'പെര്‍ത്ത് ടെസ്റ്റ് 2 ദിവസത്തിനുള്ളില്‍ അവസാനിച്ചത് ആഘോഷമാക്കുന്നു'; ഇന്ത്യയിലാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്ന് പറയും, ഇത് ഇരട്ടത്താപ്പ്; വിമർശനവുമായി ആകാശ് ചോപ്ര

Update: 2025-11-23 07:31 GMT

ദില്ലി: പെർത്തിലെ ആഷസ് ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യൻ പിച്ചുകളിൽ സമാനമായ 'ഫലം' ഉണ്ടായാൽ 'ടെസ്റ്റ് ക്രിക്കറ്റിന്റെ മരണം' എന്ന് വിലപിക്കുന്നവർ, പേസ് ബൗളർമാർക്ക് അനുകൂലമായ പെർത്തിലെ പിച്ചിനെ പ്രശംസിക്കുന്നത് 'കപടത' ആണെന്നാണ് ചോപ്രയുടെ വിമർശനം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ആഷസ് ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 19 വിക്കറ്റുകൾ നിലംപൊത്തി.

മിച്ച് സ്റ്റാർക്ക് 7 വിക്കറ്റും, ബെൻ സ്റ്റോക്സ് 5 വിക്കറ്റും വീഴ്ത്തിയതോടെ മത്സരം അതിവേഗം പുരോഗമിച്ചു. എന്നിട്ടും, ഈ പിച്ചിനെക്കുറിച്ച് കാര്യമായ വിമർശനങ്ങളൊന്നും ഉയർന്നിട്ടില്ല. പകരം, ഇത് ത്രില്ലിംഗ് ആയ ടെസ്റ്റ് ക്രിക്കറ്റാണെന്ന് വാഴ്ത്തപ്പെടുകയാണ്. ഇതിനെയാണ് ആകാശ് ചോപ്ര 'എക്സിലൂടെ ശക്തമായി വിമർശിച്ചത്. "ഇന്ത്യൻ പിച്ചിൽ ഇത്തരം 'ഫലം' ഉണ്ടായാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ മരണമായി പ്രഖ്യാപിക്കുമായിരുന്നു," അദ്ദേഹം കുറിച്ചു.

സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചുകൾക്ക് നേരെ ഉയരുന്ന കടുത്ത വിമർശനവും, പേസിനെ തുണയ്ക്കുന്ന പിച്ചുകളോടുള്ള മൃദുവായ സമീപനവുമാണ് ചോപ്രയുടെ വിമർശനത്തിന് ആധാരം. ഇന്ത്യൻ പിച്ചുകളെക്കുറിച്ചുള്ള മുൻകാല വിമർശനങ്ങളെയും ചോപ്ര തന്റെ നിലപാടിന് ചൂണ്ടിക്കാട്ടി. അടുത്തിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റ് മത്സരം മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ചപ്പോൾ, പിച്ചിനെതിരെ വലിയ വിമർശനങ്ങളുണ്ടായിരുന്നു.

എന്നാൽ, പേസർമാർ വിക്കറ്റുകൾ കൊയ്യുന്ന പെർത്തിലെ പിച്ചിന് ലഭിക്കുന്ന പ്രശംസ ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ടര ദിവസം കൊണ്ടാണ് അവസാനിച്ചതെങ്കില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പെര്‍ത്ത് ടെസ്റ്റ് രണ്ട് ദിവസം പോലും തികച്ചെടുത്തില്ല.

ഇംഗ്ലണ്ട് രണ്ട് ഇന്നിംഗ്സിലുമായി 66 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തിക്കും ചോപ്രയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. പേസ് ബൗളർമാർ വിക്കറ്റുകൾ നേടുന്ന പിച്ചുകളോട് ആളുകൾക്ക് കൂടുതൽ ക്ഷമയുണ്ടോ എന്നും, അങ്ങനെയാണെങ്കിൽ അത് എന്തുകൊണ്ടാണ് എന്നും കാർത്തിക് ചോദിച്ചു.

Tags:    

Similar News