'മിറാസിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു'; ആ നാടകീയ റണ്‍ ഔട്ടില്‍ പ്രതികരിച്ചു സല്‍മാന്‍ അലി ആഗ

'മിറാസിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു'; ആ നാടകീയ റണ്‍ ഔട്ടില്‍ പ്രതികരിച്ചു സല്‍മാന്‍ അലി ആഗ

Update: 2026-03-14 12:13 GMT

ധാക്ക: ബംഗ്ലാദേശ് - പാക്കിസ്താന്‍ രണ്ടാം ഏകദിനത്തില്‍ ഉണ്ടായ വിവാദ റണ്ണൗട്ടില്‍ നിലപാട് തുറന്നുപറഞ്ഞ് സല്‍മാന്‍ അലി ആഗ. 'മിറാസിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. നിയമപരമായി മിറാസ് ചെയ്തത് ശരിയായിരിക്കാം, പക്ഷേ ഞങ്ങള്‍ ഒരിക്കലും അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. കായിക മര്യാദ വേണമെന്നതാണ് എന്റെ പക്ഷം.' സല്‍മാന്‍ അലി ആഗ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാക്കിസ്താന്‍ ഇന്നിംഗ്‌സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ ആ റണ്ണൗട്ട് പിറന്നത്. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ പന്ത് പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ പ്രതിരോധിച്ചു. പന്ത് നേരെ പോയത് നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സല്‍മാന്‍ അഗയുടെ നേര്‍ക്ക്. പന്ത് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മിറാസ് സല്‍മാനുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്ന സല്‍മാന്‍ പന്ത് കയ്യിലെടുത്ത് ബൗളര്‍ക്ക് നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, സല്‍മാന്‍ പന്തെടുക്കാന്‍ കുനിഞ്ഞ നിമിഷം തന്നെ മിറാസ് വേഗത്തില്‍ പന്ത് കൈക്കലാക്കി റണ്ണൗട്ടാക്കുകയായിരുന്നു.

ഓണ്‍ - ഫീല്‍ഡ് അമ്പയര്‍ തീരുമാനം നേരെ തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. പന്ത് ഡെഡ് ആയിരുന്നില്ലെന്നും ബാറ്റര്‍ ക്രീസിന് പുറത്തായിരുന്നുവെന്നും വ്യക്തമായതോടെ ഔട്ടും വിധിച്ചു. ഇതോടെ പ്രകോപിതനായ സല്‍മാന്‍ അലി ആഗയും ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ മൈതാനത്ത് വാക്ക് തര്‍ക്കവുമുണ്ടായി. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇരുവര്‍ക്കും ഇടയിലേക്ക് എത്തി. സഹതാരം റിസ്വാന്‍ ഇടപെട്ടാണ് സല്‍മാനെ ശാന്തനാക്കി ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയച്ചത്. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന വഴി തന്റെ ഹെല്‍മെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് സല്‍മാന്‍ തന്റെ അമര്‍ഷം പ്രകടമാക്കുകയും ചെയ്തിരുന്നു.

'ഇവിടെ ആരും ചാരിറ്റി ലീഗ് കളിക്കാന്‍ വന്നതല്ല, ഇതൊരു അന്താരാഷ്ട്ര മത്സരമാണ്. നിയമപരമായി അത് ഔട്ടാണെങ്കില്‍, അവിടെ കായിക മര്യാദ ലംഘിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ച് അത് ഔട്ട് തന്നെയാണ്.' മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലിറ്റണ്‍ ദാസ് വ്യക്തമാക്കി.

Tags:    

Similar News