കേരള ക്രിക്കറ്റ് ലീഗ്; ഫൈനലിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും ഏറ്റുമുട്ടും

Update: 2024-09-18 06:47 GMT

കേരള ക്രിക്കറ്റ് ലീഗ് ആദ്യ സീസൺ ഫൈനലിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് 6.45-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോര്. ആവേശകരമായ സെമിഫൈനലിൽ സെയ്‌ലേഴ്‌സ്, തൃശ്ശൂർ ടൈറ്റൻസിനെ തോൽപ്പിച്ച് സെമിയിലെത്തിയപ്പോൾ, ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി ​ഗ്ലോബ്സ്റ്റേഴ്സ് ഫൈനൽ ടിക്കറ്റ് നേടി.

രണ്ട് മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ ഏരീസ് കൊല്ലം സെയിലേഴ്‌സ് പരാജയപ്പെട്ടിരുന്നത്. 16 പോയിൻ്റുമായി അവർ ഗ്രൂപ്പ് ജേതാക്കളായിരുന്നു. 14 പോയിൻ്റുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് രണ്ടാമതെത്തി. 10 പോയിൻ്റുമായി ട്രിവാൻഡ്രം റോയൽസ് തൊട്ടുപിന്നിൽ എത്തിയപ്പോൾ 8 പോയിൻ്റുമായി തൃശൂർ ടൈറ്റൻസ് നാലാം സ്ഥാനത്തെത്തി.

ആദ്യ സെമി ഫൈനലിൽ 18 റൺസിനാണ് ട്രിവാൻഡ്രം റോയൽസിനെ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ​ഗ്ലോബ്സ്റ്റാഴ്സ്, ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (64), അഖിൽ സ്കറിയ (55) എന്നിവരുടെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രം റോയൽസ് ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞു മത്സരം പരാജയപ്പെടുകയായിരുന്നു.

രണ്ടാം സെമിയിൽ 16 റൺസിനാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് വിജയിച്ചത്. സച്ചിൻ ബേബി (83), അഭിഷേക് നായർ (103) എന്നിവർ ഏരീസിനായി തിളങ്ങി. 210 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന തൃശ്ശൂർ ടൈറ്റൻസ് മികച്ച പോരാട്ടം കാഴ്‌ച്ച വെച്ചെങ്കിലും 194 റൺസ് നേടാനെ കഴിഞ്ഞുള്ളു.

ഈ സീസണിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റോഴ്‌സും പോയിൻ്റ് ടേബിളിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. ഇരുടീമുകളുടെയും കഴിഞ്ഞ മത്സരങ്ങളിലെ ഫോം കണക്കാക്കി ഫേവറിറ്റ് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ഇരുടീമുകളും മികച്ച ഫോമിലാണ് ഫൈനലിലേക്ക് എത്തുന്നത്.

എന്നാലും, ഈ സീസണിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ രണ്ട് മത്സരങ്ങളിലും വിജയിച്ച ഏരീസ് കൊല്ലം സെയിലേഴ്‌സിന് നേരിയ മുൻതൂക്കം ഉണ്ട്. ലീഗിലെ രണ്ട മികച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ മികച്ചൊരു ഫൈനൽ കാണാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Tags:    

Similar News