ഹര്‍മന്‍പ്രീത് കൗറിനും രേണുക സിങിനും വിശ്രമം; സ്മൃതി മന്ധാന ടീമിനെ നയിക്കും; മിന്നു മണി ടീമില്‍; അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു വിശ്രമം അനുവദിച്ചു. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ധാന ടീമിനെ നയിക്കും. മലയാളി താരം മിന്നു മണി ടീമിലെ സ്ഥാനം നിലനിര്‍ത്തി. 15 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് അയര്‍ലന്‍ഡ് വനിതകള്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഈ മാസം 10 മുതലാണ് പരമ്പര തുടങ്ങുന്നത്.
ഹര്‍മന്‍പ്രീതിനൊപ്പം പേസര്‍ രേണുക സിങിനും വിശ്രമം അനുവദിച്ചു. ദീപ്തി ശര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അരങ്ങേറിയ യുവ ഓപ്പണര്‍ പ്രതിക റാവല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി. അരങ്ങേറ്റ മത്സരത്തിലടക്കം താരം മികച്ച ബാറ്റിങ് പുറത്തെടുത്തു. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍ ഷെഫാലി വര്‍മയെ ടീമിലേക്ക് ഇത്തവണയും പരിഗണിച്ചില്ല. ഇന്ത്യക്കായി രണ്ട് ടി20 മാത്രം കളിച്ച രാഘ്വി ബിഷ്ടിനും ഏകദിന ടീമിലേക്ക് വിളിയെത്തി.
ഇന്ത്യന്‍ ടീം: സ്മൃതി മന്ധാന, ദീപ്തി ശര്‍മ, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, ഉമ ഛേത്രി, റിച്ച ഘോഷ്, തേജല്‍ ഹസാബ്നിസ്, രാഘ്വി ബിഷ്ട്, മിന്നു മണി, പ്രിയ മിശ്ര, തനുജ കന്‍വാര്‍, ടിറ്റസ് സാധു, സയ്മ ടാക്കൂര്‍, സയാലി സത്ഘാരെ.