'പ്രധാനമന്ത്രിക്ക് കഴിഞ്ഞാൽ ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തി'; ആളുകള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നു; എന്നിട്ടും ശാന്തനായി മുന്നോട്ട്; ഗംഭീറിനെ പ്രശംസിച്ച് ശശി തരൂര്‍

Update: 2026-01-22 07:36 GMT

നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 മത്സരത്തിനുശേഷം നാഗ്പൂരിൽവെച്ച് ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. ഗംഭീറിന്റെ നിശ്ചയദാർഢ്യത്തേയും നേതൃപാടവത്തേയും തരൂർ അഭിനന്ദിച്ചു.

"നാഗ്പൂരിൽ വെച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെനേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയിൽ മുന്നോട്ട് നീങ്ങുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും" തരൂർ കുറിച്ചു.

അതേസമയം, ആദ്യ ട്വന്റി-20 മത്സരത്തിൽ ന്യൂസിലൻഡിനെ 48 റൺസിന് തകർത്ത് ഇന്ത്യ വിജയമാരംഭം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് കൂറ്റൻ സ്കോറിന് വഴിയൊരുക്കിയത്.

35 പന്തിൽ 84 റൺസെടുത്ത അഭിഷേകായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 22 പന്തിൽ 32 റൺസെടുത്തപ്പോൾ, ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25), റിങ്കു സിംഗ് (20 പന്തിൽ 44 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മലയാളി താരം സഞ്ജു സാംസൺ 10 റൺസെടുത്തു. ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്സ് 40 പന്തിൽ നാല് ഫോറും ആറ് സിക്സും സഹിതം 78 റൺസെടുത്ത് ടോപ് സ്കോററായി. മാർക്ക് ചാപ്മാൻ 24 പന്തിൽ 39 റൺസെടുത്തു. ഇന്ത്യൻ ബൗളർമാരിൽ വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം നേടി.

Tags:    

Similar News