മത്സരം അവസാനിച്ചതിന് ശേഷം വിന്‍ഡീസ് താരങ്ങളെ സന്ദര്‍ശിച്ച് ലാറയും വിവയന്‍ റിച്ചാര്‍ഡ്‌സും; വിന്‍ഡീസ് ക്രിക്കറ്റിനെ കുറിച്ചും മുന്നോട്ടുള്ള വഴിയെക്കുറിച്ചും ചര്‍ച്ച ചെയ്ത് താരങ്ങള്‍
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ നിലനിര്‍ത്താന്‍ മുന്‍ ഇതിഹാസ താരങ്ങള്‍ രംഗത്ത്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഡല്‍ഹി സ്റ്റേഡിയത്തില്‍ എത്തിയ ബ്രയന്‍ ലാറയും സര്‍ വിവിയന്‍ റിച്ചഡ്സും, ടീമിനെയും ബോര്‍ഡിനെയും പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു സന്ദര്‍ശനം. ധനസമാഹരണം ലക്ഷ്യമിട്ടുള്ള ബോര്‍ഡ് പദ്ധതിയുടെ ഭാഗമായി ഇരുവരും മത്സരവേദിയിലെത്തി. മത്സരശേഷം ബ്രയന്‍ ലാറ ടീം ഡ്രസിങ് റൂം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ റോസ്ടന്‍ ചേസ്, കോച്ച് ഡാരന്‍ സമി, ചില താരങ്ങള്‍ എന്നിവരുമായി ദീര്‍ഘമായി ചര്‍ച്ച നടത്തി. ഏകദേശം 20 മിനിറ്റോളം നീണ്ട സംഭാഷണത്തില്‍ ടീമിന്റെ നിലവിലെ പ്രകടനം, ഭാവി പദ്ധതികള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയായിരുന്നു ചര്‍ച്ചയായത്.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ കരകയറ്റാന്‍ മുന്‍ താരങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്തുണയുമായി ലാറയും റിച്ചഡ്സും മുന്നോട്ട് വന്നു. ''ധനം നിര്‍ണായകമാണെങ്കിലും അതിനേക്കാള്‍ പ്രധാനമാണ് കളിക്കാരുടെ മനോഭാവം. ക്രിക്കറ്റ് നിങ്ങളുടെ ഹൃദയത്തില്‍ തന്നെയുണ്ടോ, വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ ആത്മാര്‍ത്ഥ ആഗ്രഹമുണ്ടോ എന്നതാണ് പ്രധാന ചോദ്യം,'' എന്ന് ലാറ കളിക്കാരോട് പറഞ്ഞു.
മുമ്പത്തെ തലമുറയ്ക്ക് മികച്ച സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അവര്‍ക്ക് കളിയോടുള്ള അനുരാഗവും രാജ്യാഭിമാനവുമായിരുന്നു പ്രചോദനമെന്ന് ലാറ ഓര്‍മ്മപ്പെടുത്തി. ''വിവിയന്‍ റിച്ചഡ്സ് മികച്ച പിച്ചുകളില്‍ കളിച്ചിട്ടില്ല, പക്ഷേ ആവേശം അപ്രമിതമായിരുന്നു. വെസ്റ്റിന്‍ഡീസ് ജേഴ്സി അണിയുന്നതാണ് ഓരോരുത്തര്‍ക്കും ഏറ്റവും വലിയ ബഹുമതി,'' ലാറ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിന്റെ പഴയ മഹിമ വീണ്ടെടുക്കാന്‍ താരങ്ങള്‍ക്കും ബോര്‍ഡിനും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ലാറയും റിച്ചഡ്സും വ്യക്തമാക്കി. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന് ബോര്‍ഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.