അന്ന് ഷോർട്ട് ബോളുകൾക്ക് മുന്നിൽ തപ്പിത്തടഞ്ഞു, ഇന്ന് ഇന്ത്യയുടെ ഹീറോ; ദുബെയുടെ മാറ്റത്തിന് പിന്നിൽ ധോണി പറഞ്ഞ ആ ലളിതമായ കാര്യം; വൈറലായി ശിവം ദുബെയുടെ വാക്കുകൾ
ചെന്നൈ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ എം.എസ്. ധോണി നൽകിയ ഒരു ഉപദേശം എങ്ങനെ തന്റെ കരിയറിൽ സ്വാധീനം ചെലുത്തിയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ. ഹോസ്റ്റ് ബ്രോഡ്‌കാസ്റ്റേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ദുബെ തന്റെ മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ഷോർട്ട് ബോളുകളെ നേരിടാൻ ധോണി നൽകിയ നിർണ്ണായകമായ ഒരു ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. എല്ലാ ഷോർട്ട് ബോളുകളും സിക്സർ അടിക്കാൻ ശ്രമിക്കേണ്ടതില്ലെന്നും, സാഹചര്യത്തിനനുസരിച്ച് ഫോറോ സിംഗിളോ എടുക്കാമെന്നും ധോണി തന്നോട് പറഞ്ഞതെന്ന് ദുബെ വെളിപ്പെടുത്തി.
ദുബെയുടെ വാക്കുകൾ ഇങ്ങനെ:
"ഐപിഎല്ലിലേക്ക് എത്തിയ ആദ്യ കാലങ്ങളിൽ ഷോർട്ട് ബോളുകൾക്കെതിരെ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പന്തുകൾ ക്ലീനായി കണക്ട് ചെയ്യാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, എനിക്ക് ഈ തലത്തിൽ ആധിപത്യം ഉറപ്പിക്കണമെങ്കിൽ, എന്റെ കരുത്ത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇത്തരം ബലഹീനതകൾ പരിഹരിക്കണമെന്നും ഞാൻ തിരിച്ചറിഞ്ഞു. ഇതിനായി ഓഫ് സീസണുകളിൽ ഞാൻ കഠിനാധ്വാനം ചെയ്തു."
ഷോർട്ട് ബോളുകളെ പേടിച്ചിരുന്ന തന്നെ ധോണി സ്വാധീനിച്ചത് എങ്ങനെ?
"എല്ലാ ഷോർട്ട് ബോൾ വരുമ്പോഴും അതിനെ സിക്സർ അടിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന് മാഹി ഭായ് എന്നോട് പറഞ്ഞു. ആ പന്തിൽ നിനക്ക് ഒരു ഫോർ അടിക്കാം, അല്ലെങ്കിൽ ഒരു സിംഗിൾ എടുക്കാം. ഈ ഒരു ലളിതമായ കാര്യം ഇന്നിംഗ്‌സ് തുടങ്ങുമ്പോൾ എപ്പോഴും എന്റെ മനസ്സിലുണ്ടാകും. പന്തിനെ അതിന്റെ മെറിറ്റ് അനുസരിച്ച് നേരിടാൻ അത് എന്നെ സഹായിച്ചു."
2022 മുതൽ സിഎസ്‌കെ ഡ്രെസ്സിംഗ് റൂം പങ്കിടുന്ന ഇരുവരും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ധോണിയുടെ കരിയർ അതിന്റെ അവസാന അധ്യായത്തിലേക്ക് അടുക്കുമ്പോൾ, ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി ദുബെ വളർന്നുകൊണ്ടിരിക്കുകയാണ്. ധോണിയുടെ ഈ ചെറിയ ഉപദേശം ദുബെയുടെ ബാറ്റിംഗിലെ ആത്മവിശ്വാസം വർധിപ്പിക്കുകയും താരത്തെ കൂടുതൽ അപകടകാരിയായ ബാറ്ററായി മാറ്റുകയും ചെയ്തു.