ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ട്.'- സഞ്ജു പറയുന്നു

അഭിഷേകിന്റെ ധൈര്യത്തെയും ശാന്തതയെയും പ്രശംസിച്ച സഞ്ജു, തമാശരൂപേണ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. പണ്ട് മൈതാനത്തേക്ക് വരുമ്പോള്‍ എല്ലാവരും 'അഭിഷേക്... അഭിഷേക്...' എന്ന് മാത്രം ആര്‍പ്പുവിളിക്കുന്നത് കേട്ട് ഞങ്ങള്‍ക്ക് കുറച്ചൊക്കെ അസൂയയൊക്കെ തോന്നിയിട്ടുണ്ട്. അന്ന് ഞങ്ങള്‍ വിചാരിച്ചത് ആളുകള്‍ ഇവനെ മാത്രമേ കാണുന്നുള്ളൂ എന്നുണ്ടോ എന്നൊക്കെയാണ്. പക്ഷേ ഇപ്പോള്‍ അവന്‍ ടീമിലെ സ്റ്റാര്‍ ആയിക്കഴിഞ്ഞു. എന്തായാലും ഭായ്, നീ പെട്ടെന്ന് തന്നെ ഒരു കല്യാണം കഴിക്കണം'- സഞ്ജു തമാശരൂപേണ അഭിഷേകിനോട് പറഞ്ഞു.


ന്യൂസിലന്‍ഡിനെതിരായ ആവേശകരമായ ഫൈനലില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കും വിജയത്തിലേക്കും നയിച്ചത് സഞ്ജു-അഭിഷേക് സഖ്യത്തിന്റെ വെടിക്കെട്ട് തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ നിശ്ചിത ഓവറില്‍ ഇന്ത്യ 255 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തുകയായിരുന്നു. 96 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ഇന്ത്യ, തുടര്‍ച്ചയായി രണ്ടാം തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമായും സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമായും ചരിത്രം കുറിച്ചിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ സ്വന്തം മണ്ണില്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യക്ക് സ്വന്തമായി. ലോകകപ്പില്‍ സഞ്ജു സാംസണിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ടീമിലെ അസ്ഥിരതയും ബെഞ്ചിലിരിക്കേണ്ടി വന്ന സാഹചര്യങ്ങളും മറികടന്ന് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ്പ് സ്‌കോററായി സഞ്ജു മാറി. 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

Tags:    

Similar News