'ഞാന്‍ മികച്ച പ്രവചനമാണ് നടത്തിയത്; ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് എടുത്തിരുന്നെങ്കില്‍, ഇംഗ്ലണ്ട് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ജയിച്ചേനെ'; സെമിയില്‍ ഇന്ത്യ ജയിച്ചതോടെ ന്യായികരണവുമായി മുഹമ്മദ് ആമിര്‍; അഭിഷേക് ശര്‍മയ്ക്ക് വീണ്ടും രൂക്ഷ വിമര്‍ശനം
ലാഹോര്‍: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ വീഴ്ത്തി ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതോടെ മുന്‍ പാക്ക് താരം മുഹമ്മദ് ആമിറിന് എതിരെ വന്‍ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയും കണ്ടാണ് ആമിര്‍ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചത്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തി. എന്നിട്ടും ആമിര്‍ പ്രവചനം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചു. അതും പാളി. ഇപ്പോഴിതാ പ്രവചനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമിര്‍.
ഇന്ത്യയുടെ വിജയത്തിന് ശേഷവും ആമിര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. താന്‍ നടത്തിയത് മികച്ച പ്രവചനമാണെന്നും എന്നാല്‍ ക്യാച്ചുകള്‍ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു. അവരുടെ കളിയെ അംഗീകരിക്കുന്നു. ഞാന്‍ മികച്ച പ്രവചനമാണ് നടത്തിയത്. പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല. ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ ഇങ്ങനെ സംഭവിക്കും. - ആമിര്‍ പറഞ്ഞു.
രണ്ട് ടീമുകള്‍ക്കിടയിലുള്ള വ്യത്യാസം ബുമ്രയാണ്. ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് എടുത്തിരുന്നെങ്കില്‍, ഇംഗ്ലണ്ട് ഒരു ഓവര്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുമായിരുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്‌ക്കെതിരെയും ആമിര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. അഭിഷേക് ശര്‍മ്മയുടെ സാങ്കേതികമായ പോരായ്മകള്‍ ലോകത്തെ എല്ലാ ടീമുകളും ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ താരം വീണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ആമിറിന്റെ നിരീക്ഷണം. രാജ്യാന്തര ക്രിക്കറ്റില്‍, പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ നിലനില്‍ക്കണമെങ്കില്‍ സാങ്കേതികമായും മാനസികമായും താരം കൂടുതല്‍ കരുത്തനാകേണ്ടതുണ്ടെന്ന് ആമിര്‍ പറഞ്ഞു.
ദ്വിരാഷ്ട്ര പരമ്പരകളും ഐസിസി ടൂര്‍ണമെന്റുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ആമിര്‍ ചൂണ്ടിക്കാട്ടി. ''ദ്വിരാഷ്ട്ര പരമ്പരകളില്‍ ടീമുകള്‍ പരീക്ഷണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അവിടെ താരങ്ങളെ അത്ര ആഴത്തില്‍ വിശകലനം ചെയ്യാറില്ല. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഓരോ ടീമും എതിരാളികളെ കൃത്യമായി പഠിക്കുന്നു. അഭിഷേക് ശര്‍മയുടെ കരുത്തേറിയ വശങ്ങളും ബലഹീനതകളും ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.'' ആമിര്‍ പറഞ്ഞു.
അഭിഷേകിന്റെ ബാറ്റിംഗിലെ പ്രധാന പോരായ്മകളെക്കുറിച്ച് ആമിര്‍ വ്യക്തമാക്കിയത് ഇങ്ങനെ... ''ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അഭിഷേക് പതറുന്നു. ഇംഗ്ലണ്ടിനെതിരെ വില്‍ ജാക്സിനെ നേരിടുന്നതില്‍ താരം പരാജയപ്പെട്ടത് ഇതിന് ഉദാഹരണമാണ്. പേസര്‍മാര്‍ ശരീരത്തിന് നേരെ പന്തെറിയുമ്പോള്‍ അഭിഷേകിന് താളം കണ്ടെത്താന്‍ കഴിയുന്നില്ല. ഈ സാങ്കേതിക പിഴവുകള്‍ പരിഹരിക്കാതെ വലിയ വേദികളില്‍ തിളങ്ങുക പ്രയാസകരമാണ്.'' ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് ആമിര്‍, സെമിയില്‍ ഇംഗ്ലണ്ടിനാണ് സാധ്യത കൂടുതലെന്ന് പറഞ്ഞത്. ഇന്ത്യ ഒന്ന് രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുന്നു. ബാറ്റിങ്ങില്‍ ഭൂരിഭാഗം പേരും ഫോമിലല്ല. ഇപ്പോള്‍ ഒന്ന് രണ്ട് കളിക്കാര്‍ മാത്രമാണ് ടീമിനെ താങ്ങി നിര്‍ത്തുന്നത്. ഒന്ന് രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുമ്പോള്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നും ആമിര്‍ അന്ന് പറഞ്ഞു. എന്നാല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി.
മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് ബ്രൂക്ക് സഞ്ജുവിനെ വിട്ടുകളയുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ ഫോറും സിക്‌സും നേടി സഞ്ജു തകര്‍പ്പന്‍ തുടക്കമിട്ടതിന് പിന്നാലെയാണ് സംഭവം. ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൈവിട്ടു. ആ സമയം താരത്തിന്റെ വ്യക്തിഗത സ്‌കോര്‍ 15-ലെത്തിയിരുന്നതേയുള്ളൂ. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. 42 പന്തില്‍ നിന്ന് 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.
