'ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റെടുക്കാന്‍ ലക്ഷ്മണില്ല! ഗംഭീറിനെ മാറ്റാനുള്ള നീക്കം പാളിയോ? ട്വന്റി 20 ലോകകപ്പ് ഗംഭീറിന് അഗ്‌നിപരീക്ഷ!' ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു; ഒടുവില്‍ ബിസിസിഐ സെക്രട്ടറിക്ക് മൗനം വെടിയേണ്ടി വന്നു
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ മാറ്റാന്‍ ബിസിസിഐ ആലോചിച്ചിരുന്നതായി വിവരം. ഏഷ്യാകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീര്‍ കരുത്തു തെളിയിച്ചപ്പോഴും റെഡ് ബോളില്‍ ഗംഭീര്‍ നിരന്തരം കടുത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ടെസ്റ്റില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതെപോയതോടെയാണ് ഗംഭീറിനെ പുറത്താക്കാന്‍ ബിസിസിഐ ശ്രമിച്ചത്.
മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണിനെ പുതിയ പരിശീലകനാക്കാനായിരുന്നു ബിസിസിഐയുടെ ശ്രമം. എന്നാല്‍ ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ മടിച്ച ലക്ഷ്മണ്‍, നിലവിലുള്ള ജോലിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍ഡിന്റെ ഡയറക്ടറാണ് ലക്ഷ്മണ്‍. ടെസ്റ്റ് ടീം കോച്ചാകാന്‍ ബിസിസിഐ നല്‍കിയ ഓഫര്‍ ലക്ഷ്മണ്‍ തള്ളിക്കളയുകയായിരുന്നു.
നിലവില്‍ 2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന് ഇന്ത്യന്‍ ടീം പരിശീലകനായി കരാറുണ്ട്. ഗംഭീര്‍ അത്രയും കാലം തുടരില്ലെന്നാണ് അഭ്യൂഹങ്ങള്‍. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം അനുസരിച്ചിരിക്കും ഗംഭീറിന്റെ ഭാവി. ഇന്ത്യ കപ്പ് നേടുകയോ, ഫൈനലിലെത്തുകയോ ചെയ്താല്‍ ഗംഭീര്‍ തന്നെ പരിശീലകനായി തുടരും. പ്രാരംഭ ഘട്ടത്തില്‍ തന്നെ ലോകകപ്പില്‍നിന്നു പുറത്തായാല്‍ ഗംഭീറിന് പരിശീലകസ്ഥാനവും നഷ്ടമാകും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ 2025- 27 സീസണില്‍ ഇന്ത്യയ്ക്ക് ഇനിയും ഒന്‍പതു മത്സരങ്ങള്‍ ബാക്കിയുണ്ട്. അതിനു മുന്‍പ് ടെസ്റ്റ് ഫോര്‍മാറ്റിലെ പരിശീലകസ്ഥാനം മാത്രം മറ്റൊരാള്‍ക്കു നല്‍കാന്‍ ആലോചനകള്‍ തുടരുകയാണ്.
ടെസ്റ്റില്‍ ഗംഭീറിനെ മാറ്റിയാല്‍ പകരം മറ്റൊരു ഇന്ത്യന്‍ പരിശീലകനെ കണ്ടെത്താന്‍ സാധിക്കാത്തതാണു തലവേദനയെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഗംഭീര്‍ പരിശീലകനായിരിക്കുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്കു പോലും ടീമിലെ സ്ഥാനത്തില്‍ ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടീമിലെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിനെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍നിന്ന് പുറത്താക്കിയത് ഗംഭീറിന്റെ ഇടപെടല്‍ കാരണമാണെന്നാണു വിവരം.
എന്നാല്‍, ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്ത് വന്നു. പകരക്കാരനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെറും കിംവദന്തികളാണെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പരിശീലകനെ മാറ്റുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കരാര്‍ പ്രകാരം ഗംഭീര്‍ തന്റെ റോളില്‍ തുടരുമെന്നും സൈകിയ വ്യക്തമാക്കി.
ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് സമ്മിശ്ര ഫലങ്ങാണ് ലഭിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ശ്രദ്ധേയമായ വിജയങ്ങള്‍ സ്വന്തമാക്കി. ഐസിസി, എസിസി കിരീടങ്ങള്‍ നേടി. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റില്‍ അതേ നിലവാരത്തില്‍ മുന്നോട്ട് പോകാന്‍ ഗംഭീറിന് സാധിച്ചില്ല. ഇന്ത്യ സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിനലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങള്‍ക്കെതിരെ 10 തോല്‍വികള്‍ ഏറ്റുവാങ്ങി. ഇതോടെയാണ് അദ്ദേഹത്തെ മാറ്റണമെന്ന ചര്‍ച്ചകള്‍ പോലും ആരംഭിച്ചത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ന് പരാജയപ്പെട്ടിരുന്നു. ഇതോടെ കടുത്ത വിമര്‍ശനങ്ങളായി.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി പ്രസിഡന്റ് വിവിഎസ് ലക്ഷ്മണെ ബിസിസിഐ സമീപിച്ചുവെന്നും എന്നാല്‍ അദ്ദേഹം നിരശിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തള്ളികളയുകയാണ് സൈകിയ. ഒരു പരിശീലകനെയും സമീപിച്ചിട്ടില്ലെന്നും ഒരു ഫോര്‍മാറ്റിലും ഗംഭീറിനെ മാറ്റുന്നതിനെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2027 ലെ ഏകദിന ലോകകപ്പ് വരെ ഗംഭീറിന്റെ കരാര്‍ നിലവിലുണ്ടെന്നും നിലവിലെ പരിശീലക ഘടനയില്‍ മാറ്റമില്ലെന്നും അദ്ദേഹം അടിവരയിട്ടു.
