ശുഭ്മാന്‍ ഗില്‍ കാത്തിരിക്കണം; ജയ്‌സ്വാള്‍ ബാക്ക് അപ്പ് ഓപ്പണര്‍; പതിമൂന്ന് താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു; രണ്ട് സ്ഥാനത്തിനായി അഞ്ച് താരങ്ങള്‍ പരിഗണനയില്‍; നിര്‍ണായകം ഗംഭീറിന്റെ തീരുമാനം; ഏഷ്യാകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും
ഏഷ്യാകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീം ഘടന സംബന്ധിച്ച് സിലക്ടര്‍മാര്‍ ഏകദേശ ധാരണയില്‍ എത്തിയതായി സൂചന. ആദ്യ ഘട്ടത്തില്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരെ പരിഗണിച്ചിരുന്ന ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ട്വന്റി 20 ടീമിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിലെ ട്വന്റി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ശസ്ത്രക്രിയയ്ക്കു ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തതോടെയാണ് ഗില്ലിന്റെ വഴിയടഞ്ഞത്. ഓപ്പണറായി അഭിഷേക് ശര്‍മ സഞ്ജു സാംസണ്‍ സഖ്യം തുടര്‍ന്നേക്കും. ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാളും ടീമിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറില്‍ സൂര്യകുമാറും എത്തും. ഇതോടെ ടോപ് ഓര്‍ഡറില്‍ ഗില്ലിനെ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരും. ഇതുകൊണ്ടാണ് ടെസ്റ്റ് ടീം ക്യാപ്റ്റനെ ഏഷ്യാ കപ്പ് ടീമില്‍ പരിഗണിക്കേണ്ടെന്ന് സിലക്ടര്‍മാര്‍ തീരുമാനിച്ചതെന്നാണ് വിവരം.
തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ബാറ്റിംഗ് നിരയില്‍ തുടരുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ബൗളര്‍മാരുടെ കാര്യത്തിലും സെലക്ഷന്‍ കമ്മിറ്റി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ ബുമ്രക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് വരുണ്‍ ചക്രവര്‍ത്തി എന്നിവരടക്കം 13 പേര്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
ടീമിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി അഞ്ച് താരങ്ങളാണ് രംഗത്തുള്ളത്. അക്‌സര്‍ പട്ടേലിനൊപ്പം സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറിനെ കൂടി ടീമിലുള്‍പ്പെടുത്തണോ അതോ യുഎഇയിലെ സ്പിന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യരെ ടീമിലുള്‍പ്പെടുത്തണോ എന്നതാണ് സെലക്ടര്‍മാരെ കുഴയ്ക്കുന്ന ആദ്യ ചോദ്യം. അക്‌സറിന് പുറമെ കുല്‍ദീപും വരുണ്‍ ചക്രവര്‍ത്തിയും ടീമിലുള്ളതിനാല്‍ ശ്രേയസിനെ ടീമിലെടുക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. ഐപിഎല്ലിലും ശ്രേയസ് ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടുകയും ബൗളിംഗില്‍ തിളങ്ങുകയും ചെയ്ത താരമാണ്. ഇവരിലൊരാള്‍ ഏഷ്യ കപ്പ് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു തുടരും. ഇതോടെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയ്‌ക്കോ ധ്രുവ് ജുറേലിനോ നറുക്കുവീഴും. രണ്ടു വിക്കറ്റ് കീപ്പര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ റിങ്കുവിനു പകരം ഇവരില്‍ ഒരാള്‍ അഞ്ചാം നമ്പറില്‍ എത്തും. ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍ എന്നീ ഓള്‍റൗണ്ടര്‍മാരില്‍ മൂന്ന് പേര്‍ ആദ്യ ഇലവനില്‍ എത്തും. ഇടംകൈ സ്പിന്നറായ അക്ഷര്‍ ടീമില്‍ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇതോടെ ദുബെ, നിതീഷ് എന്നിവരില്‍ ഒരാള്‍ക്കു മാത്രമായിരിക്കും അവസരം.
സെലക്ടര്‍മാരെ കുഴയ്ക്കുന്ന മറ്റൊരു പ്രധാന തീരുമാനം ഫിനിഷറുടെ കാര്യത്തിലാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയാല്‍ ഫിനിഷറായി ആരെ കളിപ്പിക്കണമെന്നതാണ്. റിങ്കു സിംഗ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരുടെ പേരുകളാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെയുള്ളുത്. ഇതില്‍ റിയാന്‍ പരാഗ് പാര്‍ട്ട് ടൈം സ്പിന്നറാണെന്നതും യുഎഇയിലെ സ്പിന്‍ പിച്ചില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്. എന്നാല്‍ ഐപിഎല്ലില്‍ വലിയ പ്രകടനമൊന്നും പരാഗ് പുറത്തെടുത്തിരുന്നില്ല. ശിവം ദുബെ കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ച താരമാണ്. സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കാന്‍ കഴിയുമെങ്കിലും ദുബെ മീഡിയം പേസറാണ്. മറ്റൊരു സാധ്യത റിങ്കു സിംഗിനാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന റിങ്കു ഇപ്പോള്‍ യുപി ടി20 ലീഗില്‍ കളിക്കുകയാണ്. പാര്‍ട്ട് ടൈം സ്പിന്നറായ റിങ്കു ഇപ്പോള്‍ യുപി ടി20 ലീഗില്‍ സ്ഥിരമായി പന്തെറിയാനും ശ്രദ്ധിക്കുന്നുണ്ട്. ടീമിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളുടെ കാര്യത്തില്‍ ഗംഭീറിന്റെ തീരുമാനമാകും നിര്‍ണായകമാകുക എന്നാണ് കരുതുന്നത്.