ടി 20 ലോകകപ്പില്‍ അട്ടിമറി തുടര്‍ന്ന് സിംബാബ്‌വെ; ശ്രീലങ്കയെ സ്വന്തം മണ്ണില്‍ വീഴ്ത്തിയത് 6 വിക്കറ്റിന്; ഒരു മത്സരവും തോല്‍ക്കാതെ സൂപ്പര്‍ 8 ലേക്ക് സിംബാബ്‌വെയുടെ രാജകീയ പ്രവേശനം

ഒരു മത്സരവും തോല്‍ക്കാതെ സൂപ്പര്‍ 8 ലേക്ക് സിംബാബ്‌വെയുടെ രാജകീയ പ്രവേശനം

Update: 2026-02-19 15:08 GMT

കൊളമ്പോ: ഓസ്ട്രേലിയയെ അട്ടിമറിച്ചത് യാദൃശ്ചികതയല്ലെന്ന് അടിവരയിട്ട് സിംബാബ്‌വെ. തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കുതിപ്പാണ് സിംബാബ്‌വെ ടി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ നടത്തിയത്. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അവരുടെ മണ്ണില്‍ കീഴടക്കിയാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് രാജകീയമായി സിംബാബ്‌വെ സൂപ്പര്‍ എട്ടിലേക്ക് കടന്നത്.

കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്വെയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ സിംബാബ്വെ ലക്ഷ്യം മറികടന്നു.48 പന്തില്‍ പുറത്താവാതെ 63 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 26 പന്തില്‍ 45 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് മത്സരം അനുകൂലമാക്കിയത്.

18 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ടിന് 166 എന്ന ശക്തമായ നിലയിലായിരുന്നു സിംബാബ്വെ. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത്. 13 റണ്‍സ് മാത്രം. എന്നാല്‍ 19-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ദുഷന്‍ ഹേമന്ത രണ്ട് വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. മഹീഷ് ദീക്ഷണയെറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്ത് തന്നെ ടോണി മുന്യോഗ സിക്‌സര്‍ പായിച്ചു. അടുത്ത പന്തില്‍ ഒരു റണ്‍ കൂടെ. മൂന്നാം പന്തില്‍ ബൗണ്ടറി നേടി ബ്രയാന്‍ ബെന്നറ്റ് സിംബാബ്വെയ്ക്ക് വിജയം സമ്മാനിച്ചു. 48 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി.

മത്സരത്തിലെ താരമായ റാസയുടെ ഇന്നിംഗ്‌സില്‍ നാല് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ ഒരു വിക്കറ്റും റാസ വീഴ്ത്തിയിരുന്നു. തദിവനാഷെ മറുമാനി (34),റ്യാന്‍ ബേണ്‍ (23) എന്നിവരുടെ വിക്കറ്റുകളും സിംബാബ്വെയ്ക്ക് നഷ്ടമായി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക

41 പന്തില്‍ 62 റണ്‍സെടുത്ത പതും നിസ്സങ്കയുടെ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച സ്‌കോറിലേക്കെത്തിയത്.നിസ്സങ്കയ്ക്ക് പുറമെ പവന്‍ രത്‌നായകെയും (25 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കുശാല്‍ പെരേര (14 പന്തില്‍ 22), കുശാല്‍ മെന്‍ഡിസ് (20 പന്തില്‍ 14), ദുനിന് വെല്ലാലഗെ (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നാലില്‍ മൂന്ന് മത്സരവും ജയിച്ചാണ് സിംബാബ്‌വെയുടെ സുപ്പര് എട്ടിലേക്കുള്ള പ്രവേശനം.അയര്‍ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.23 ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് സിംബാബ്‌വെയുടെ അടുത്ത മത്സരം.

Tags:    

Similar News