രണ്ട് പന്തുകൾ മാത്രം നേരിട്ട് ഡക്കായി മടങ്ങി ശുഭ്മാന്‍ ഗില്‍; ബാറ്റിങിൽ തിളങ്ങാനാകാതെ രവീന്ദ്ര ജഡേജയും; ഏകദിന പരമ്പരയ്ക്ക് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി ഇന്ത്യൻ താരങ്ങൾ
രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ പഞ്ചാബിനായി അഞ്ചാം നമ്പറിൽ ക്രീസിലിറങ്ങിയ ഗിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോൾ, സൗരാഷ്ട്രയ്ക്കായി ബാറ്റ് വീശിയ രവീന്ദ്ര ജഡേജക്ക് ഏഴ് റൺസ് നേടാനേ സാധിച്ചുള്ളൂ. മത്സരത്തിൽ 33 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി പഞ്ചാബ് സമ്മർദ്ദത്തിലാണ്.
പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സിൽ വെറും രണ്ട് പന്തുകൾ മാത്രം നേരിട്ട ശുഭ്മാൻ ഗിൽ, പാർത്ഥ് ഭട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പൂജ്യത്തിന് പുറത്താവുകയായിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ തിളങ്ങാൻ സാധിക്കാതെ വിമർശനം നേരിടുന്നതിനിടെയാണ് ഗില്ലിന്റെ ഈ മോശം പ്രകടനം. സൗരാഷ്ട്രയുടെ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ രവീന്ദ്ര ജഡേജ ആറ് പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി.
അതേസമയം, സൗരാഷ്ട്രയ്ക്ക് വേണ്ടി പന്തെറിഞ്ഞ ജഡേജ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റിംഗിൽ തിളങ്ങാനാവാത്തതിന്റെ പേരിൽ വിമർശനം നേരിടുന്ന ജഡേജയ്ക്ക് രഞ്ജി ട്രോഫിയിലെ ബാറ്റിംഗ് പ്രകടനവും തിരിച്ചടിയായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 172 റൺസിന് ഓൾ ഔട്ടായപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 139 റൺസിന് എല്ലാവരും പുറത്തായി.
ഇതോടെ സൗരാഷ്ട്രയ്ക്ക് 33 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. സൗരാഷ്ട്രക്കായി പാർത്ഥ് ഭട്ട് 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. പഞ്ചാബിനായി പ്രഭ്‌സിമ്രാൻ സിംഗ് 44 റൺസും അൻമോൽപ്രീത് സിംഗ് 35 റൺസും ഉദയ് ശരൺ 23 റൺസും നേടി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ 38 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ജാസ് ഇന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി.