അഭിഷേകിന് ഒപ്പം സഞ്ജു ഓപ്പണ്‍ ചെയ്യും; ടീമില്‍ ഇഷാന്‍ കിഷനും; ലോകകപ്പിന് മുന്നോടിയായി ഗംഭീറിന്റെ നിര്‍ണായക പരീക്ഷണം; നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്; നാഗ്പൂരില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
നാഗ്പൂര്‍: ലോകകപ്പിന് തൊട്ടുമുമ്പുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ട്വന്റി 20യില്‍ ടോസിലെ ഭാഗ്യം ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ക്കൊപ്പം. ടോസ് നേടിയ കിവികള്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഭിഷേക് ശര്‍മക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കും. ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് ഈ പരമ്പര നിര്‍ണ്ണായകമാണ്. ഇരുവിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് അവസരം നല്‍കുന്ന ഗംഭീര്‍ ലക്ഷ്യമിടുന്നതും മികച്ച പ്രകടനം തന്നെ.
പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. രാത്രി മഞ്ഞുവീഴ്ചയുള്ളതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടെന്നും സൂര്യ പറഞ്ഞു. ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മിച്ചല്‍ സാന്റ്‌നര്‍ ക്യാപ്റ്റനായി തിരിച്ചെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുമുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്.
നാഗ്പൂരിലെ പിച്ച് പൊതുവെ കുറഞ്ഞ സ്‌കോറുകള്‍ക്ക് പേരുള്ളതാണ്. പിച്ചില്‍ വിള്ളലുകള്‍ ഉള്ളതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നല്ല പിന്തുണ ലഭിക്കുമെന്നാണ് സൈമണ്‍ ഡൂളും ദീപ് ദാസ് ഗുപ്തയും വിലയിരുത്തുന്നത്. രാത്രി 8:30 ഓടെ മഞ്ഞുവീഴ്ചയ്ക്ക് (Dew) സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായേക്കാം. അതുകൊണ്ട് തന്നെയാണ് ടോസ് നേടിയ ഉടന്‍ സാന്റ്നര്‍ ബൗളിംഗ് തിരഞ്ഞെടുത്തത്. ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് എന്ന യുവതാരത്തെ ഇന്ന് ന്യൂസിലന്‍ഡ് അരങ്ങേറ്റത്തിന് ഇറക്കുന്നുണ്ട്. മറുഭാഗത്ത് വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ തന്ത്രങ്ങളും ബുംറയുടെ മാരക യോര്‍ക്കറുകളുമാകും ഇന്ത്യയുടെ പ്രധാന ആയുധങ്ങള്‍.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലന്‍ഡ് ടീം: ടിം റോബിന്‍സണ്‍, ഡെവണ്‍ കോണ്‍വേ (wk), റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോധി, ജേക്കബ് ഡഫി
