നാഗ്പൂരില്‍ സിക്‌സറുകളുടെ പെരുമഴ! അഭിഷേക് ശര്‍മയുടെ ബാറ്റിങ് താണ്ഡവം! അവസാന ഓവറില്‍ കിവീസിനെ പഞ്ഞിക്കിട്ട് റിങ്കു സിംഗ്; മധ്യനിരയില്‍ കരുത്തായി സൂര്യകുമാറും ഹാര്‍ദ്ദിക്കും; സഞ്ജുവും കിഷനും വീണിട്ടും പതറാതെ ഇന്ത്യ; ന്യൂസിലന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യം

Update: 2026-01-21 15:38 GMT

നാഗ്പുര്‍: അഭിഷേക് ശര്‍മ തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട്് അവസാന ഓവറുകളില്‍ റിങ്കു സിങ്ങിലൂടെ കത്തിക്കയറിയതോടെ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ വിജയലക്ഷ്യം. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 238 റണ്‍സെടുത്തു. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25 റണ്‍സെടുത്തു. റിങ്കു സിംഗ് 20 പന്തില്‍ 44 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു. ഓാപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. വെറും 35 പന്തുകള്‍ നേരിട്ട അഭിഷേക് എട്ടു സിക്സും അഞ്ച് ഫോറുമടക്കം 84 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ സഞ്ജു സാംസണെയും (10), മൂന്നാം ഓവറില്‍ ഇഷാന്‍ കിഷനെയും (8) നഷ്ടമായ ഇന്ത്യ രണ്ടിന് 27 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാറുമൊത്ത് അഭിഷേക് 47 പന്തില്‍ നിന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കിവീസ് വിറച്ചു. 11-ാം ഓവറില്‍ സൂര്യയെ പുറത്താക്കി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സമീപകാലത്ത് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന സൂര്യ 22 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് പുറത്തായത്. ഒരു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.

പിന്നാലെ 12-ാം ഓവറില്‍ അഭിഷേകും മടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് താഴ്ന്നു. ഇതിനിടെ ശിവം ദുബെ (9) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 16 പന്തില്‍ നിന്ന് 25 റണ്‍സടിച്ച ഹാര്‍ദിക്കാകട്ടെ ഒരു സിക്സറിനുള്ള ശ്രമത്തില്‍ പുറത്താകുകയും ചെയ്തു. ഒടുവില്‍ അവസാന ഓവറുകളില്‍ റിങ്കു സിങ് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 238-ല്‍ എത്തിച്ചത്. വെറും 20 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്സും നാല് ഫോറുമടക്കം 44 റണ്‍സോടെ പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്.

അവസരം പാഴാക്കി സഞ്ജുവും കിഷനും

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് അഭിഷേകും സഞ്ജുവും ചേര്‍ന്ന് നല്ല തുടക്കമിടുമെന്നായിരുന്നു പ്രതീക്ഷ. ജേക്കബ് ഡഫിക്കെതിരെ സിക്‌സ് അടിച്ചു തുടങ്ങിയ അഭിഷേകിനൊപ്പം രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികളടിച്ച് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും കെയ്ല്‍ ജമൈസന്റെ പന്തില്‍ സഞ്ജുവി രച്ചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ നേിരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. പിന്നാലെ ജേക്കബ് ഡഫിക്കെതിരെയും ബൗണ്ടറി നേടി. എന്നാല്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 5 പന്തില്‍ 8 റണ്‍സെടുത്ത് ഡഫിയുടെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കി മടങ്ങി. ഇരുവരും പുറത്തായശേഷമായിരുന്നു അഭിഷേകിന്റെ ആറാട്ട്.

22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡിട്ടു. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ എട്ടാം ഓവറില്‍ 20 റണ്‍സടിച്ച അഭിഷേക് നാലു ഫോറും അഞ്ച് സിക്‌സും ഇതുവരെ പറത്തിയിട്ടുണ്ട്. 20 പന്തില്‍ 31 റണ്‍സുമായി അഭിഷേകിന് പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു സിക്‌സും നാലു ഫോറും പറത്തി.പതിനൊന്നാം ഓവറില്‍ സാന്റ്‌നറുടെ പന്തില്‍ ടിം റോബിന്‍സണ് ക്യാച്ച് നല്‍കി സൂര്യകുമാര്‍ പുറത്തായി. മൂന്നാം വിക്കറ്റില്‍ സൂര്യ-അഭിഷേക് സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നാലെ ഇഷ് സോധിക്കെിരെ തുടര്‍ച്ചയായി സിക്‌സുകള്‍ നേടിയ അഭിഷേക് സോധിയുടെ ഓവറില്‍ വീണ്ടും സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ വീണു. 35 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും പറത്തി അഭിഷേക് 84 റണ്‍സടിച്ചശേഷമാണ് പുറത്തായത്.

ഹാര്‍ദ്ദിക് തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല.16 പന്തില്‍ 25 റണ്‍സടിച്ച ഹാര്‍ദ്ദിക്കിനെ ഡഫി മടക്കി. പിന്നാലെ ശിവം ദുബെയും(4 പന്തില്‍ 9), അക്‌സര്‍ പട്ടേലും(5 പന്തില്‍ 5) വീണെങ്കിലും അവസാന ഓവറില്‍ ഡാരില്‍ മിച്ചലിനെ തൂക്കിയടിച്ച് 21 റണ്‍സ് നേടിയ റിങ്കു സിംഗ് ഇന്ത്യയെ 238 റണ്‍സിലെത്തിച്ചു.

Tags:    

Similar News