ദീപാവലി വെടിക്കെട്ട് മിച്ചല്‍ മാര്‍ഷിന്റെ വക; കൂട്ടുകെട്ടുമായി ജോഷ് ഫിലിപ്പെയും; മഴക്കളിയില്‍ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ; പെര്‍ത്ത് ഏകദിനത്തില്‍ ഏഴ് വിക്കറ്റ് വിജയം; നായകനായി തോല്‍വിയോടെ തുടക്കമിടുന്ന ക്ലബ്ബില്‍ ഇടംപിടിച്ച് ഗില്ലും
പെര്‍ത്ത്: ഇന്ത്യക്കെതിരായ പെര്‍ത്ത് ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നില്‍. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം നാല് ഓവറും അഞ്ചും പന്തും ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു. ഓസീസ് ജയം ഏഴു വിക്കറ്റിന്. മഴ മൂലം 26 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 136 റണ്‍സെടുത്തത്. മഴനിയമപ്രകാരം ഓസ്‌ട്രോലിയയുടെ വിജയലക്ഷ്യം 131 ആക്കുകയായിരുന്നു. ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തോല്‍വി നേരിട്ട നായകന്മാരുടെ ക്ലബ്ബില്‍ ശുഭ്മാന്‍ ഗില്ലും ഇടംപിടിച്ചു.
മഴക്കളിയെ അതിജീവിച്ച് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് (52 പന്തില്‍ 46*) ഓസീസിനെ മുന്നില്‍നിന്നു നയിച്ചത്. മൂന്നു സിക്‌സും രണ്ടു ഫോറുമാണ് മാര്‍ഷിന്റെ ബാറ്റില്‍നിന്നു പിറന്നത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പ് (29 പന്തില്‍ 37), അരങ്ങേറ്റക്കാരന്‍ മാറ്റ് റെന്‍ഷോ (24 പന്തില്‍ 21*) എന്നിവരും തിളങ്ങി. ട്രാവിസ് ഹെഡ് (8), മാത്യു ഷോട്ട് (8) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഓസീസിന്. രണ്ടാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിന്റെ (8) വിക്കറ്റ് ഓസീസിന് നഷ്ടമായി. അര്‍ഷ്ദീപിന്റെ പന്തില്‍ ഹര്‍ഷിത് റാണയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങിയത്. തുടര്‍ന്നെത്തിയ മാത്യൂ ഷോര്‍ട്ടിനും (8) അധികം ആയുസുണ്ടായിരുന്നില്ല. എട്ട് റണ്‍സെടുത്ത താരത്തെ അക്സര്‍, രോഹിത് ശര്‍മയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. പിന്നീട് മാര്‍ഷ് - ഫിലിപ്പെ സഖ്യം 55 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് വിജയത്തില്‍ വഴിത്തിരിവായത്. ഫിലിപ്പെ മടങ്ങിയെങ്കില്‍ മാറ്റ് റെന്‍ഷോയെ (21) കൂട്ടുപിടിച്ച് മാര്‍ഷ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.
അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയിലും ഗില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക്, ശ്രീലങ്കന്‍ മുന്‍ നായകന്‍ തില്ലകരത്നെ ദില്‍ഷന്‍, ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം, സിംബാബ്വെ മുന്‍ നായകന്‍ ഹാമില്‍ട്ടണ്‍ മസകഡ്സ, മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, പാക്കിസ്ഥാന്‍ മുന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍, വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പട്ടികയിലാണ് ശുബ്മാന്‍ ഗില്‍ ഇടംപിടിച്ചത്.
മഴയില്‍ കുതിര്‍ന്ന് ദീപാവലി പടക്കം
പെര്‍ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരേക്കാള്‍ 'കൂടുതല്‍' കളിച്ചത് മഴയാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ആദ്യ ഏകദിനത്തില്‍, ഓസ്‌ട്രേലിയന്‍ ബോളിങ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെയാണ് പെര്‍ത്തില്‍ കണ്ടത്. ഇടയ്ക്കിടെ പെയ്ത മഴ രസംകൊല്ലിയായ മത്സരം, 26 ഓവറായി ചുരുക്കിയെങ്കിലും അത്രയും പോലും പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ പാടുപെട്ടു. ഒടുവില്‍ 26 ഓവറില്‍ 9ന് 136 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, തുടക്കം മുതല്‍ ഓസീസ് ബോളിങ്ങിനു മുന്നില്‍ മുട്ടുവിറച്ചു. 38 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. 19 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ സ്‌കോര്‍ 130 കടത്തിയത്. രോഹിത് ശര്‍മ (8), ശുഭ്മാന്‍ ഗില്‍ (10), വിരാട് കോലി (0), ശ്രേയസ്സ് അയ്യര്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (10), ഹര്‍ഷിത് റാണ (1), അര്‍ഷ്ദീപ് സിങ് (0), മുഹമ്മദ് സിറാജ് (0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഓസീസിനായി ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ ഓവന്‍, മാത്യു കുഹ്നെമാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
തിരിച്ചുവരവില്‍ നിരാശപ്പെടുത്തി രോ-കോ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്റെ എക്സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ (8) സ്ലിപ്പില്‍ മാറ്റ് റെന്‍ഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്.
കോലി കൂടി മടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ നഥാന്‍ എല്ലിസിന്റെ ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ജോഷ് ഫിലിപ്പ് പറന്നുപിടിച്ചു. ഇതോടെ ഇന്ത്യ 25-3ലേക്ക് കൂപ്പുകുത്തി. 18 പന്ത് നേരിട്ട ഗില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് നേടിയത്. പിന്നീട് മഴയപുടെ ഇടവേളക്കുശേഷം ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും പ്രതീക്ഷ നല്‍കി പിടിച്ചു നിന്നെങ്കിലും സ്‌കോര്‍ 45ല്‍ നില്‍ക്കെ ശ്രേയസിനെ ഹേസല്‍വുഡ് മടക്കി.
രക്ഷകരായി രാഹുല്‍-അക്സര്‍ സഖ്യം
ഇതോടെ ഇന്ത്യ 45-4ലേക്ക് വീണെങ്കിലും രാഹുലും അക്സറും രക്ഷകരായി. 16.4 ഓവറില്‍ 52-4 എന്ന സ്‌കോറില്‍ മഴയുടെ ഇടവേളക്ക് ശേഷം ക്രീസിലെത്തിയ ഇന്ത്യക്കായി കെ എല്‍ രാഹുലാണ് തകര്‍ത്തടിച്ചത്. രണ്ട് ഫോറും രണ്ട് സിക്സും രാഹുല്‍ പറത്തി. മികച്ച പിന്തുണ നല്‍കിയ അക്സര്‍ പട്ടേലിനെ ഇരുപതാം ഓവറില്‍ കുനെമാന്‍ മടക്കി. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ (10) കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ 100 കടത്തി. 24-ാം ഓവറില്‍ സ്‌കോര്‍ 115ല്‍ നില്‍ക്കെ സുന്ദറും 25-ാം ഓവറില്‍ രാഹുലും മടങ്ങിയതിനുശേഷം നിതീഷ് കുമാര്‍ റെഡ്ഡിയുടെ (11 പന്തില്‍ 19) രണ്ട് സിക്സുകള്‍ ഇന്ത്യയെ 130 കടത്തി. ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍ എന്നിവര്‍ ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.