'ഗില്ലിന് എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല; നെറ്റ്‌സില്‍ കുറെ നേരം ഞാന്‍ പന്തെറിഞ്ഞുകൊടുത്തിട്ടുണ്ട്'; ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ സ്പിന്നില്‍ കുരുക്കാന്‍ സിമ്രാന്‍ജീത് സിങ്; ഇന്ത്യക്കെതിരെ യു.എ.ഇയുടെ വജ്രായുധം; കോവിഡ് കരിയര്‍ മാറ്റിമറിച്ചത് തുറന്നുപറഞ്ഞ് പഞ്ചാബുകാരന്‍
ഗില്ലിനെ വീഴ്ത്താന്‍ സിമ്രാന്‍ജീത് സിങ്
ദുബായ്: ദുബായ് സ്റ്റേഡിയത്തില്‍ ഏഷ്യാകപ്പില്‍ യുഎഇക്കെതിരെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ബാറ്റിംഗ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പഞ്ചാബില്‍ നിന്നുളള മുപ്പത്തിയഞ്ചുകാരന്‍ സ്പിന്നര്‍ സിമ്രാന്‍ജീത് സിങ്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഉള്‍പ്പെട്ട ഇന്ത്യന്‍ സ്പിന്‍നിരയില്‍ ഇരിപ്പിടം കണ്ടെത്താമെന്ന സ്വപ്നം കണ്ട് പന്തെറിഞ്ഞു തുടങ്ങിയ താരമാണ് പഞ്ചാബുകാരനായ സിമ്രാന്‍ജിത്. 2017ലെ പഞ്ചാബ് രഞ്ജി ട്രോഫി ടീമിന്റെ സാധ്യതാ ടീം വരെയെത്തിയ താരം. പഞ്ചാബ് രഞ്ജി ട്രോഫി ടീമിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയ കരിയറിനൊടുവില്‍ കടല്‍ കടന്ന് യു.എ.ഇയുടെ സ്പിന്‍ മാന്ത്രികനായി മാറുകയായിരുന്നു താരം. ബുധനാഴ്ച രാത്രിയില്‍ യു.എ.ഇയും ഇന്ത്യയും മാറ്റുരക്കുമ്പോള്‍ ശുഭ്മാന്‍ ഗില്ലും, സൂര്യകുമാര്‍ യാദവും ഉള്‍പ്പെടുന്ന നീലക്കടുവകള്‍ക്ക് വെല്ലുവിളിയുതിര്‍ക്കുന്നത് ഈ സ്പിന്നറായിരിക്കും.
ദുബായ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെതിരെ പന്തെറിയാനെത്തുമ്പോള്‍ യുഎഇയുടെ മുപ്പത്തിയഞ്ചുകാരന്‍ സ്പിന്നര്‍ സിമ്രാന്‍ജീത് സിങ്ങിന്റെ ഓര്‍മകള്‍ 14 വര്‍ഷം പിന്നോട്ടുപായും. 2011 - 2012 കാലത്ത് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയില്‍ ഒരുമിച്ച് പരിശീലിച്ചവരാണ് ഗില്ലും സിമ്രാന്‍ജീതും. അന്ന് അണ്ടര്‍ 19 തലത്തിലാണ് സിമ്രാന്‍ജീത് കളിച്ചിരുന്നത്. ഗില്ലാവട്ടെ അണ്ടര്‍ 12ഉം. സീനിയര്‍ ടീമിന്റെ പരിശീലന ശേഷമാണ് ജൂനിയര്‍ താരങ്ങള്‍ക്ക് നെറ്റ്‌സില്‍ പരിശീലനത്തിന് അവസരം ലഭിക്കുക. സീനിയര്‍ ടീമിനൊപ്പം പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം നെറ്റ്‌സില്‍ തുടരാറുള്ള സിമ്രാന്‍ജീത് ജൂനിയര്‍ ടീമിനൊപ്പവും പരിശീലിക്കാറുണ്ട്. അങ്ങനെയാണ് ഗില്ലിനെ സിമ്രാന്‍ജീത് പരിചയപ്പെട്ടത്.
'ഗില്ലിന് എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല. അന്ന് ഗില്ലിന് 12 വയസ്സ് മാത്രമേയുള്ളൂ. അച്ഛന്റെ കൂടെയാണ് ഗില്‍ പരിശീലനത്തിന് വന്നുകൊണ്ടിരുന്നത്. നെറ്റ്‌സില്‍ കുറെ നേരം ഞാന്‍ അദ്ദേഹത്തിന് പന്തെറിഞ്ഞുകൊടുത്തിട്ടുണ്ട്' സിമ്രാന്‍ജീത് പറയുന്നു. പഞ്ചാബ് സീനിയര്‍ ടീമില്‍ സജീവമായിരുന്ന സിമ്രാന്‍ജീത് കോവിഡ് കാലത്താണ് യുഎഇയില്‍ എത്തുന്നതും പിന്നാലെ ടീമിന്റെ ഭാഗമാകുന്നതും.
കോവിഡാണ് സിമ്രാന്റെ ക്രിക്കറ്റ് കരിയര്‍ മാറ്റിമറിച്ചത്. ദുബൈയില്‍ 20 ദിവസത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു കോവിഡ് പടര്‍ന്നു പിടിച്ചത്. രണ്ടാം തരംഗം ശക്തമായി വന്നതോടെ സിമ്രാന്‍ ദുബൈയില്‍ കുടുങ്ങി. 20 ദിവസത്തെ ദുബൈ യാത്ര, അനിശ്ചിതമായി നീണ്ടു പോയി.
പതിയെ, ദുബൈയിലെ ജൂനിയര്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കുകയും, പ്രദേശിക ക്ലബുകളില്‍ കളി തുടങ്ങുകയും ചെയ്തു. ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കുന്ന പന്തുകളുമായി ക്ലബുകളില്‍ സജീവമായ സിമ്രാന്റെ പ്രകടനം യു.എ.ഇ ദേശീയ കോച്ച് ലാല്‍ചന്ദ് രജപുതിന്റെ ചെവിയിലുമെത്തി. സ്ഥിരതയാര്‍ന്ന പ്രകടനം ഇഷ്ടപ്പെട്ട കോച്ച് മൂന്നുവര്‍ഷത്തെ യു.എ.ഇ റെസിഡന്‍സി പൂര്‍ത്തിയാക്കിയതോടെ സിമ്രാനെ ദേശീയ ടീമിലേക്കും വിളിക്കുകയായിരുന്നു. 2024ല്‍ എമിറേറ്റ്‌സ് ടീമിന്റെ താരമായി ദോഹയില്‍ സൗദിക്കെതിരെ അരങ്ങേറ്റം കുറിച്ചതാരം ഇന്ന് ടീമിന്റെയും അവിഭാജ്യ ഘടകമായി മാറി.