മഞ്ഞുകണങ്ങളെ സാക്ഷിയാക്കി ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണ്‍ വിവാഹിതനായി; വധു എല്ല മലോണ്‍; വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖരും

Update: 2025-01-05 10:06 GMT

ഓസ്ലോ: ലോക ഒന്നാം നമ്പര്‍ ചെസ്സ് താരം മാഗ്‌നസ് കാള്‍സണും കാമുകി എല്ല വിക്ടോറിയ മലോണും വിവാഹിതരായി. ശനിയാഴ്ച ഓസ്ലോയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഓസ്ലോയിലെ ഹോള്‍മെന്‍കോളന്‍ ചാപ്പലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നതെന്ന് നോര്‍വീജിയന്‍ മാധ്യമമായ എന്‍ആര്‍കെ റിപ്പോര്‍ട്ട് ചെയുന്നു. മഞ്ഞുമൂടി നിന്ന് കുന്നിന്‍ ചെരുവിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാഹം. വിവാഹത്തില്‍ താരത്തിന്റെ സുഹൃത്തുക്കളും കോച്ചും മറ്റ് പ്രമുഖരും പങ്കെടുത്തു. വിവാഹത്തിന് ശേഷം ഓസേ്‌ളായിലെ പ്രശസ്ത ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് വിരുന്നും ആഘോഷവും സംഘടിപ്പിച്ചിരുന്നു.

വിവാഹചടങ്ങില്‍ കാര്‍ല്‍സന്റെ സുഹൃത്തുക്കളായ എഫ്.എം. ജൊഹാനസ് ക്വിസ്ലയും, ചെസ്സ്.കോം ഉപരിസ്ഥിതി കൈകാര്യം ചെയ്യുന്ന അസ്‌കില്‍ഡ് ബ്രയ്‌നും പങ്കെടുത്തു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയായ സ്‌പോര്‍ട്സ് കമന്റേറ്ററും ചെസ്സ് റിപ്പോര്‍ട്ടറുമായ സ്വെരെ ക്രോഗ് സുന്‍ദ്‌ബോ, കാര്‍ല്‍സന്റെ ദീര്‍ഘകാല പരിശീലകനായ ജി.എം. പീറ്റര്‍ ഹെയ്‌നെ നില്‍സന്‍, അദ്ദേഹത്തിന്റെ ഭാര്യ ജി.എം. വിക്ടോറിയ സ്മിലൈറ്റെ-നില്‍സന്‍, ജി.എം. ജോണ്‍ ലുഡ്വിഗ് ഹാമര്‍ തുടങ്ങി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ചെസ് ടൂര്‍ണമെന്റിലാണ് കാള്‍സനും എല്ലയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒരുമിച്ചെത്തിയത്. പിന്നീട് കാള്‍സന്‍ പങ്കെടുത്ത നോര്‍വേ ചെസ്, അടുത്തിടെ അവസാനിച്ച ഫിഡെ ലോക റാപ്പിഡ്, ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ് എന്നീ വേദികളിലും എല്ലയും എത്തിയിരുന്നു.

നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയിലാണ് 25 വയസ്സുകാരിയായ എല്ല വിക്ടോറിയ താമസിക്കുന്നത്. എല്ലയുടെ പിതാവ് യുഎസ് പൗരനും മാതാവ് നോര്‍വേക്കാരിയുമാണ്.

വിവാഹത്തിന് ശേഷം നേരെ മത്സരത്തിലേക്ക് താരം കടക്കുന്നത്. ഈ വരുന്ന 10ന് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍, മാഗ്‌നസ് തന്റെ പുതിയ ടീമായ സെന്റ് പോളിക്ക് വേണ്ടി അരങ്ങേറും. ടീമിന് എതിരാളികളായ ഡുസെല്‍ഡോര്‍ഫിന്റെ നായകനായ ജി.എം. ദൊമ്മരാജു ഗുകേഷുമായുള്ള മത്സരവും ചെസ്സ് ലോകത്ത് പ്രതീക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. ചെസ്സ് ബോര്‍ഡിലെ രാജാവും ജീവിതത്തിന്റെ രാജ്ഞിയും ചേര്‍ന്ന് പുതിയ അധ്യായങ്ങള്‍ തുടങ്ങുകയാണ്.

Tags:    

Similar News