കാനഡയ്ക്കെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ടി 20 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ജയത്തോടെ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍; നാല് വിക്കറ്റുമായി തിളങ്ങി നബി; കഴിഞ്ഞ സെമിഫൈനലിസ്റ്റുകള്‍ മടങ്ങുന്നത് 2 ജയവുമായി
കാനഡയ്ക്കെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ടി 20 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ജയത്തോടെ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍; നാല് വിക്കറ്റുമായി തിളങ്ങി നബി; കഴിഞ്ഞ സെമിഫൈനലിസ്റ്റുകള്‍ മടങ്ങുന്നത് 2 ജയവുമായി
ചെന്നൈ: ട്വന്റി 20 ലോകകപ്പില്‍ നിന്ന് സൂപ്പര്‍ എട്ട് കാണാതെ പുറത്തായെങ്കിലും ജയത്തോടെ ടൂര്‍ണമെന്റിന് അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍. കാനഡയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 82 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ച് കയറിയത്.201 റണ്‍സ് കൂറ്റന്‍വിജയലക്ഷ്യം പിന്തുടര്‍ന്ന കാനഡയ്ക്ക് മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.24 പന്തില്‍ 30 റണ്‍സ് നേടിയ ഹര്‍ഷ് താക്കര്‍ ആണ് കനേഡിയന്‍ നിരയിലെ ടോപ് സ്‌കോറര്‍.അഫ്ഗാനിസ്ഥാന് വേണ്ടി സീനിയര്‍ താരം മുഹമ്മദ് നബി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്.
കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 26 പന്തില്‍ 28 റണ്‍സ് നേടി.ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടിയ യുവരാജ് സാമ്ര 14 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി.ക്യാപ്റ്റന്‍ ദില്‍പ്രീത് ബാജ്വ 7പന്തില്‍ 13,നിക്കോളാസ് കിര്‍ട്ടണ്‍ 12 പന്തില്‍ 10എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.നാല് ഓവറില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് നബി നേടിയത്. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുബീജ് ഉര്‍ റഹ്‌മാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
നേരത്തെആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 56 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറുകളും ഏഴ് ബൗണ്ടറിയും സഹിതം 95 റണ്‍സ് നേടി ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ പുറത്താകാതെ നിന്നു. റഹ്‌മാനുള്ള ഗുര്‍ബാസ് 30(20), സെദീഖുള്ള അത്തല്‍ 44(32) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.