'ആരാധകര്‍ അടിക്കടി നിലപാടു മാറ്റുന്നവര്‍; ആദ്യ മത്സരം ജയിച്ചാല്‍ ബുമ്ര തുടരട്ടെ; രണ്ടാം ടെസ്റ്റില്‍ രോഹിതിന് കീഴില്‍ തോറ്റാല്‍ വെല്ലുവിളി നിറഞ്ഞ അവസ്ഥ'; ഇന്ത്യന്‍ ക്യാപ്റ്റനില്‍ ചൂടേറിയ ചര്‍ച്ച; ഗാവസ്‌കറിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഹര്‍ഭജനും
ഒരു ക്യാപ്റ്റനെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ച് ഹര്‍ഭജന്‍
കൊല്‍ക്കത്ത: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാവില്ലെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തെച്ചൊല്ലി ചൂടേറിയ ചര്‍ച്ച. രോഹിത് ശര്‍മയ്ക്ക് ആദ്യ ടെസ്റ്റ് കളിക്കാന്‍ അസൗകര്യമാണെങ്കില്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ജസ്പ്രീത് ബുമ്രയെ നായകനാക്കണമെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ നിര്‍ദ്ദേശത്തില്‍ അനുകൂല പ്രതികരണവുമായി മുന്‍ താരം ഹര്‍ഭജന്‍ സിങും രംഗത്തെത്തി.
ഒരു പരമ്പരയ്ക്ക് പൂര്‍ണമായി ഒരു ക്യാപ്റ്റനെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബുമ്രയ്ക്കു കീഴില്‍ ജയിക്കുകയും, രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ തോല്‍ക്കുകയും ചെയ്താലുള്ള അവസ്ഥ വെല്ലുവിളി നിറഞ്ഞതാകുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്ന രോഹിത് ശര്‍മ പെര്‍ത്തില്‍ 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് കളിക്കില്ല. പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നയിക്കാന്‍ രോഹിത് തിരിച്ചെത്തും. രോഹിത്തിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ഭജന്‍ സിംഗും വിയോജിപ്പ് അറിയിച്ചത്.
രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബുമ്രയെ എല്ലാ മത്സരങ്ങളിലും നായകനാക്കണമെന്ന് ഗാവസ്‌കര്‍ നിര്‍ദ്ദേശം വച്ചത്. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് തിരിച്ചെത്തിയാലും നായകസ്ഥാനത്ത് ബുമ്ര തന്നെ തുടരട്ടെ എന്നായിരുന്നു ഗാവസ്‌കറിന്റെ നിലപാട്.
സമൂഹമാധ്യമങ്ങളിലൂടെ ഇടപെടുന്ന ആരാധകര്‍, അടിക്കടി നിലപാടു മാറ്റുന്നവരാണെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ബുമ്രയ്ക്ക് കീഴില്‍ ആദ്യ മത്സരം ജയിച്ചാല്‍ ബുമ്ര തുടരട്ടെ എന്നാകും ചര്‍ച്ചയെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാനിടയുണ്ട്. ബുമ്രയ്ക്കും രോഹിത്തിനും കീഴില്‍ ഇന്ത്യ തോറ്റാല്‍ വിരാട് കോലിയെ നായകസ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്നതാകും ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''ആദ്യത്തെ ടെസ്റ്റ് ജയിച്ചാല്‍, പിന്നെ എല്ലാവരും ബുമ്ര തന്നെ ക്യാപ്റ്റനായി തുടരണമെന്ന നിലപാടുകാരാകും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റാലോ, അവര്‍ക്ക് രോഹിത് എത്രയും വേഗം ടീമിനൊപ്പം ചേരണമെന്നാകും ആവശ്യം. ഇത്തരത്തില്‍ നിലപാടുകളില്‍ അതിവേഗം മാറ്റം വരുത്തുന്നതാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ രീതി.
''സുനില്‍ ഗാവസ്‌കറുടെ നിര്‍ദ്ദേശത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പൊതുജനാഭിപ്രായത്തെ കുറിച്ചാണ്. പരമ്പരയ്ക്കു പൂര്‍ണമായും ഒറ്റ ക്യാപ്റ്റനെന്ന അദ്ദേഹത്തിന്റെ (ഗാവസ്‌കറിന്റെ) നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. അത് നന്നാകുമെന്ന് എനിക്കും തോന്നുന്നു. ഇന്ത്യ തോറ്റാല്‍ അതിനെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല.
''പക്ഷേ, ഇന്ത്യ ആദ്യ മത്സരത്തില്‍ ബുമ്രയ്ക്ക് കീഴില്‍ കളിച്ച് ജയിക്കുകയും, രോഹിത് ശര്‍മ നായകസ്ഥാനത്തു തിരിച്ചെത്തുമ്പോള്‍ തോല്‍ക്കുകയും ചെയ്താല്‍ സീന്‍ മാറുമെന്ന് ഉറപ്പാണ്. ഇനി ടീം രോഹിത്തിനും ബുമ്രയ്ക്കും കീഴില്‍ തോറ്റാലോ, വിരാട് കോലിയെ നായകസ്ഥാനത്തു തിരികെ കൊണ്ടുവരണമെന്നാകും ആവശ്യം' ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കട്ടെ എന്ന ഗാവസ്‌കറിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അത് നല്ല ആശയമാണ്' എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി. ടീമിനെ നയിക്കാന്‍ കഴിവുള്ള വ്യക്തിയെന്ന നിലയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയയില്‍ എത്തുമായിരുന്നു എന്നാണ് ഗാംഗുലി പറഞ്ഞത്. ഗാംഗുലിയുടെ വാക്കുകള്‍... ''ടീമിന് രോഹിത്തിന്റെ നേതൃത്വം ആവശ്യമുള്ള സമയമാണിത്. രോഹിത് ഉടന്‍ പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഞാനറിഞ്ഞു. എത്രയും വേഗം അദ്ദേഹം ഓസ്ട്രേലിയയിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന് മുമ്പ് എത്തുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്, ഇതിന് ശേഷം രോഹിത് മറ്റൊരു പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകില്ല.'' ഗാംഗുലി പറഞ്ഞു.