ക്രിക്കറ്റ് താരങ്ങളാകാന്‍ ഒരുമിച്ച് വണ്ടികയറി; മുംബൈയിലെ ആസാദ് മൈതാനിയില്‍ ഗ്രൗണ്ട്സ്മാന്റെ കൂടാരം പങ്കിട്ടു; യശ്വസിക്ക് വേണ്ടി ചേട്ടന്റെ ത്യാഗം; സെയില്‍സ്മാനായി ജോലി ചെയ്ത് സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച് തേജസ്വി ജയ്സ്വാള്‍
അന്ന് യശസ്വിക്ക് വേണ്ടി ക്രിക്കറ്റ് വിട്ട തേജസ്വി, ഒടുവില്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയണിയുന്നത് സ്വപ്‌നം കണ്ട് മുംബൈയിലെ ആസാദ് മൈതാനിയില്‍ പരിശീലനം നടത്തിയതും തെരുവുകളില്‍ പാനിപൂരി വിറ്റുനടന്നതും ഗ്രൗണ്ട്സ്മാന്റെ കൂടാരത്തില്‍ കഴിച്ചുകൂട്ടിയ കാലവുമൊക്കെ യശ്വസി ജയ്‌സ്വാള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷണലായി മാറിയ യുവ ബാറ്റര്‍ യശസ്വി ജയ്സ്വാളിന്റെ കൗമാരകാലത്തെ അതിജീവന അനുഭവം പുതുതലമുറയ്ക്ക് അത്രത്തോളം പ്രചോദനവുമാണ്. എന്നാല്‍ അനുജന് വേണ്ടി തന്റെ ക്രിക്കറ്റ് മോഹം ഉപേക്ഷിച്ച് മടങ്ങിയ മൂത്ത സഹോദരന്‍ തേജസ്വി ജയ്സ്വാളിനെ അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും.
ക്രിക്കറ്റ് താരം തന്നെയാണ് തേജസ്വിയും, എന്നാല്‍ ഏത് ക്രിക്കറ്റ് താരവും മോഹിക്കുന്ന ഇന്ത്യന്‍ ടീമിന്റെ നീല കുപ്പായം വരെ എത്തിപിടിക്കാന്‍ തേജസ്വിക്ക് ഇതുവരെ കഴിഞ്ഞില്ലെന്ന് മാത്രം. ഇപ്പോഴിതാ തന്റെ 27-ാം വയസില്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ആദ്യ അര്‍ധ സെഞ്ച്വറി നേടിയ തേജസ്വിയെ സ്തുതിക്കുകയാണ് അനിയന്‍ യശ്വസി ജയ്സ്വാള്‍. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വരെ എല്ലാവരും ഉറ്റുനോക്കുന്ന ഒരു ക്രിക്കറ്റ് താരം എന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ മൂത്ത സഹോദരനായ തേജസ്വിയുടെ സമര്‍പ്പണമാണെന്നും അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇവിടെ എത്തില്ലായിരുന്നുവെന്നും യശ്വസി തുറന്നു പറയുന്നു.
ക്രിക്കറ്റ് താരങ്ങളാവാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരുമിച്ച് വണ്ടി കയറിയവരാണ് ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാളും മൂത്ത സഹോദരന്‍ തേജസ്വി ജയ്സ്വാളും. 2012-ല്‍ ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് ജയ്‌സ്വാള്‍ സഹോദരന്മാര്‍ മുംബൈയിലേക്ക് വരുന്നത്. കടുത്ത പട്ടിണിയില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുള്ള ആ ഇറങ്ങിപോക്ക് മറ്റൊരു അര്‍ഥത്തില്‍ മറ്റൊരു ശൂന്യതയിലേക്കാണ് നയിച്ചത്. എന്നാല്‍ ആ സമയത്ത് കുടുംബവും താനും നിലനിന്ന് പോയത് തേജസ്വിയുടെ കഠിനാധ്വാനം കൊണ്ടായിരുന്നുവെന്ന് യശസ്വി പറയുന്നു.
അനിയന്റെ ക്രിക്കറ്റ് സ്വപ്നം നേടിയെടുക്കാന്‍ അങ്ങനെ 17-ാം വയസില്‍ തേജസ്വി ക്രിക്കറ്റ് ഉപേക്ഷിച്ചു. ഡല്‍ഹിയിലെ സൗത്ത് എക്സ്റ്റന്‍ഷനില്‍ അലങ്കാര വിളക്കുകള്‍ വില്‍ക്കുന്ന ഒരു സ്റ്റോറില്‍ സെയില്‍സ്മാനായി ജോലിക്ക് കയറി. ജയ്സ്വാളിന് നിത്യ ചെലവിനുള്ള പണമയച്ചു. കൂടുതെ തന്റെ രണ്ട് മൂത്ത സഹോദരിമാരെയും വിവാഹം കഴിച്ചുവിടുകയും ചെയ്തു.
'എനിക്കും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതായിരുന്നില്ല. യശസ്വി നന്നായി കളിക്കുന്നുണ്ടായിരുന്നു. അതിനാല്‍ 2013 അവസാനത്തോടെ ഞാന്‍ മുംബൈയും ക്രിക്കറ്റും ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മാറി.'തേജസ്വി കഴിഞ്ഞു പോയ കാലത്തെക്കുറിച്ച് പറയുന്നു
''അക്കാലത്ത് മുംബൈയില്‍വെച്ച് ഞാന്‍ ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ഒരു മത്സരം കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ എനിക്ക് പ്രായപരിശോധനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. ഒന്നര വര്‍ഷത്തോളം ഞാന്‍ കളിക്കാതെ ബെഞ്ചിലിരുന്നു. യശസ്വി വളരെ നന്നായി കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ കാരണം അവന്റെ അവസരങ്ങള്‍ നഷ്ടപ്പെടരുതെന്നുണ്ടായിരുന്നു. മാത്രമല്ല മുംബൈയില്‍ ഞങ്ങളെ സംബന്ധിച്ച് ചിലവ് വളരെ കൂടുതലായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ദിവസം രണ്ടു നേരത്തെ ഭക്ഷണം പോലും ബുദ്ധിമുട്ടായിരുന്നു.'' - തേജസ്വി കൂട്ടിച്ചേര്‍ത്തു.
തേജസ്വി പറയുന്നതിങ്ങനെ... ''അത് വിധിയായിരുന്നു. ഞാന്‍ ത്രിപുരയിലേക്ക് മാറാന്‍ തീരുമാനിച്ചു. ഒരു കോളേജില്‍ ചേര്‍ന്നു. പ്രാദേശിക ക്രിക്കറ്റ് കളിച്ചു, റണ്‍സ് നേടി, വിക്കറ്റ് നേടി. ഇപ്പോള്‍ ഞാന്‍ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററാണ്.'' തേജസ്വി പറഞ്ഞു. തേജസ്വി സ്വയം പേരെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, ആളുകള്‍ അദ്ദേഹത്തെ യശസ്വിയുടെ ജ്യേഷ്ഠന്‍ എന്ന് വിളിക്കുന്നതാണ് സന്തോഷം നല്‍കുന്നത്.
തേജസ്വി പറയുന്നതിങ്ങനെ... ''എന്റെ സഹോദരനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അവന്‍ കാരണം ഞാന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുന്നു. ആളുകള്‍ 'അത് യശസ്വിയുടെ ജ്യേഷ്ഠനാണ്' എന്ന് പറയുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്
ഐപിഎല്ലില്‍ യശ്വസി ക്ലിക്കായതോടെ ജയ്സ്വാള്‍ കുടുംബത്തിന്റെ തലവര മാറി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സ്വന്തം സ്വപ്‌നം മാറ്റി വെച്ച സഹോദരനെ ക്രിക്കറ്റിലേക്ക് മടക്കി കൊണ്ട് വരാന്‍ യശ്വസി ശ്രമം തുടങ്ങി.
തന്റെ 27-ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് തേജസ്വി. രഞ്ജി ട്രോഫി നാലാം റൗണ്ടില്‍ ബറോഡയ്ക്കെതിരെ ത്രിപുരയ്ക്കു വേണ്ടിയായിരുന്നു തേജസ്വിയുടെ പ്രകടനം. 82 റണ്‍സ് സ്‌കോര്‍ ചെയ്ത താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
കടുത്ത മത്സരം നടക്കുന്ന മുംബൈ സര്‍ക്യൂട്ടില്‍ നിന്ന് ത്രിപുരയിലേക്ക് തേജസ്വി മാറി. മൂന്ന് വര്‍ഷത്തിന് ശേഷം, തേജസ്വി കഴിഞ്ഞ മാസം മേഘാലയയ്‌ക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2014 മുതല്‍ 2021 വരെ, ഏഴ് വര്‍ഷത്തോളം തേജസ്വി പ്രൊഫഷണല്‍ ക്രിക്കറ്റിലില്ലായിരുന്നു. ബറോഡയ്‌ക്കെതിരെ 82 റണ്‍സ് നേടിയാണ് തേജസ്വി ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവ് ആഘോഷമാക്കിയത്.
ത്രിപുരയ്ക്ക് വേണ്ടി തേജസ്വി തന്റെ കന്നി ഫസ്റ്റ് ക്ലാസ് അര്‍ധ സെനേടിയപ്പോള്‍, യശസ്വിയുടെ സന്ദേശമെത്തി. അതിങ്ങനെയായിരുന്നു. ''നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഞങ്ങള്‍ക്കായി ത്യജിച്ചു. ഇനി നിങ്ങളുടെ സമയമാണ്, ആസ്വദിക്കൂ.'' എന്നായിരുന്നു ആ സന്ദേശം. ബറോഡയ്‌ക്കെതിരെ 82 റണ്‍സ് നേടിയതിന് ശേഷമായിരുന്നു യശസ്വിയുടെ സന്ദേശം.