പാക്കിസ്ഥാന് ഇനിയുള്ളത് ജീവൻ മരണ പോരാട്ടങ്ങൾ; ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ഫൈനൽ ഉണ്ടാകുമോ?; സാധ്യതകൾ നോക്കാം
ദുബായ്: ഏഷ്യാ കപ്പിൽ ഇതിനോടകം രണ്ടു തവണ ഏറ്റുമുട്ടിയ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ വരാൻ സാധ്യത. സെപ്റ്റംബർ 28-ന് നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും വീണ്ടും മത്സരിക്കാനാണ് സാധ്യത തെളിഞ്ഞുവരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോർ ഘട്ടത്തിലുമായി ഇതിനകം രണ്ടു തവണ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കഴിഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനുമാണ് ഇന്ത്യ വിജയം നേടിയത്. സൂപ്പർ ഫോറിൽ നിലവിൽ ഇന്ത്യയും ബംഗ്ലാദേശും രണ്ട് പോയിന്റുകൾ വീതം നേടി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. ഇന്ത്യക്ക് +0.689 നെറ്റ് റൺ റേറ്റ് ഉള്ളപ്പോൾ ബംഗ്ലാദേശിന് +0.121 ആണ്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം തോറ്റ ശ്രീലങ്ക -0.121 നെറ്റ് റൺ റേറ്റുമായി മൂന്നാമതും, ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാൻ -0.689 നെറ്റ് റൺ റേറ്റുമായി നാലാം സ്ഥാനത്തുമാണ്.
സൂപ്പർ ഫോറിൽ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക. പാകിസ്ഥാന് ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ നാളെ ശ്രീലങ്കയെ തോൽപ്പിക്കേണ്ടത് നിർണായകമാണ്. ശ്രീലങ്കയെ തോൽപ്പിക്കുകയും തുടർന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താൽ പാകിസ്ഥാന് ഫൈനലിലെത്താം. അതേസമയം, ശ്രീലങ്കയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശിനെ ഇന്ത്യയും പാകിസ്ഥാനും തോൽപ്പിക്കുകയാണെങ്കിൽ ബംഗ്ലാദേശിന്റെ ഫൈനൽ സാധ്യതകൾ മങ്ങും.
ഇന്നലെ ഇന്ത്യയോട് തോറ്റത് പാകിസ്ഥാന് നാളത്തെ മത്സരം ജീവന്മരണ പോരാട്ടമാക്കി മാറ്റിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ശ്രീലങ്കക്കും പാകിസ്ഥാനെ പരാജയപ്പെടുത്തിയാൽ മാത്രമെ ഫൈനൽ പ്രതീക്ഷ നിലനിർത്താനാവൂ.