ക്രിക്കറ്റിലും പിടിമുറുക്കുന്ന രാഷ്ട്രീയം! ഐസിസിയുടെ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്; ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലേക്കില്ല; സുരക്ഷ കാരണങ്ങളാല്‍ പിന്‍മാറുന്നുവെന്ന് ബിസിബി; ആരാധകര്‍ നിരാശയില്‍; പകരം സ്‌കോട്ട്ലന്‍ഡ് എത്തും
ധാക്ക: അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി. ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) അഭ്യര്‍ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കഴിഞ്ഞദിവസം നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് നിലപാടെടുത്തത്. കളിക്കാരുമായും സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിസിബി പ്രസിഡന്റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്‍മാറുകയാണെന്നും പ്രഖ്യാപിച്ചത്.
ട്വന്റി 20 ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ കളിക്കാനുള്ള ഞങ്ങളുടെ പദ്ധതിയുമായി ഞങ്ങള്‍ ഐസിസിയെ സമീപിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കുകയാണ് ചെയ്തത് എന്നാല്‍ ഒരു ആഗോള സംഘടനയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. ഐസിസിക്ക് ഇതിലൂടെ നഷ്ടപ്പെടാന്‍ പോകുന്നത് ലോകകപ്പ് കാണുന്ന 20 കോടി ജനങ്ങളെയാണ്. അത് അവരുടെ മാത്രം നഷ്ടമായിരിക്കും. ഐസിസി ശ്രീലങ്കയെ 'കോ-ഹോസ്റ്റ്' (സഹ-ആതിഥേയര്‍) എന്നാണ് വിളിക്കുന്നത്. എന്നാല്‍ അവര്‍ സഹ-ആതിഥേയരല്ല. ഇതൊരു 'ഹൈബ്രിഡ് മോഡല്‍' മാത്രമാണ്. ഐസിസി മീറ്റിംഗില്‍ ഞാന്‍ കേട്ട ചില കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നുവെന്നും അമീനുള്‍ ഇസ്ലാം പറഞ്ഞു.
ശ്രീലങ്കയില്‍ കളിക്കാന്‍ ഐസിസി അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചത് സര്‍ക്കാരാണെന്നും ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവായ ആസിഫ് നസ്‌റുല്‍ വ്യക്തമാക്കി. ബുധനാഴ്ച നടന്ന ഐസിസി ബോര്‍ഡ് യോഗത്തി ബിസിബിയുടെ സുരക്ഷാ ആശങ്കകളെ ഐസിസി തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ബംഗ്ലാദേശ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍, അവരെ ടി20 ലോകകപ്പില്‍ നിന്ന് മാറ്റുമെന്നും പകരം യൂറോപ്യന്‍ യോഗ്യതാ ലീഗില്‍ നിന്ന് സ്‌കോട്ലന്‍ഡിനെ ഉള്‍പ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.യൂറോപ്യന്‍ ക്വാളിഫയറില്‍ നെതര്‍ലന്‍ഡ്സ്, ഇറ്റലി, ജേഴ്സി എന്നീ ടീമുകള്‍ക്ക് പിന്നിലായിപ്പോയതിനാല്‍ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാന്‍ സ്‌കോട്ട്ലന്‍ഡിന് നേരത്തെ സാധിച്ചിരുന്നില്ല.
ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് വ്യാഴാഴ്ച അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയില്‍നിന്ന് ടി20 ലോകകപ്പ് മത്സരങ്ങള്‍ മാറ്റണമെന്ന് ബിസിബി, ഐസിസിയോട് അഭ്യര്‍ഥിച്ചത്. ദേശീയ ടീം കളിക്കാരും യുവ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ബിസിബി തീരുമാനമെടുത്തത്.
ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്ന നിലപാട് തുടര്‍ന്നാല്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്റില്‍ നിന്നുതന്നെ ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഐസിസി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. അന്തിമ തീരുമാനം ഐസിസിയെ അറിയിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് ബിസിബിക്ക്, ഐസിസി അനുവദിച്ചിരിക്കുന്നത്. ബംഗ്ലാദേശ് പിന്മാറിയതോടെ പകരം സ്‌കോട്ട്ലന്‍ഡ് ടി20 ലോകകപ്പ് കളിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യം ഐസിസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ വിട്ടയച്ചതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാന്‍ ഐസിസിയോട് അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയായിരുന്നു. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം.
ഇറ്റലി, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.
