എട്ട് ലോകകപ്പ് കിരീടങ്ങൾ; മൂന്ന് ഫോർമാറ്റുകളിലുമായി 7,000 റൺസ്, 275 പുറത്താക്കലുകൾ; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ അലീസ ഹീലി; അവസാന മത്സരം ഇന്ത്യക്കെതിരെ
മെൽബൺ: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. അടുത്ത മാസം ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയാകും 35കാരിയായ ഹീലിയുടെ അവസാന മത്സരങ്ങൾ. എട്ട് ലോകകപ്പ് കിരീട നേട്ടങ്ങളിൽ ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്ന ഹീലി, വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്.
2010-ൽ ഓസ്ട്രേലിയക്കായി അരങ്ങേറിയ ഹീലി, ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിർണായക സാന്നിധ്യമായിരുന്നു. 10 ടെസ്റ്റുകളിലും 123 ഏകദിനങ്ങളിലും 162 ടി20 മത്സരങ്ങളിലും അവർ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. എല്ലാ ഫോർമാറ്റുകളിലുമായി മുന്നൂറിലധികം മത്സരങ്ങൾ കളിച്ച ഈ വലംകൈയൻ ബാറ്റർ 7000-ൽ അധികം റൺസ് നേടുകയും വിക്കറ്റിന് പിന്നിൽ 275 പുറത്താക്കലുകളിൽ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയക്കായി 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ടി20 മത്സരങ്ങളും കളിച്ച താരമാണ് അലിസ്സ ഹീലി. ഏകദിനത്തിൽ 3,563 റൺസും ടി20-യിൽ 3,054 റൺസും ടെസ്റ്റിൽ 489 റൺസും നേടിയിട്ടുണ്ട്. 2010ണ് അരങ്ങേറ്റം. കരിയറിൽ ഭൂരിഭാഗവും മെഗ് ലാനിങ്ങിന്റെ കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു അലിസ്സ. 2023ലാണ് ഓസീസ് ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റത്.
ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഉൾപ്പെടെ നിരവധി റെക്കോർഡുകൾ ഹീലിയുടെ പേരിലുണ്ട്. 2022 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 170 റൺസ് ഈ റെക്കോർഡുകളിൽ പ്രധാനമാണ്. വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ (126), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (148*) എന്നീ റെക്കോർഡുകളും അലീസ ഹീലിക്ക് സ്വന്തമാണ്.
ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് ഹീലി വ്യക്തമാക്കി. മൂന്ന് മാസങ്ങൾക്ക് മുമ്പേ വിരമിക്കാൻ താൻ തയ്യാറായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യയോട് തോറ്റ ശേഷം ഹീലി വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2023-ൽ മെഗ് ലാനിങ്ങിന്റെ പിൻഗാമിയായാണ് അലീസ ഹീലി ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.
