ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ; പിന്നാലെ ഓസീസിന് അനായാസ ജയം: ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ദയനീയ തോല്‍വി
ബ്രിസ്‌ബേന്‍: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 100 റണ്‍സില്‍ പുറത്തായിരുന്നു. കുഞ്ഞന്‍ വിജയലക്ഷ്യം 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് വനിതകള്‍ മറികടന്നു.
ബ്രിസ്ബേനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ജെമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍ലീന്‍ ഡിയോള്‍ (19), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (17), റിച്ച ഘോഷ് (14) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മേഗന്‍ ഷട്ടാണ് ഇന്ത്യയെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപണര്‍ ജോര്‍ജിയ വോള്‍ തിളങ്ങി. 42 പന്തില്‍ 46 റണ്‍സുമായി ജോര്‍ജിയ പുറത്താകാതെ നിന്നു. സ്‌കോര്‍ ബോര്‍ഡില്‍ 46 റണ്‍സ് ചേരുമ്പോഴാണ് ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണത്. 29 പന്തില്‍ 35 റണ്‍സെടുത്ത ഓപണര്‍ ഫോബ് ലിച്ഫീല്‍ഡാണ് ആദ്യം മടങ്ങിയത്.
പിന്നാലെ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരറ്റത്ത് ജോര്‍ജിയ പൊരുതി നിന്നതോടെ ഓസീസ് അനായാസം വിജയത്തിലെത്തി. ഇന്ത്യക്കായി രേണുക സിങ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. പ്രിയ മിശ്ര 2 വിക്കറ്റെടുത്തു. ഇതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ 1-0ത്തിന് ഓസ്‌ട്രേലിയ മുന്നിലെത്തി.