ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാനൊരുങ്ങി രവിചന്ദ്രൻ അശ്വിൻ; ടീം വിടാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ടുകൾ; നീക്കം സഞ്ജുവിന്റെ കൂടുമാറ്റം ചർച്ചയാകുന്നതിന് പിന്നാലെ
ചെന്നൈ: ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഐ.പി.എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാനൊരുങ്ങുന്നതായി സൂചന. ടീമിൽ നിന്നും മാറാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈ മാനേജ്‌മെന്റ് നടത്തിയ നിർണായക യോഗങ്ങൾക്ക് പിന്നാലെയാണ് അശ്വിൻ ടീം വിടുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നത്. എം.എസ്. ധോണി, ഋതുരാജ് ഗെയ്ക്‌വാദും ഫ്രാഞ്ചൈസി വൃത്തങ്ങളും പങ്കെടുത്ത ഈ ചർച്ചകൾ വരും സീസണിലേക്കുള്ള ടീമിന്റെ പുനഃസംഘടനയുടെ മുന്നോടിയാണെന്ന് ശക്തമായി വിലയിരുത്തപ്പെടുന്നു.
ഫ്രാഞ്ചൈസിയുടെ ഭാവി പദ്ധതികളെക്കുറിച്ച് അശ്വിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഐ.പി.എല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 7.29 എന്ന മികച്ച ഇക്കണോമി റേറ്റിൽ 187 വിക്കറ്റുകളും, 118 സ്ട്രൈക്ക് റേറ്റിൽ 833 റൺസും നേടിയ അശ്വിനെപ്പോലൊരു പരിചയസമ്പന്നനായ കളിക്കാരനായി ലേലത്തിൽ മറ്റ് ടീമുകൾ മുന്നോട്ട് വരുമെന്ന കാര്യത്തിൽ സംശയമില്ല. താരത്തെ മറ്റൊരു ടീമിന് കൈമാറ്റം ചെയ്യുമോ അതോ മിനി ലേലത്തിലേക്ക് വിടുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അശ്വിൻ തന്റെ തട്ടകമായ ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. 9.75 കോടി രൂപയ്ക്കാണ് ടീം താരത്തെ കൂടാരത്തിലെത്തിച്ചത്. 2008 മുതൽ 2015 വരെ സി.എസ്.കെ.യുടെ പ്രധാന കൽകിക്കാരിൽ ഒരാളായിരുന്നു അശ്വിൻ. പിന്നീട് ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായും താരം പാഡണിഞ്ഞിരുന്നു. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വാർത്തയും പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.